എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യൂണിവേഴ്സിറ്റിയിൽ നിയമപഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ അദ്ദേഹം നോവൽ രചന ആരംഭിച്ചു. ചൂതുകളിയിലൂടെ ധാരാളം പണവും കളഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആർമിയിൽ ചേർന്നത്.
ക്രിമിയൻ യുദ്ധ (1853-1856) കാലത്ത് ടോൾസ്റ്റോയ് ഒരു ആർട്ടിലറി ഓഫീസറായി സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞ് ആർമി സേവനം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അതോടൊപ്പം, രണ്ടു തവണ യൂറോപ്യൻ പര്യടനവും നടത്തി.
ടോൾസ്റ്റോയ്ക്ക് അന്പതു വയസ് കഴിയുന്പോഴേക്കും അദ്ദേഹം തന്റെ നോവലുകളിലൂടെ ഏറെ പ്രശസ്തനായി മാറിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സംഘർഷപൂരിതമായിരുന്നു. അല്പംപോലും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അങ്ങനെയാണ്, അദ്ദേഹം വലിയ ഒരു ആത്മപരിശോധനയ്ക്കു തയാറായത്.
ആ ആത്മപരിശോധനയിൽ അദ്ദേഹം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ ആധ്യാത്മിക പാപ്പരത്തമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "എ കണ്ഫെഷൻ' എന്ന ചെറിയ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി: "എന്റെ ജീവിതത്തിന്റെ അടിത്തറ ആയിരുന്നത് എന്തോ അതു തകർന്നതായി എനിക്കു തോന്നി. തന്മൂലം, എന്റെ ജീവിതത്തിലെ ഒരു കാര്യത്തിനും അർഥം കൊടുക്കാൻ എനിക്കു സാധിച്ചില്ല.'
ആത്മപരിശോധന
ടോൾസ്റ്റോയ് ആരംഭിച്ച ആത്മപരിശോധന ജീവിതമൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെയാണ്, യേശുവിന്റെ മലയിലെ പ്രസംഗത്തിൽ അദ്ദേഹം വലിയ പ്രലോഭനവും ആശ്വാസവും കണ്ടെത്തിയത്. അതോടൊപ്പം, ജീവിതത്തിലെ കാതലായ മൂല്യങ്ങൾ സ്നേഹവും കരുണയുമൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ ഇതു വ്യക്തമാക്കുന്നുമുണ്ട്.
"ആത്മപരിശോധന ചെയ്യപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്നു പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് എത്രയോ ശരിയാണ്! സോക്രട്ടീസ് തന്റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഏഥൻസിലെ ജൂറി അദ്ദേഹത്തിനു വധശിക്ഷ വിധിച്ച അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഓരോ കാലഘട്ടത്തിലും മുഴങ്ങി കേട്ടിട്ടുണ്ട്. ഇനി ഭാവിയിലും അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.
ടോൾസ്റ്റോയി തന്റെ ജീവിതത്തെ ശരിയായി സ്വയം വിശകലനം ചെയ്തപ്പോഴാണ് തന്റെ പോരായ്മകൾ എന്താണെന്നു മനസിലാക്കിയതും അതിനു പ്രതിവിധിയായി അനുദിനം ആധ്യാത്മിക ഊർജം സന്പാദിക്കാൻ ശ്രമിച്ചതും. അദ്ദേഹം ആ ആധ്യാത്മിക ഊർജം സംഭരിച്ചതാകട്ടെ ആഴമേറിയ മൂല്യങ്ങളിൽ ജീവിതത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ടും.സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു അപൂർവ സംഭവമായിരിക്കാം.
അതുകൊണ്ടല്ലേ ഓരോരോ കാര്യങ്ങൾ വെറുതെ ചെയ്തു മുന്നോട്ടുപോകുന്നത്? എന്നാൽ, അതുവഴിയായി ഏതു തരത്തിലുള്ള മനുഷ്യരായി നാം മാറുന്നു എന്ന് അന്വേഷിക്കാറുണ്ടോ? ആത്മപരിശോധനയുടെ ഈ അഭാവം മൂലമല്ലേ ജീവിതത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമുക്ക് അല്പംപോലും അവബോധമില്ലാതെ പോകുന്നത്? ആത്മപരിശോധന എന്നു പറയുന്പോൾ അതു തെറ്റുകളെയും കുറ്റങ്ങളെയുംകുറിച്ചു മാത്രമുള്ള ഒരു അന്വേഷണമാണെന്നു കരുതരുത്. തീർച്ചയായും അത് എപ്പോഴും അന്വേഷണ പരിധിയിൽ ആദ്യംതന്നെ ഉണ്ടാകണം.
എന്നാൽ, അതോടൊപ്പം നമ്മുടെ അനുഭവങ്ങളെ വിലയിരുത്താനും അവയിൽനിന്നു പാഠം പഠിക്കാനും അങ്ങനെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനും ആത്മപരിശോധന സഹായിക്കണം. ജീവിതം അസാധാരണമായ വേഗത്തിൽ മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ, ഇടയ്ക്കിടെ ജീവിതത്തിന്റെ പോക്കിനെക്കുറിച്ച് ആത്മപരിശോധന ചെയ്യുകയും ജീവിതത്തെ വിലയിരുത്തുകയും വേണം. എങ്കിൽ മാത്രമെ, ജീവിതത്തെ ആധ്യാത്മിക പാപ്പരത്തത്തിൽനിന്നു രക്ഷിക്കാൻ നമുക്കു സാധിക്കൂ.
നാം ചെയ്യേണ്ടത്
ദൈവവചനം പറയുന്നു: "നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്കു തിരിയുകയും ചെയ്യാം'(വിലാപങ്ങൾ 3:40).നമ്മുടെ വഴികൾ പരിശോധിക്കുന്പോൾ കണ്ടെത്തുന്ന കാര്യം നാം പലപ്പോഴും ദൈവത്തിന്റെ വഴികളിൽനിന്ന് അകന്നു പോകുന്നു എന്നുള്ളതായിരിക്കും.
അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു മുകളിൽ കൊടുത്തിരിക്കുന്ന വചനം ഓർമിപ്പിക്കുന്നുണ്ട്. അതായത്, ദൈവം കാണിച്ചുതരുന്ന വഴിയിലേക്കു മടങ്ങണമെന്നു സാരം. രാജാവും പ്രവാചകനുമായിരുന്നു പഴയ നിയമത്തിലെ ദാവീദ്. പലപ്പോഴും ആത്മപരിശോധന ചെയ്യാൻ നിർബന്ധിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.
അതിന്റെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചത്: "ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ' (സങ്കീ139:23-24).
ദാവീദിന്റെ ഈ പ്രാർഥനയിൽ നമുക്കും പങ്കുചേരാം. ദൈവത്തിനു നമ്മുടെ ഹൃദയത്തെ അറിയാം. വിചാരങ്ങൾ ഏതു വഴിക്കു പോകുന്നുവെന്നും അറിയാം. എന്നാൽ, നമുക്കു നമ്മുടെ ഹൃദയത്തെ അറിയാമോ എന്നു സംശയിക്കണം.
അതുപോലെ, ചിന്തകൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചും. അതിനാൽ, അനുദിനം ആത്മപരിശോധനയ്ക്കു നാം തയാറാകണം. അതോടൊപ്പം ശാശ്വതമാർഗത്തിലൂടെ നയിക്കണമെന്നു പ്രാർഥിക്കണം. അപ്പോൾ ഒരിക്കലും ആധ്യാത്മിക പാപ്പരത്തം ഉണ്ടാകില്ല, തീർച്ച.