വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ചെറുപ്പക്കാരനായിരുന്നു അയാൾ. കാഴ്ചയിൽ ആരോഗ്യമുള്ളവനും.
""നിങ്ങളെ കണ്ടിട്ട് നല്ല ആരോഗ്യമുള്ളവനാണെന്നു തോന്നുന്നല്ലോ. പിന്നെ നിങ്ങൾ എന്തിനു ഭിക്ഷ യാചിക്കുന്നു? നിങ്ങൾക്കു ജോലി ചെയ്തു ജീവിച്ചുകൂടേ?'' ബിസിനസുകാരൻ ചോദിച്ചു.
അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു, ""എനിക്ക് ആരോഗ്യമുണ്ട്. ബിരുദവുമുണ്ട്. എന്നാൽ, ഏറെ അന്വേഷിച്ചിട്ടും എനിക്കൊരു ജോലി കിട്ടിയില്ല. എന്തെങ്കിലും ജോലി കിട്ടിയാൽ ഭിക്ഷാടനം ഉപേക്ഷിക്കാൻ ഞാൻ തയാറാണ്.''
""നിങ്ങൾക്കിപ്പോൾ ഒരു ജോലി നൽകാൻ എനിക്കാവില്ല,'' ബിസിനസുകാരൻ പറഞ്ഞു. ""എന്നാൽ, അതിലും മെച്ചമായ ഒരു കാര്യം നിങ്ങൾക്കു ഞാൻ ചെയ്യാം.''
""എന്താണത്?'' ആകാംക്ഷ അടക്കാനാവാതെ ചെറുപ്പക്കാരൻ ചോദിച്ചു.
""ഞാൻ നിങ്ങളെ എന്റെ ബിസിനസ് പങ്കാളിയാക്കാം.'' അദ്ദേഹം പറഞ്ഞു.
താൻ കേട്ടതു വിശ്വസിക്കാൻ അയാൾക്കു സാധിച്ചില്ല. ""അങ്ങ് പറയുന്നതു സാധ്യമാണോ?'' സംശയൂപർവം അയാൾ ചോദിച്ചു.
ഉടനേ അദ്ദേഹം പറഞ്ഞു, ""അതേ, ഞാൻ പറഞ്ഞ കാര്യം സാധ്യമാണ്. എന്റെ ഒരു സ്റ്റോറിന്റെ ചുമതല നിങ്ങളെ ഞാൻ ഏൽപിക്കാം. അതിൽനിന്നു കിട്ടുന്ന ലാഭം മാസാവസാനം നമുക്കു പങ്കുവയ്ക്കാം.''
ഇതു കേട്ടപ്പോൾ സന്തോഷംകൊണ്ട് അയാളുടെ കണ്ണു നിറഞ്ഞു. ""അങ്ങ് ഒരു ദൈവദൂതനായി എന്റെ മുന്പിൽ അവതരിച്ചിരിക്കുകയാണ്. ഞാൻ എങ്ങനെ അങ്ങയോടു നന്ദി പറയും?'' അല്പനിമിഷത്തെ ആലോചനയ്ക്കുശേഷം അയാൾ തുടർന്നു, ""എങ്ങനെയാണ് നാം ലാഭം പങ്കുവയ്ക്കുക? ഞാൻ ലാഭത്തിന്റെ ഇരുപതു ശതമാനവും അങ്ങ് എൺപതു ശതമാനവും എടുക്കുക. അല്ലെങ്കിൽ അങ്ങ് തൊണ്ണൂറു ശതമാനവും എടുക്കുക. അങ്ങ് എന്തു തീരുമാനിച്ചാലും എനിക്ക് അതു സ്വീകാര്യമാണ്.''
അപ്പോൾ പുഞ്ചിരിയോടെ ബിസിനസുകാരൻ പറഞ്ഞു, ""ലാഭത്തിന്റെ പത്ത് ശതമാനം മാത്രം മതി എനിക്ക്. ബാക്കി മുഴുവനും നിങ്ങൾക്ക് എടുക്കാം. അങ്ങനെ നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ച നേടാമല്ലോ.'' ഇതു കേട്ടപ്പോൾ അയാൾ മുട്ടിന്മേൽ വീണു നന്ദി പറഞ്ഞു. അപ്പോൾ സന്തോഷംകൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകിയിരുന്നു.
അടുത്ത ദിവസം മുതൽ അയാൾ ഒരു സ്റ്റോറിന്റെ ചുമതലയേറ്റു. അന്നുമുതൽ അയാൾ തന്റെ കഴിവും സമയവും പരമാവധി സ്റ്റോറിന്റെ വിജയത്തിനായി ചെലവഴിച്ചു. തന്മൂലം, സ്റ്റോറിലെ വില്പന വർധിച്ചു. വരുമാനവും ഏറെ വർധിച്ചു. അയാൾക്കു വലിയ സന്തോഷമായി. കണക്ക് നോക്കിയപ്പോൾ ആദ്യമാസംതന്നെ ലാഭത്തിൽ അസാധാരണമായ വളർച്ച.
പക്ഷേ, പെട്ടെന്ന് അയാളിൽ ചില ചിന്തകൾ കടന്നുകൂടി. രാത്രിയും പകലും അധ്വാനിച്ചതു ഞാനാണല്ലോ. മുതലാളി ഒന്നും ചെയ്തില്ലല്ലോ. അപ്പോൾപിന്നെ ലാഭത്തിന്റെ പത്ത് ശതമാനം മുതലാളിക്കു കൊടുക്കേണ്ട കാര്യമുണ്ടോ? അഞ്ചു ശതമാനംപോലും അധികമല്ലേ? അയാളുടെ ചിന്തകൾ അങ്ങനെ നീണ്ടുപോയി.
മാസാവസാനമായപ്പോൾ മുതലാളി തന്റെ ലാഭവിഹിതം സ്വീകരിക്കാനെത്തി. അപ്പോൾ അയാൾ പറഞ്ഞു, ""കണക്കു മുഴുവൻ പൂർത്തിയായിട്ടില്ല. ചില കസ്റ്റമേഴ്സിന്റെ പണം ഇനിയും കിട്ടാനുണ്ട്.'' പണം തരാതിരിക്കാനുള്ള തന്ത്രമാണിതെന്നു മനസിലാക്കിയ മുതലാളി ചോദിച്ചു, ""എന്തുകൊണ്ടാണ് എനിക്കുള്ള ലാഭവിഹിതം തരുന്നതിനു നിങ്ങൾ മടിക്കുന്നത്? എത്ര മാത്രം ലാഭം നിങ്ങൾക്കു ലഭിച്ചു എന്ന് എനിക്കറിയാം.''
ഉടനെ അയാൾ പറഞ്ഞു, ""രാപകലില്ലാതെ അധ്വാനിച്ചതു ഞാനല്ലേ? അപ്പോൾപിന്നെ ഞാൻ എന്തിനു ലാഭവിഹിതം നൽകണം?''
ഈ ചോദ്യത്തിനു മുതലാളി എന്ത് ഉത്തരമായിരിക്കും പറഞ്ഞിരിക്കുക? അതു വായനക്കാരുടെ ഭാവനയ്ക്കു വിടുന്നു.
മോറൽ സ്റ്റോറീസ് 26 എന്ന ഡോട്ട്കോമിൽ വായിച്ച ഒരു സാരോപദേശ കഥയാണിത്. നമ്മുടെ ജീവിതകഥയും ഈ ചെറുപ്പക്കാരന്റേതു പോലെയല്ലേ? ഒന്നുമില്ലായ്മയിൽനിന്നു ദൈവം നമുക്ക് ഒരുപാട് നൽകി - നമ്മുടെ ജീവൻ, നമുക്കുള്ള കഴിവുകൾ, നമുക്കുള്ള സമയം, നമ്മുടെ നേട്ടങ്ങൾ എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുന്നു.
എന്നാൽ, ഇവയെല്ലാം എവിടെനിന്നു നമുക്ക് ലഭിച്ചുവെന്ന് നാം ഓർമിക്കാറുണ്ടോ? അവയെക്കുറിച്ച് ദൈവത്തോടു നന്ദിയുണ്ടോ? ഉണ്ടെങ്കിൽ, നമ്മുടെ സമയത്തിന്റെ പത്തു ശതമാനം അല്ലെങ്കിൽ അഞ്ചു ശതമാനമെങ്കിലും ദൈവത്തിനായി നാം പ്രത്യേകം മാറ്റിവയ്ക്കേണ്ടതല്ലേ? അതും പ്രാർഥനവഴിയായി.
നിരന്തരം പ്രാർഥിക്കാനാണല്ലോ ദൈവപുത്രനായ യേശു പഠിപ്പിച്ചത് (ലൂക്കാ 18:1-7). ഇതുതന്നെ പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നു (1 തെസലോനിക്ക 5:17). അതായത്, നമ്മുടെ ജീവിതത്തിൽ നിരന്തരം ദൈവസ്മരണ നിലനിർത്തണമെന്നു സാരം. എന്നാൽ, പ്രാർഥനയുടെ കാര്യംവരുന്പോൾ അതിനായി മാറ്റിവയ്ക്കാൻ പലപ്പോഴും നമുക്ക് സമയമില്ലാതെപോകുന്നു എന്നതല്ലേ വാസ്തവം?
ഇനി നമുക്കു ലഭിക്കുന്ന വരുമാനത്തിന്റെ കാര്യം എടുക്കാം. നമ്മുടെ എല്ലാ വരുമാനത്തിന്റെയും ഉറവിടം ദൈവമാണെങ്കിലും അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി നമ്മുടെ വരുമാനത്തിന്റെ പത്തുശതമാനമെങ്കിലും മാറ്റിവയ്ക്കാൻ നമുക്കു സാധിക്കുന്നുണ്ടോ?
നിങ്ങളുടെ സന്പത്ത് വിറ്റ് ദരിദ്രർക്ക് ദാനം ചെയ്യുക (ലൂക്കാ 12:33) എന്ന് യേശുനാഥൻ പറഞ്ഞപ്പോൾ നമ്മുടെ വരുമാനത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ നൽകണമെന്നുതന്നെയല്ലേ അവിടുന്നു വിവക്ഷിച്ചത്? എന്നാൽ, ദൈവികകാര്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമൊക്കെ നമ്മുടെ സമയത്തിന്റെയും വരുമാനത്തിന്റെയുമൊക്കെ പത്തു ശതമാനമെങ്കിലും വിനിയോഗിക്കാൻ സാധിച്ചാൽ നാം എത്രമാത്രം അനുഗൃഹീതരാകുമായിരുന്നു!
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല. അവ ദൈവം നമ്മെ ഏൽപിച്ചിരിക്കുന്നവയാണ് എന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടാവട്ടെ. അപ്പോൾ ദൈവം ആഗ്രഹിക്കുന്നതുപോലെ അവ വിനിയോഗിക്കാൻ നമുക്കു സാധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ