‘അതി’വൈഭവ് സൂര്യവംശി!
Wednesday, April 30, 2025 12:52 AM IST
എ.വി. സുനില്‍
തിങ്കളാഴ്ച രാത്രി ജയ്പുരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നുയര്‍ന്ന കുക്കുബോറ പന്തുകളോരോന്നും പുതിയൊരു താരോദയത്തിന്റെ അടയാളങ്ങളായിരുന്നു. അന്ന് 14 വര്‍ഷവും 32 ദിവസവുംമാത്രമുള്ള രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണിംഗ് ബാറ്റര്‍ വൈഭവ് സൂര്യവംശിക്കു പ്രായത്തില്‍ മാത്രമായിരുന്നു ഇളവ്.
മറുവശത്ത് ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വാഷിംഗ്ടണ്‍ സുന്ദറും റാഷിദ് ഖാനും കരിം ജന്നത്തും അടങ്ങുന്ന ഗുജറാത്തിന്റെ ആക്രമണനിരയ്ക്കാകട്ടെ മൊത്തം 694 രാജ്യാന്തര ട്വന്റി മത്സരങ്ങളുടെ കടുപ്പമുണ്ടായിരുന്നു.
കുട്ടിക്കളിയാണെന്നു കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു പിന്നാലെ. കളിയവസാനിക്കുമ്പോള്‍ വെറും 38 പന്തുകള്‍ നേരിട്ട് 11 പടുകൂറ്റന്‍ സിക്സറുകളും ഏഴ് ഫോറുകളും അടക്കം വൈഭവ് അടിച്ചെടുത്തത് 101 റണ്‍സ്.
34 പന്തില്‍ 94 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് രാജ്യാന്തര ട്വന്റി 20യിലെ ഏറ്റവും വലിയ ‘കുത്തിത്തിരിപ്പു’കാരനായ റാഷിദ് ഖാനെതിരേ സിക്സറടിച്ച് സെഞ്ചുറി തികച്ചത്. 17 പന്തില്‍ 50 റണ്‍സിലെത്തിയപ്പോള്‍ ഈ സീസണിലെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടത്തിനൊപ്പം ഐപിഎല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി വൈഭവ് മാറി.
വെറും 35 പന്തില്‍ നൂറുകടന്ന പയ്യനു ഐപിഎല്ലില്‍ അതിനുമുമ്പുണ്ടായിരുന്നത് രണ്ടു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച രാജകീയ വരവിനോടു നീതി പുലര്‍ത്തുകയായിരുന്നു ഈ പ്രതിഭ. ഇന്ന് വൈഭവിന്റെ ദിനമായിരുന്നു എന്നുമാത്രം പറഞ്ഞൊഴിയാൻ എതിര്‍ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ശ്രമിച്ചെങ്കിലും സച്ചിന് തെണ്ടുല്‍ക്കര്‍ മുതലുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളെല്ലാം ഈ ‘കിഡ് ഓഫ് ദ് മാച്ചി’നെ പുകഴ്ത്തുകയാണ്.
12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ ബിഹാറിനുവേണ്ടി ഫസ്റ്റ്ക്ലാസില്‍ അരങ്ങേറ്റം കുറച്ചതോടെയാണ് വൈഭവ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയായി അവതരിക്കുന്നത്. 2024 നവംബറില്‍ മധ്യപ്രദേശിനെതിരേ വിജയ്ഹസാരെ ട്രോഫിയില്‍ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമെന്ന ബഹുമതി വൈഭവ് സ്വന്തമാക്കി. പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്നുള്ള അപ്രതീക്ഷിത വിളി.
ബിഹാറിലെ സമസ്തിപുരിലാണ് വൈഭവ് ജനിച്ചത്. നാലാം വയസില്‍ കളി തുടങ്ങി. കടുത്ത ക്രിക്കറ്റ് പ്രേമിയായ പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകന്. ഒമ്പതാം വയസില്‍ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീടുള്ള വളര്‍ച്ച ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു.
സെഞ്ചുറി നേടി സൂപ്പർതാരപദവിയിൽ എത്തിയതിനു പിന്നാലെ, 2017ല്‍ തന്റെ ആറാം വയസില്‍ അച്ഛന്റെ ഒക്കത്തിരുന്നു പൂന സൂപ്പര്‍ ജയന്റ്സിന്റെ മത്സരം കാണുന്ന വൈഭവിന്റെ ചിത്രം ടീം ഉടമ സഞ്ജീവ് ഗോയങ്ക സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് കളി കാണാന്‍ അച്ഛനൊപ്പം എത്തിയ കുരുന്ന് വൈഭവ് ഇന്ന് ആയിരങ്ങൾക്ക് ആവേശം പകരുന്ന താരമായി മാറിയിരിക്കുന്നു.

വഴിമാറിയ റിക്കാർഡുകൾ ട്വന്റി20യില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരം
തിങ്കളാഴ്ച വൈഭവ് സൂര്യവംശിക്ക് 14 വര്‍ഷവും 32 ദിവസവുമായിരുന്നു പ്രായം. 18 വര്‍ഷവും 118 ദിവസവും പ്രായമുള്ളപ്പോള്‍, 2013 ല്‍ മുംബൈയ്ക്കെതിരേ 109 റണ്‍സ് നേടിയ വിജയ് സോള്‍ ആയിരുന്നു ഇതുവരെ ഈ റിക്കാര്‍ഡിന് ഉടമ.
35 പന്തില്‍ നൂറും കടന്ന്
ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി. പൂന വാരിയേഴ്സിനെതിരേ 2013ല്‍ 30 പന്തില്‍ നൂറു തികച്ച സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ പേരിലാണ് ഇപ്പോഴും അതിവേഗ സെഞ്ചുറി.
ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി
2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 37 പന്തില്‍ നിന്ന് നൂറു തികച്ച യൂസഫ് പത്താന്റെ നേട്ടം മറികടന്ന പ്രകടനം. രാജസ്ഥാന് റോയല്‍സിനുവേണ്ടി ഒരു കളിക്കാരന് നേടിയ അതിവേഗ സെഞ്ചുറി എന്ന റിക്കാര്‍ഡും പത്താനില്നിന്ന് സൂര്യവംശി സ്വന്തമാക്കി.
15.5 ഓവറില്‍ 200 കടന്ന്
210 റണ്‍സ് വെറും 15.5 ഓവറില്‍. ഇതോടെ 200 ലേറെ റണ്‍സ് ഏറ്റവും വേഗത്തില്‍ പിന്തുടര്‍ന്ന ട്വന്റി 20 ടീമായി രാജസ്ഥാന് റോയല്‍സ് മാറി. ഇംഗ്ലീഷ് ക്ലബായ സറേ, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, പാക്കിസ്ഥാന് ടീമുകള്‍ 16 ഓവറില്‍ 200 മറികടന്നിട്ടുണ്ട്.