വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയങ്ങൾ, സ്റ്റാന്പുകൾ, മാപ്പുകൾ എന്നിവയുടെ ശേഖരങ്ങളും മ്യൂസിയത്തിലുണ്ട്.
കൊളോണിയൽവാഴ്ച അവശേഷിപ്പിച്ചുപോയ സ്മാരകങ്ങളിൽ കോൽക്കത്തയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഒന്നാണ് വിക്ടോറിയ മെമ്മോറിയൽ.
1901ൽ വിക്ടോറിയ രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സണ് പ്രഭുവാണ് ഒരു സ്മാരകം നിർമിക്കാൻ മുൻകൈയെടുത്തത്. ഒരു വിശാലമായ മ്യൂസിയം എന്ന ആശയമായിരുന്നു കഴ്സണ് പ്രഭു മുന്നോട്ടുവച്ചത്.
അദ്ദേഹത്തിന്റെ വാക്കുകളിൽ വളരെ വിശാലവും സർവോപരി പ്രൗഢവുമായ സ്മാരകം. ബ്രിട്ടീഷ് ഭരണത്തിൽ അന്ന് ദേശീയ തലസ്ഥാനമായിരുന്ന കോൽക്കത്തയിൽ എത്തുന്നവരുടെ കണ്ണുകളെ ചരിത്രത്തിലേക്ക് തുറന്നുനോക്കാൻ പ്രേരിപ്പിക്കുന്ന ഒരു നിർമിതി എന്നായിരുന്നു ലക്ഷ്യം.
കഴ്സണ് പ്രഭുവിന്റെ നിർദേശത്തോട് അന്നത്തെ സർക്കാർ ഉദ്യോഗസ്ഥരും രാജാക്കൻമാരും രാഷ്ട്രീയക്കാരും ജനങ്ങളുമെല്ലാം അനുകൂലിച്ചു. ഒരു കോടി അഞ്ചു ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയത്.
വിക്ടോറിയ മെമ്മോറിയലിന് ഇന്ത്യൻ സംസ്ഥാനങ്ങളും ബ്രിട്ടീഷ് രാജിലെ പ്രമുഖ വ്യക്തികളും ഇംഗ്ളണ്ടിലെ ബ്രിട്ടീഷ് സർക്കാരും ധനസഹായം നൽകി. കഴ്സണ് പ്രഭുവിന്റെ ഫണ്ടിനായുള്ള അഭ്യർഥനയോട് ഇന്ത്യയിലെ നാട്ടുരാജാക്കൻമാരും ജനങ്ങളും ഉദാരമായി പ്രതികരിച്ചു.
കോൽക്കത്തയിൽ ഇന്നത്തെ രാജ്ഭവൻ സ്ഥിതിചെയ്യുന്ന സ്ഥലം അന്ന് ഗവണ്മെന്റ് ഹൗസ് എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനോടുചേർന്നാണ് സ്മാരകം പണിയാൻ തീരുമാനിച്ചത്. 1905ൽ കഴ്സണ് പ്രഭുവിന്റെ ഇന്ത്യയിൽനിന്നുള്ള മടക്കത്തോടെ വിക്ടോറിയ മെമ്മോറിയലിന്റെ നിർമാണത്തിന് കാലതാമസം നേരിട്ടു.
അടിത്തറ ഉൾപ്പെടെ ആദ്യകാല നിർമിതികളുടെ ബലക്ഷയത്തെത്തുടർന്നും നിർമാണം ഏറെ വൈകി. 1906ൽ അന്നത്തെ പ്രിൻസ് ഓഫ് വെയിൽസ് ആണ് വിക്ടോറിയ മെമ്മോറിയലിനു തറക്കല്ലിട്ടത്. മെസേഴ്സ് മാർട്ടിൻ ആൻഡ് കന്പനിക്കായിരുന്നു നിർമാണച്ചുമതല.
പ്രധാന കെട്ടിടത്തിന്റെ നിർമാണം പിന്നീട് തുടങ്ങിവച്ചത് 1910ലായിരുന്നു. 1912ൽ ഇതിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപാണ് ജോർജ് അഞ്ചാമൻ രാജാവ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കോൽക്കത്തയിൽനിന്നു ഡൽഹിയിലേക്ക് മാറ്റി പ്രഖ്യാപിക്കുന്നത്.
1921ലാണ് വിക്ടോറിയ മെമ്മോറിയലിന്റെ നിർമാണം പൂർത്തിയാകുന്നത്. വില്യം എമേഴ്സണ് ആയിരുന്നു ഈ വാസ്തുവിസ്മയത്തിന്റെ മുഖ്യശിൽപി. ഇന്തോ-സാഴ്സനിക് റിവൈവലിസ്റ്റ് ശൈലിയിലാണ് നിർമിതി. വിക്ടോറിയ മെമ്മോറിയലിനോടുചേർന്നുള്ള ഉദ്യാനം രൂപകൽപന ചെയ്തത് റിഡിസ്ഡെയ്ൽ പ്രഭുവും ഡേവിഡ് പ്രെയിനും ചേർന്നാണ്.
ബ്രിട്ടീഷ് വാസ്തുവിദ്യയുടെ തലയെടുപ്പോടുകൂടി നിൽക്കുന്ന വിക്ടോറിയ സ്മാരകത്തിന് ഇന്ന് നൂറ്റിമൂന്ന്് വയസാണ് പ്രായം. 1921 ഡിസംബർ 28ന് അന്നത്തെ വെയ്ൽസ് രാജകുമാരൻ കോൽക്കത്തയിലെത്തിയാണ് ഈ മാർബിൾമന്ദിരം ഉദ്ഘാടനം ചെയ്തത്.
ഏറ്റെടുത്ത കരാറുകാരുടെ പ്രതിനിധിയായി വ്യവസായി രാജേന്ദ്രനാഥ് മുഖർജി സമ്മാനിച്ച രത്നം പതിപ്പിച്ച താക്കോൽകൊണ്ടാണ് രാജകുമാരൻ സ്മൃതിമന്ദിരത്തിന്റെ വാതിൽ തുറന്നത്. താജ്മഹൽ പണിയാനുള്ള വെണ്ണക്കല്ലെടുത്ത മക്രാന ഖനികളിൽനിന്നുള്ള മാർബിളാണ് വിക്ടോറിയ മെമ്മോറിയൽ ഹാൾ പണിയാനും ഉപയോഗിച്ചത്.
കല, വാസ്തു, നീതി, ജീവകാരുണ്യം, മാതൃത്വം, വിവേകം, ജ്ഞാനം എന്നിവയെ പ്രതിനിധാനംചെയ്യുന്ന ശില്പങ്ങൾ ഈ മന്ദിരത്തിന്റെ വിഖ്യാതമായ മകുടത്തിനുചുറ്റും അലങ്കാരമായി നിൽക്കുന്നു. 16 അടി ഉയരവും മൂന്നു ടണ് തൂക്കവുമുള്ള ഓടിൽത്തീർത്ത മാലാഖയാണ് മകുടത്തിൽ നിൽക്കുന്നത്.
52 ഏക്കറിൽ 21 പൂന്തോട്ടങ്ങളാണ് മന്ദിരത്തിനു ചുറ്റുമുള്ളത്. 28,394 കരകൗശവസ്തുക്കളും 3900 പെയിന്റിംഗുകളും ഈ സ്മാരകത്തിലുണ്ട്. തോമസ് ഡാനിയേലിനെപ്പോലുള്ള വിദേശകലാകാരൻമാരുടെയും നന്ദലാൽ ബോസ്, അബനീന്ദ്രനാഥ് ടാഗോർ തുടങ്ങിയ ഇന്ത്യക്കാരുടെ സൃഷ്ടികളും ഗീതാഗോവിന്ദത്തിന്റെ കൈയെഴുത്തുപ്രതിയുമെല്ലാം ഇവിടത്തെ ശേഖരത്തിലുണ്ട്.
കോൽക്കത്ത ജവഹർലാൽ നെഹ്റു റോഡിന് സമീപം (ചൗരംഗി റോഡ്) ഹൂഗ്ലി നദിയുടെ തീരത്തുള്ള മൈതാനത്താണ് സ്മാരകം സ്ഥിതി ചെയ്യുന്നത്.
കല, വാസ്തുവിദ്യ, ഉപവി, നീതി, മാതൃത്വം, പഠനം, വിവേകം എന്നീ മൂല്യങ്ങളെ മൂര്ത്തീവല്ക്കരിച്ചിരിക്കുന്ന സാങ്കൽപ്പിക ശിൽപങ്ങളാണ് ഇവിടത്തെ ശ്രദ്ധേയമായ മറ്റൊരു ആകർഷണം.
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയങ്ങൾ, സ്റ്റാന്പുകൾ, മാപ്പുകൾ എന്നിവയുടെ ശേഖരങ്ങളും മ്യൂസിയത്തിലുണ്ട്.