നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസിക്കും. നാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അനുകരിക്കാൻ അവർക്കു പ്രേരണയാകും. അപ്പോൾ, സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാകും.
1860കളുടെ ആരംഭത്തിൽ അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടക്കുന്ന കാലം. അടിമത്ത വ്യവസ്ഥിതിയെ എതിർത്ത വടക്കൻ സംസ്ഥാനങ്ങളും ആ ദുഷിച്ച സംസ്കാരത്തെ അനുകൂലിച്ച തെക്കൻ സംസ്ഥാനങ്ങളും തമ്മിലായിരുന്നു യുദ്ധം.
അക്കാലത്തു പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് അടിമത്ത വ്യവസ്ഥിതി ഇല്ലാതാക്കും എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നില്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ തെറ്റായ വ്യവസ്ഥിതി വടക്കൻ സംസ്ഥാനങ്ങളിലേക്കു പ്രചരിക്കുന്നതു തടയുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ശ്രദ്ധ.
എന്നാൽ, ലിങ്കണ് തെരഞ്ഞെടുക്കപ്പെട്ടതോടെ അടിമത്ത വ്യവസ്ഥിതിയെ അദ്ദേഹം ഇല്ലായ്മ ചെയ്യുമെന്നു ഭയപ്പെട്ട ഏഴ് തെക്കൻ സംസ്ഥാനങ്ങൾ യൂണിയനിൽനിന്നു പിന്മാറി കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന പുതിയ ഒരു യൂണിയൻ സ്ഥാപിച്ചു.
അതേത്തുടർന്ന്, തെക്കൻ സംസ്ഥാനങ്ങൾ വടക്കൻ സംസ്ഥാനങ്ങളോടു യുദ്ധം ആരംഭിച്ചു. ഈ അവസരത്തിൽ, തെക്കൻ സംസ്ഥാനങ്ങളുമായി ഒരു ഒത്തുതീർപ്പിനു തയാറാകാൻ ലിങ്കനോടു ജനറൽമാരും സഹപ്രവർത്തകരും ഉപദേശിച്ചു. എന്നാൽ, അടിമത്ത സന്പ്രദായം അനുവദിക്കുന്ന ഒരു ഒത്തുതീർപ്പിന് അദ്ദേഹം തയാറായില്ല.
സന്ധിയില്ലാതെ
അടിമവ്യവസ്ഥിതി അധാർമികമാണെന്നു വിശ്വസിച്ച അദ്ദേഹം രാഷ്ട്രീയ പ്രത്യാഘാതം നോക്കാതെ 1863 ജനുവരി ഒന്നിനു സകല അടിമകൾക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈ നടപടി രാജ്യത്തു വിഭാഗീയത വർധിപ്പിക്കുമെന്നും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാജയത്തിനു വഴിതെളിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
അപ്പോൾ, അദ്ദേഹം പറഞ്ഞു: "ഞാൻ വിജയിക്കണമെന്നതല്ല പ്രധാനം. ഞാൻ സത്യത്തോട് വിശ്വസ്തനായിരിക്കണം. വിജയിക്കുക എന്നതല്ല, സത്യത്തിന് അനുസൃതമായി ജീവിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം.’ വിശ്വസിക്കുന്നതു പറയുക. പറയുന്നതുപോലെ പ്രവർത്തിക്കുക. അതായിരുന്നു ലിങ്കന്റെ സുവ്യക്തമായ നലിപാട്.
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി തന്റെ ബോധ്യങ്ങളിൽ വെള്ളം ചേർക്കാനോ ശരിയായ ബോധ്യങ്ങൾ വിസ്മരിച്ചു പ്രവർത്തിക്കാനോ അദ്ദേഹം തയാറായില്ല. തന്മൂലം, അദ്ദേഹത്തിനു രക്തസാക്ഷിയാകേണ്ടി വന്നു എന്നതു വേറെ കാര്യം. അദ്ദേഹത്തിന്റെ നയങ്ങളെ എതിർത്ത ഒരാൾ അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നല്ലോ.
നാം പറയുന്നതുപോലെ ജീവിക്കുകയും ബോധ്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ ആരെങ്കിലും നമ്മെ ഇല്ലായ്മ ചെയ്യാൻ വരുമെന്നു തോന്നുന്നില്ല. എന്നാൽ, നമ്മുടെ പ്രശ്നം പലപ്പോഴും അതല്ല. നാം പറയുന്നത് ഒരു കാര്യം.
എന്നാൽ, ജീവിക്കുന്നതോ മറ്റൊരു രീതിയിൽ. അതായത്, നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാതെ പോകുന്നു. അപ്പോൾപിന്നെ, എന്തു മഹിമയാണ് നമുക്കുള്ളത്? ഒരു മഹിമയുമില്ല എന്നു മാത്രമല്ല, നാം കുറ്റക്കാരായി മാറുകയും ചെയ്യുന്നു.
പറച്ചിലും പ്രവൃത്തിയും
യേശുവിന്റെ കാലത്തു ജീവിച്ചിരുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും പ്രശ്നം ഇതായിരുന്നു. തന്മൂലമാണ്, യേശു പറഞ്ഞത്: "അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്നു, പ്രവർത്തിക്കുന്നില്ല'''' (മത്താ 23:3). പറയുന്നതുപോലെ പ്രവർത്തിക്കാതിരുന്ന അവരെ കാപട്യത്തിന്റെ ആൾരൂപങ്ങളായിട്ടാണ് യേശു കണ്ടത്.
അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ റാൾഫ് എമേഴ്സണ്‍ ഒരിക്കൽ എഴുതി: "നിങ്ങൾ ചെയ്യുന്നതു വലിയ സ്വരത്തിൽ ശബ്ദിക്കുന്നതുകൊണ്ട് നിങ്ങൾ പറയുന്നത് എനിക്കു കേൾക്കാൻ സാധിക്കുന്നില്ല.'' അതായത്, നമ്മുടെ വാക്കുകളേക്കാൾ നമ്മുടെ പ്രവൃത്തികൾക്കാണ് സ്വാധീനമുള്ളതെന്നു സാരം. അതുകൊണ്ടല്ലേ, ഒരു ഒൗണ്‍സ് നാം പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിനു നമ്മുടെ ടണ്‍ കണക്കിനു പ്രസംഗത്തെക്കാൾ ശക്തിയുണ്ടെന്നു മഹാത്മാഗാന്ധി പഠിപ്പിച്ചത്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ സ്നേഹവും സമത്വവും സാഹോദര്യവുമൊക്കെ പ്രസംഗിച്ചു. എന്നാൽ, പലപ്പോഴും അവരുടെ പ്രവർത്തനമോ ഏറെ വ്യത്യസ്തമായിരുന്നു. എന്നു മാത്രമല്ല, പലപ്പോഴും അവ നേരെ വിപരീതവുമായിരുന്നു. അതു കണ്ടപ്പോഴായിരിക്കണം താൻ പറയുന്നതുപോലെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ മഹാത്മജി കൂടുതൽ നിഷ്ഠ വച്ചത്.
"ശ്രേഷ്ഠനായ മനുഷ്യൻ സംസാരത്തിൽ വിനീതനായിരിക്കും. എന്നാൽ, പ്രവൃത്തിയിൽ അവൻ ഉജ്വലനായിരിക്കും'' എന്ന് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് എഴുതിയിരിക്കുന്നത് എത്രയോ ശരി! ഒരാൾ താൻ പറയുന്നതുപോലെ പ്രവർത്തിക്കുന്നുണ്ടോ? എങ്കിൽ ആ വ്യക്തി ഏറെ ആദരിക്കപ്പെടും. ആ വ്യക്തിയുടെ മാതൃക മറ്റുള്ളവരിലും മാറ്റമുണ്ടാക്കും. അതായത്, നമ്മുടെ അഭിപ്രായത്തേക്കാൾ പ്രവൃത്തികൾക്കാണ് മറ്റുള്ളവരിൽ സ്വാധീനമെന്നു സാരം.
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസിക്കും. നാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അനുകരിക്കാൻ അവർക്കു പ്രേരണയാകും. അപ്പോൾ, സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാകും.
മതനേതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ അവർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നല്ല കാര്യങ്ങൾ അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരാണെങ്കിൽ പൊതുസമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുമെന്നു വ്യക്തമല്ലേ?
സ്നേഹത്തെക്കുറിച്ചു പരാമർശിക്കുന്പോൾ ദൈവവചനം പറയുന്നു. "കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്'' (1 യോഹ 3:18). സ്നേഹത്തിന്റെ കാര്യത്തിൽ എന്നതുപോലെ ഏതു നല്ല കാര്യത്തിലും പ്രവൃത്തിയാണു പ്രധാനപ്പെട്ട കാര്യം. ഇക്കാര്യം വിസ്മരിക്കപ്പെടുന്നതുകൊണ്ടല്ലേ നാം പഠിപ്പിക്കുന്ന പല നല്ല കാര്യങ്ങളും ആരും സ്വീകരിക്കാതെ പോകുന്നത്?
നമ്മുടെ വാക്കുകളേക്കാൾ പ്രവൃത്തികൾ സംസാരിക്കട്ടെ. അതു നമുക്കെന്നപോലെ മറ്റുള്ളവർക്കും ഏറെ ഗുണം ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ