കൊപ്പേൽ (ടെക്സസ്): കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം.
അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന തിരുനാളുകളിൽ നൂറുകണിക്കിനു വിശ്വാസികൾ പങ്കെടുത്തു അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 6ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയിലും, ശുശ്രൂഷകളിലും ഷിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനായി. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികരായിരുന്നു.
ടെക്സസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർ തിരുനാളുകളിൽ പങ്കെടുക്കുവാനും, അൽഫോൻസാമ്മയോടുള്ള നിയോഗങ്ങൾക്കും നന്ദിസൂചകമായി ദാസൻ ദാസി സമർപ്പണത്തിൽ പങ്കുചേരുവാനും കൊപ്പേലിൽ ഒഴുകിയെത്തി.
തിരുനാളിനോടനുബന്ധിച്ചുള്ള ഇടവകയുടെ പ്രത്യേക നിയോഗമായി ഷംഷാബാദ് രൂപതക്കുവേണ്ടി ഒരു പുതു ദേവാലയം നിർമ്മിച്ചുനൽകുവാനുള്ള സാമ്പത്തികസമാഹരണത്തിനും ഇടവക വിശ്വാസികൾ പങ്കുചേർന്നു. ഇടവകാംഗങ്ങളായിരുന്നു ഈ വർഷത്തെ തിരുനാളിനു പ്രസുദേന്തിയായത്.
രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകി. ആഘോഷങ്ങൾക്കുപരി അൽഫോൻസാമ്മയെ മാതൃകയാക്കുവാനും, ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തി അതിൽ അടിയുറച്ചു ജീവിക്കുവാനും കഴിയണമെന്ന് മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വി. കുർബാനക്ക് ശേഷം പള്ളിചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും, ചെണ്ടമേളവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും, നൊവേനയും, ലദീഞ്ഞും, നേർച്ച വിതരണവും നടന്നു. നൂറുകണക്കിന് ഭക്തർ തിരികളേന്തിയുള്ള പ്രദക്ഷിണത്തിൽ പങ്കുചേർന്നു. സ്നേഹവിരുന്നോടെയാണ് തിരുനാളിനു സമാപനമായത്.
തിങ്കളാഴ്ച വൈകുന്നേരം പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയർപ്പണത്തോടെ തിരുനാളിന്റെ കൊടിയിറങ്ങി. ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.