പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്.
1296ൽ പണി ആരംഭിച്ച് 1436ൽ പൂർത്തിയാക്കപ്പെട്ട അതിമനോഹരമായ ഒരു പള്ളിയാണ് ഇറ്റലിയിലെ ഫ്ളോറൻസിലുള്ള സാന്തമരിയ കത്തീഡ്രൽ. ഈ കത്തീഡ്രലിന്റെ മുൻഭാഗത്തും മുകൾപ്പരപ്പിലുമായി പന്ത്രണ്ട് കൂറ്റൻ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം പഴയ നിയമത്തിലെ പ്രവാചകന്മാരെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗണത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ദാവീദ് രാജാവിന്റെ ഒരു പ്രതിമയുടെ പണി 1464ൽ ആരംഭിച്ചു.
പത്തൊന്പതടി നീളവും ഇരുപതു ടണ് ഭാരവുമുണ്ടായിരുന്ന അതിഭീമാകാരമായ ഒരു മാർബിൾ ബ്ലോക്ക് ആണ് ഈ പ്രതിമാനിർമാണത്തിനു വിനിയോഗിച്ചത്. അഗസ്തീനോ ഡി സൂച്ചിയോ എന്ന ശില്പിയായിരുന്നു ഈ നിർമാണം ഏറ്റെടുത്തത്. എന്നാൽ, പണി ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അദ്ദേഹം ആ ജോലിയിൽനിന്നു പിന്മാറി.
രഹസ്യത്തിൽ സംഭവിച്ചത്
പത്തു വർഷം കഴിഞ്ഞപ്പോൾ അന്റോണിയോ റോസലീനോ എന്ന ശില്പി ദാവീദ് രാജാവിന്റെ പ്രതിമാനിർമാണം ഏറ്റെടുത്തു. പക്ഷേ, കുറേ കഴിഞ്ഞപ്പോൾ അദ്ദേഹവും ദൗത്യം ഉപേക്ഷിച്ചു. കൊത്തുപണി ചെയ്യാൻ പറ്റിയ മാർബിൾ അല്ല അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
വർഷങ്ങൾ പലതു കഴിഞ്ഞുപോയി. അപ്പോഴും ആ വലിയ മാർബിൾ ബ്ലോക്ക് കത്തീഡ്രൽ വർക്ക്ഷോപ്പിന്റെ മുറ്റത്തുകിടന്നു. എങ്കിലും പ്രതിമാ നിർമാണ പദ്ധതി കത്തീഡ്രൽ കമ്മിറ്റി ഉപേക്ഷിച്ചിരുന്നില്ല.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുതിയ ഒരു ശില്പിക്കായി കമ്മിറ്റി അന്വേഷണം ആരംഭിച്ചു. അക്കാലത്തെ അറിയപ്പെടുന്ന പല ശില്പികളും ആ സംരംഭം ഏറ്റെടുക്കാൻ മടിച്ചു. അവരുടെ അഭിപ്രായത്തിൽ, അസാധ്യമായിരുന്നു ആ കൂറ്റൻ പ്രതിമാനിർമാണം. ഈ സാഹചര്യത്തിലാണ്, ഇരുപത്താറുകാരനായ മൈക്കിളാഞ്ചലോ എന്ന ശില്പിയുടെ വരവ്.
അസാധ്യമെന്നു തോന്നാമെങ്കിലും സാധ്യമായ ഒരു കാര്യമാണ് ആ പ്രതിമാ നിർമാണമെന്ന് അദ്ദേഹം കമ്മിറ്റി അംഗങ്ങളെ ബോധ്യപ്പെടുത്തി. അതേത്തുടർന്ന്, പ്രതിമാനിർമാണം അവർ മൈക്കിളാഞ്ചലോയെ ഏല്പിച്ചു.
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. 1501 സെപ്റ്റംബർ 13നു തുടങ്ങിയ ആ ജോലി 1504 മേയിൽ അദ്ദേഹം പൂർത്തിയാക്കി.
അദ്ദേഹം കൊത്തുപണി ചെയ്തു പൂർത്തിയാക്കിയ ദാവീദ് രാജാവിന്റെ പ്രതിമകണ്ട് ലോകം അദ്ഭുതംകൂറി! അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ കല്ലുളിയും കൊട്ടുവടിയുംകൊണ്ട് രൂപപ്പെടുത്തിയത്.
മൈക്കിളാഞ്ചലോ കൊത്തുപണി ചെയ്തെടുത്ത പ്രതിമയുടെ ഉയരം പതിനേഴടിയാണ്. ഭാരമാകട്ടെ ആറ് ടണ്ണും. പ്രതിമാനിർമാണം പൂർത്തിയായപ്പോൾ, ദാവീദിന്റെ പ്രതിമയ്ക്കു ജീവനുള്ളപോലെ മൈക്കിളാഞ്ചലോയ്ക്കു തോന്നി. അപ്പോൾ അദ്ദേഹം പ്രതിമയോടു പറഞ്ഞു: "സംസാരിക്കൂ'
സംസാരിക്കൂ എന്നു മൈക്കിളാഞ്ചലോ പ്രതിമയോടു പറഞ്ഞു എന്നതു ചരിത്രവസ്തുതയാണോയെന്നു തീർച്ചയില്ല. ജീവൻ തുടിക്കുന്ന പ്രതിമയായതുകൊണ്ട് അതൊരു കെട്ടുകഥയായി രൂപംകൊണ്ടു എന്നു കരുതുന്നതാവും ശരി.
വിദഗ്ധരായ നിരവധി ശില്പികൾ അസാധ്യമെന്നു പറഞ്ഞു പിൻവാങ്ങിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ സാധ്യമാക്കിയത്. എന്നാൽ, എങ്ങനെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്ന് അന്വേഷിക്കുന്നതു നല്ലതാണ്. മറ്റ് ശില്പികൾ ആ മാർബിൾ കണ്ടപ്പോൾ അവരുടെ ശ്രദ്ധ പോയതു ആ മാർബിളിന്റെ ന്യൂനതകളിലേക്കായിരുന്നു. എന്നാൽ, ആ മാർബിളിലെ സാധ്യതകൾ കാണാൻ മൈക്കിളാഞ്ചലോയുടെ അതിരുകളില്ലാത്ത ഭാവനയ്ക്കു സാധിച്ചു. ആ ഭാവനയാണ്, മാർബിളിന്റെ ന്യൂനതകൾ ഉൾക്കൊണ്ട് പണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആത്മവിശ്വാസം
ഈ പ്രതിമാനിർമാണം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം ആത്മവിശ്വാസമാണ്. ദൈവം തന്നിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകൾ താൻ ശരിക്കു വികസിപ്പിച്ചെടുത്തു എന്ന ആത്മവിശ്വാസം. അത് ഒറ്റ ദിവസംകൊണ്ടു സംഭവിച്ചതല്ല, ദീർഘകാലത്തെ പരിശ്രമമാണ് അദ്ദേഹത്തെ വിദഗ്ധ ശില്പിയാക്കി മാറ്റിയത്.
പ്രതിമ നിർമിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ച മറ്റൊരു ഘടകം സ്ഥിരോത്സാഹം ആയിരുന്നു. നിരന്തര പ്രയത്നത്തിന് അദ്ദേഹം തയാറായതുകൊണ്ടല്ലേ മൂന്നു വർഷംകൊണ്ട് കല്ലുളിയും കൊട്ടുവടിയുമുപയോഗിച്ച് അദ്ദേഹം ആ പ്രതിമ രൂപപ്പെടുത്തിയത്. എന്നാൽ, ഇവയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതാണ്.
കൊത്തുപണി വിദഗ്ധനായിരുന്ന മൈക്കളാഞ്ചലോ വലിയ ചിത്രകാരനുമായിരുന്നു എന്ന കാര്യം ഏറെ പ്രസിദ്ധമാണ്. എന്നാൽ, അദ്ദേഹം ഒരു കവിയുമായിരുന്നു എന്നതു പലർക്കും അറിയില്ല. മുന്നൂറിലേറെ ചെറുകവിതകൾ അദ്ദേഹം എഴുതിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ഈ കവിതകളിൽ പലതിലും അദ്ദേഹം തനിക്കു ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ദൈവത്തിനു നന്ദി പറയുന്നതായി കാണാനാവും. അതിന്റെ അർഥം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതല്ലേ?
ജീവിതത്തിൽ നേടിയെടുക്കേണ്ട പല കാര്യങ്ങളും അസാധ്യമായി നമുക്കു തോന്നാം. എന്നാൽ, മൈക്കിളാഞ്ചലോയെപ്പോലെ, അനന്തമായ ഭാവനയും ദൈവം നമുക്കു തന്നിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതുവഴി ഉണ്ടാകുന്ന ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും സർവോപരി ദൈവത്തിലാശ്രയിച്ചു മുന്നോട്ടു പോകാനുള്ള സന്മനസും നമുക്കുണ്ടെങ്കിൽ അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സാധ്യമാക്കാം.
ബ്രിട്ടീഷ് ഗ്രന്ഥകാരനായ സി.എസ്. ലൂവിസ് എഴുതി: "നാം പിന്നിട്ടു പോകുന്നവയേക്കാൾ ഏറെ വലിയ കാര്യങ്ങൾ നേടിയെടുക്കാൻ നമുക്കു മുന്നിലുണ്ട്.' ഈ നേട്ടങ്ങളിൽ പങ്കുകാരാകാൻ നമുക്കു കഴിയണം. എന്നാൽ, അതിന് അതിരുകളില്ലാത്ത ഭാവനയും ഉറച്ച ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും ദൈവാനുഗ്രഹവും അനിവാര്യമാണ്. അതു മറക്കാതിരിക്കാം. അതോടൊപ്പം സങ്കീർത്തകനോടുകൂടി നമുക്കു പ്രാർഥിക്കാം. "ദൈവമേ ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കേണമേ!' (സങ്കീ 90:17).