റഷ്യൻ ഇടപെടൽ: ഹില്ലരി കുറ്റക്കാരിയെന്ന് ബർണി സാൻഡേഴ്സ്
Friday, February 23, 2018 12:49 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബർണി സാൻഡേഴ്സ്. റഷ്യൻ ആക്രമണം തടയുന്നതിന് ഭരണത്തിന്‍റെ ചുക്കാൻ പിടിച്ചിരുന്ന ഹില്ലരി ഒന്നും ചെയ്തില്ലെന്ന് ബർണി ആരോപിച്ചു.

2016 ലെ തെരഞ്ഞെടുപ്പിൽ ബർണിയുടെ പ്രചാരണത്തെ റഷ്യ പിന്തുണച്ചിരുന്നുവെന്ന് റോബർട്ട് മുള്ളറുടെ കുറ്റപത്രം സംബന്ധിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബർണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ചുമതല വഹിച്ചിരുന്ന മാനേജർ വ്യക്തമാക്കി.

ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ റഷ്യയുടെ പങ്ക് എന്തായിരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു റഷ്യയുടെ ഇടപെടൽ എന്നു ബർണി കുറ്റപ്പെടുത്തി. റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തനിക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ബർണി പറഞ്ഞു.

ഹില്ലരിക്കു നേരെയുള്ള ബർണിയുടെ കുറ്റാരോപണം 2020 ൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ളതാണെന്നു രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബർണി സാന്േ‍റഴ്സ് പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

റിപ്പോർട്ട്: പി.പി. ചെറിയാൻ