‘സ്നേഹ’കരുത്തിൽ ഇന്ത്യ
Wednesday, April 30, 2025 12:52 AM IST
കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന വനിത ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരന്പരയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു ജയം. ഇന്ത്യ 15 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.
ഓപ്പണർ താസ്മിൻ ബ്രിട്ട്സിന്റെ (109) സെഞ്ചുറി കരുത്തിൽ ജയപ്രതീക്ഷയുമായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റ് നേടിയ സ്നേഹ റാണയാണു തകർത്തത്. സ്നേഹയാണ് (10-0-43-5) പ്ലെയർ ഓഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ വനിതയാണു സ്നേഹ. താരത്തിന്റെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റിന് 276 റണ്‍സ് നേടി. ഓപ്പണർ പ്രതീക റാവൽ (91 പന്തിൽ 78), ജെമീമ റോഡ്രിഗസ് (32 പന്തിൽ 41), ഹർമൻപ്രീത് കൗർ (48 പന്തിൽ 41*), സ്മൃതി മന്ദാന (54 പന്തിൽ 36), ഹർലിൻ ഡിയോൾ (47 പന്തിൽ 29), റിച്ച ഘോഷ് (14 പന്തിൽ 24) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു മികച്ച സ്കോർ നൽകിയത്.
മറുപടി ബാറ്റിംഗിൽ ലോറ വോൾവാർഡ്-താസ്മിൻ ബ്രിട്ട്സ് സഖ്യം ഗംഭീര തുടക്കമാണു നൽകിയത്. 140 റണ്‍സിലെത്തിയപ്പോൾ വോൾവാർഡിനെ (43) പുറത്താക്കി ദീപ്തി ശർമ ഈ സഖ്യം പൊളിച്ചു.
ഒരുഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 18 പന്തിൽ 25 റണ്‍സ് മതിയായിരുന്നു. എന്നാൽ 48-ാം ഓവറിൽ നദീൻ ഡി ക്ലെർക്ക് (0), ആനെറി ഡെർക്സെൻ (20 പന്തിൽ 30) എന്നിവരെയും പുറത്താക്കിയ സ്നേഹ അവസാന പന്തിൽ 107 പന്തിൽ 13 ഫോറുകളുടെയും മൂന്നു സിക്സുകളുടെയും അകന്പടിയിൽ 109 റണ്‍സ് നേടിയ ബ്രിട്ട്സിനെ സ്വന്തം പന്തിൽ പിടികൂടുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 253 എന്ന നിലയിലേക്കു പതിച്ചു. പിന്നീടെത്തിയവർ പെട്ടെന്നു റണ്ണൗട്ടാകുകയും ചെയ്തു.