എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904). റഷ്യൻ നാടകകൃത്തും ചെറുകഥാകാരനുമായിരുന്ന അദ്ദേഹം എഴുതിയിട്ടുള്ള സുന്ദരമായ ഒരു ചെറുകഥയാണ് "ഭിക്ഷാടകൻ.'
ഈ കഥയിൽ നാം പരിചയപ്പെടുന്ന ഭിക്ഷാടകൻ ലുഷ്കോവ് എന്ന ആളാണ്. ഒരു കാലത്ത് അയാൾ ഒരു സംഗീതട്രൂപ്പിലെ അംഗമായിരുന്ന ഗായകനായിരുന്നു. എന്നാൽ, മദ്യപാനവും മറ്റ് പ്രശ്നങ്ങളും അയാളെ ഒരു ഭിക്ഷാടകനാക്കി മാറ്റി. വഴിയിൽ കാണുന്നവരോട് ഓരോ കള്ളക്കഥകൾ പറഞ്ഞു സഹായം തേടുകയായിരുന്നു അയാളുടെ പതിവ്.
ഒരു ദിവസം ലുഷ്കോവ് സഹായം അഭ്യർഥിച്ചത് സ്കോർട്സോവ് എന്ന അഭിഭാഷകനോടായിരുന്നു. അയാൾ പറഞ്ഞു: "ഞാൻ ഒരു ഗ്രാമീണ സ്കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷം ആ ജോലി എനിക്കു നഷ്ടപ്പെട്ടു. എനിക്കിപ്പോൾ ജീവിക്കാൻ മാർഗമില്ല. എന്നെ സഹായിക്കണം.'
കള്ളം പൊളിയുന്നു
സ്കോർട്സോവ് അയാളെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന്, ആ മുഖം ഓർമയിൽ തെളിഞ്ഞുവന്നു. "താനല്ലേ രണ്ടു ദിവസം മുൻപ് എന്നോട് സഹായം ചോദിച്ചത്?' അദ്ദേഹം ചോദിച്ചു.
"അപ്പോൾ താൻ പറഞ്ഞ കഥ വേറെ ആയിരുന്നല്ലോ. ലുഷ്കോവ് വീണ്ടും കള്ളം പറഞ്ഞു രക്ഷപ്പെടാൻ നോക്കി. എന്നാൽ, അതു വിജയിച്ചില്ല. അതോടെ, അയാൾ താൻ മദ്യപാനിയായ കഥ ഉൾപ്പെടെ എല്ലാം തുറന്നുപറഞ്ഞു. ആ ഭിക്ഷക്കാരനോട് കരുണ തോന്നിയ അഭിഭാഷകൻ അയാൾക്കു ജോലി നൽകാമെന്നു പറഞ്ഞു തന്റെ വീട്ടിലേക്കു കൊണ്ടുപോയി.
വീട്ടിലെത്തിയ അദ്ദേഹം പാചകക്കാരിയായ ഓൾഗയെ വിളിച്ച് വിറകുവെട്ടുന്ന ജോലി അയാളെ ഏൽപിക്കാൻ ചുമതലപ്പെടുത്തി. എന്നാൽ, അപ്പോഴും മദ്യത്തിന്റെ കെട്ട് വിട്ടുമാറിയിട്ടില്ലായിരുന്ന അയാൾക്കു വിറകുവെട്ടുക അത്ര എളുപ്പമല്ലായിരുന്നു. അപ്പോൾ, ഓൾഗ അയാളെ ശാസിക്കുകയും അയാളുടെ ദുഃസ്ഥിതിയോർത്തു വിലപിക്കുകയും ചെയ്തു.
മാറ്റത്തിന്റെ തുടക്കം
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഓൾഗ ചെന്ന് യജമാനനോടു പറഞ്ഞു: "അയാൾ വിറകു വെട്ടിക്കഴിഞ്ഞു.' ഉടനെ, അദ്ദേഹം, ന്യായമായ കൂലി കൊടുത്തുകൊണ്ടു പറഞ്ഞു: "ഇനിയും വല്ലപ്പോഴും വരൂ, ഞാൻ ജോലി തരാം.' ലുഷ്കോവ് ആ ക്ഷണം സ്വീകരിച്ച് അവിടെ പല ജോലികളും ചെയ്തു.
കുറേനാൾ കഴിഞ്ഞപ്പോൾ, അഭിഭാഷകൻ ലുഷ്കോവിന് ഒരു ഓഫീസ് ജോലി തരപ്പെടുത്തിക്കൊടുത്തുകൊണ്ടു പറഞ്ഞു: "എന്റെ ഒരു സുഹൃത്തിന്റെ ഓഫീസിലെ ജോലിയാണ്. നന്നായിട്ടു ജോലി ചെയ്യണം. അതോടൊപ്പം മദ്യപാനം ഉപേക്ഷിക്കണം. പിന്നെ, ഞാൻ പറഞ്ഞ ഇക്കാര്യങ്ങൾ മറക്കുകയും ചെയ്യരുത്.'
ലുഷ്കോവ് അന്നു യാത്ര പറഞ്ഞുപോയി. ജോലി അകലെ ഒരിടത്തായിരുന്നതുകൊണ്ട് അവർ തമ്മിൽ പിന്നീട് കണ്ടത് രണ്ടു വർഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ലുഷ്കോവ് മദ്യപാനമെല്ലാം ഉപേക്ഷിച്ച് നല്ല നിലയിലെത്തിയിരുന്നു.
അതു മനസിലാക്കിയ അഭിഭാഷകൻ ലുഷ്കോവിനോടു പറഞ്ഞു: "നീ എന്റെ വാക്കുകേട്ട് നന്നായതിൽ എനിക്കു സന്തോഷമുണ്ട്.'ഉടനെ ലുഷ്കോവ് പറഞ്ഞു: "അങ്ങയുടെ സഹായത്തിനും നല്ല വാക്കുകൾക്കും എനിക്കു വലിയ നന്ദിയുണ്ട്. എന്നാൽ, അങ്ങയുടെ പാചകക്കാരി ഓൾഗയെ എനിക്കു മറക്കാനായില്ല. അവളാണ് യഥാർഥത്തിൽ എന്നെ രക്ഷിച്ചത്.'
"അതെങ്ങനെ?' അഭിഭാഷകന് ആകാംക്ഷയായി. അയാൾ പറഞ്ഞു: "ഓൾഗ എന്നെയോർത്തു വിലപിക്കുകയും എനിക്കു വിറകുവെട്ടാൻ അറിയാതിരുന്നതുകൊണ്ട് ആ ജോലി എനിക്കു വേണ്ടി ചെയ്യുകയും ചെയ്തു. അവളുടെ സഹാനുഭൂതി നിറഞ്ഞ പെരുമാറ്റമാണ് എന്നിൽ മാറ്റം വരുത്തിയത്.'ഗായകനായിരുന്ന ലുഷ്കോവിനു വിറകുവെട്ടുന്ന ജോലിയും മറ്റു വീട്ടുജോലികളും ചെയ്യാൻ അറിയില്ലായിരുന്നു.
അതും പോരാഞ്ഞിട്ട് മദ്യപാനംമൂലം രണ്ടു കാലിൽ നിൽക്കാൻ പലപ്പോഴും സാധിച്ചിരുന്നുമില്ല. അയാളുടെ ദുഃസ്ഥിതിയോർത്ത് ഓൾഗ അയാളെപ്രതി വിലപിക്കുകയും അയാളുടെ ജോലികൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഓൾഗയുടെ ഈ നന്മ ദർശിച്ചപ്പോൾ അയാളുടെ ഹൃദയം നുറുങ്ങി. അങ്ങനെയാണ്, അയാളിൽ കാതലായ പരിവർത്തനങ്ങൾ വന്നത്.
ലുഷ്കോവിനെപ്പോലെ എത്ര മനുഷ്യരാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്! ഭിക്ഷാടകരും മദ്യപാനികളും മയക്കുമരുന്നിന് അടിമയായവരും ജീവിതപോരാട്ടത്തിൽ തകർന്നടിഞ്ഞവരുമെല്ലാം അവരുടെ കൂടെയുണ്ടാകും. അവരുടെ ജീവിതത്തിലെ അനർഥങ്ങളെല്ലാം അവർത്തന്നെ വരുത്തിവച്ചതാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ചിലപ്പോൾ നമുക്കു സാധിച്ചേക്കും. പക്ഷേ, അതല്ല നാം ചെയ്യേണ്ടത്.
അതിനുപകരം, ഓൾഗയെപ്പോലെ ദൈവത്തിന്റെ കരുണയുടെ ചാനലുകളായി മാറണം.ഓൾഗ ചെയ്തതു വെറും മാനുഷിക പ്രവൃത്തിയായിരുന്നില്ല. അവൾ ദൈവകരുണയുടെ ചാനൽ ആയി മാറുകയായിരുന്നു. അവളുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചത് കരുണാർദ്രമായ സ്നേഹമായിരുന്നു.
ആ കരുണാർദ്രമായ സ്നേഹം പ്രതിഫലിക്കുന്ന വാക്കുകൾ ലുഷ്കോവ് തന്റെ യജമാനനോട് എടുത്തു പറയുന്നത് ഇപ്രകാരം: "നിങ്ങൾ നിർഭാഗ്യവാനായ ഒരു മനുഷ്യൻ! ഈ ലോകത്തിൽ നിങ്ങൾക്കു സന്തോഷമില്ല. വരാനിരിക്കുന്ന ലോകത്തിലാകട്ടെ നിന്റെ വിധി നരകത്തിലുമായിരിക്കും. എന്തു ദുരന്തമാണിത്!'
ലുഷ്കോവ് നരകത്തിൽ പോകുമെന്ന് അവൾ വിധിക്കുകയായിരുന്നില്ല.
മറിച്ച്, അങ്ങനെ സംഭവിക്കുമോ എന്ന് ഭയപ്പെടുകയായിരുന്നു. ആ ചിന്ത അവളുടെ ഹൃദയം തകർത്തു. ഓൾഗയുടെ സഹാനുഭൂതിയുടെ ഈ ആഴം മനസിലാക്കിയപ്പോഴാണ് ലുഷ്കോവിൽ മാറ്റം വരാൻ തുടങ്ങിയത്.ഓൾഗ വിലപിക്കുക മാത്രമല്ല ചെയ്തത്. നിസഹായാവസ്ഥയിൽ സഹായിക്കുകയും ചെയ്തു.
നമ്മുടെ കരുണയും സഹായവും വിവിധ രീതികളിൽ ആവശ്യമുള്ളവർ ഏറെയുണ്ട് നമുക്കു ചുറ്റിലും. അവരോടു കരുണ കാണിക്കുന്നതിൽ നാം വിമുഖരാകരുത്. "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ' (ലൂക്കാ 6:36) എന്നാണ് ദൈവവചനം പറയുന്നത്.
എപ്പോഴും കരുണ കാണിക്കുന്നവനാണ് ദൈവം. ആ കരുണ സ്വീകരിക്കുന്ന നമ്മൾ അതിനെപ്രതി ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. അതോടൊപ്പം ദൈവകരുണയുടെ ചാലുകളായി മാറുകയും വേണം. അപ്പോഴാണ്, ജീവിതം യഥാർഥത്തിൽ ധന്യമായിത്തീരുന്നത്.