District News
കരിമണ്ണൂർ: തൊടുപുഴ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിന് തുടർച്ചയായ അഞ്ചാം തവണയും ഓവറോൾ കിരീടം. യുപി ജനറൽ, സംസ്കൃത കലോത്സവങ്ങളിലും സ്കൂൾ ഓവറോൾ കരസ്ഥമാക്കി.
രസികപ്രിയ എസ്. നാഥ്, ആർ. മിനിമോൾ, റോസ്മി മാത്യു എന്നീ അധ്യാപകരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. വിജയികളായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും മാനേജർ ഫാ.ഡോ. ജോസഫ് കൊച്ചുപറന്പിൽ, ഹെഡ് മാസ്റ്റർ ബിജോയ് മാത്യു, സീനിയർ അസിസ്റ്റന്റ് ഷൈജി ജോസ്, പിടിഎ പ്രസിഡന്റ് ജോസൻ ജോണ്‍ തുടങ്ങിയവർ അഭിനന്ദിച്ചു.
District News
രാജാക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രാജാക്കാട് വൈഎംസിഎ ഭാരവാഹികൾ പ്രാർഥനാ ദിനമാചരിക്കുകയും, ഭിന്നശേഷിയുള്ള കുട്ടികളുടെ സ്ഥാപനമായ രാജാക്കാട് ആശാഭവൻ സ്പെഷൽ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് ബാബു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി അസി. വികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ ശിശുദിന സന്ദേശം നൽകി. സെക്രട്ടറി സോഫി സാൻ്റി സ്വാഗതവും,ബാലഭവനിലെ ഷിജി മാത്യു നന്ദിയും പറഞ്ഞു. അധ്യാപിക സിസ്റ്റർ ജിൻസി എസ്എച്ച്, വൈഎംസിഎ ട്രഷറർ പി.ഡി. ദേവസ്യ, മുൻ പ്രസിഡന്റ് ബെന്നി പാലക്കാട്ട്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സിബി കൊച്ചുവള്ളാട്ട്, സണ്ണി പുളിക്കാംതടത്തിൽ, സണ്ണി പെരുമ്പനാനി, സിനോജ് ചെറുതാനി, ടൈറ്റസ് ജേക്കബ്, തോമസ് പാലക്കാട്ട്, സിബി കുന്നുംപുറത്ത്, ലിബിൻ കാഞ്ഞിരത്താംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
District News
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി മോഡൽ സ്കൂളായി പ്രഖ്യാപിച്ചു. സേനാപതി വേണു എംഎൽഎ മോഡൽ സ്കൂൾ പ്രഖ്യാപനവും ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടവും നിർവഹിച്ചു. ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജി. ശങ്കർകുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. മിനിലാറാണി സ്വാഗതവും,ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വിപിൻ സി.അഗസ്റ്റ്യൻ, വാർഡംഗം ജോഷി കന്യാകുഴി, ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ടി.വി. സോമൻ, എസ്എംസി ചെയർമാൻ ഷിജോ തങ്കച്ചൻ, എംപിടിഎ പ്രസിഡന്റ് സൗമ്യ ഡാർവിൻ, ജില്ലാ പ്രോഗ്രാം ഓഫിസർ എം.എം. അബ്ദുൾ സലാം, പിടിഎ വൈസ് പ്രസിഡന്റ് ജേക്കബ് മച്ചാനിക്കൽ, എസ്എംസി വൈസ് ചെയർമാൻ ബിനോയി ജോർജ്, എച്ച്എസ്എസ് സീനിയർ അധ്യാപകൻ വി.കെ. ആറ്റ്ലി, സ്റ്റാഫ് സെക്രട്ടറി പി.ടി. മിനി, സ്കൂൾ ലീഡർ നിയ ഫാത്തിമ സുബൈർ എന്നിവർ പ്രസംഗിച്ചു.
District News
തൊടുപുഴ: നഗരസഭയിൽ പുതുതായി നിർമിച്ച കെട്ടിടങ്ങൾക്ക് അനധികൃതമായി പെർമിറ്റ് നൽകിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
കെട്ടിടങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയതിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. വിജിലൻസ് സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയത്.
ഏതാനും മാസം മുന്‍പ് കൈക്കൂലിക്കേസിൽ നഗരസഭയിലെ അസി. എക്സി. എൻജിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നഗരസഭയിൽ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്ന പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഈ പരാതികൾ പരിശോധിക്കാനാണ് വിജിലൻസ് സംഘം ഇന്നലെ തൊടുപുഴ നഗരസഭാ ഓഫിസിൽ എത്തിയത്.
ഉച്ചവരെ ഓഫിസിലെ രേഖകൾ പരിശോധിച്ചു. ഉച്ചകഴിഞ്ഞ് നഗരസഭാ പരിധിയിലെ അഞ്ചു കെട്ടിടങ്ങളും പരിശോധിച്ചു. കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയ നാലു കെട്ടിടങ്ങളുടെ നിർമാണംപോലും പൂർത്തിയായിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഒരു കെട്ടിടം റോഡിലേക്ക് ഇറങ്ങിയാണ് നിർമിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
ക്രമക്കേടുകൾ ആരാണ് നടത്തിയതെന്ന് കണ്ടെത്തണമെങ്കിൽ കൂടുതൽ അന്വേഷണം വേണമെന്നും അടുത്ത ദിവസവും പരിശോധന തുടരുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
District News
തൊടുപുഴ: വാഹനപരിശോധനയ്ക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിക്കടത്ത് സംഘം ആക്രമിച്ചു. സംഭവത്തിൽ എക്സൈസ് നൽകിയ പരാതിയെത്തുടർന്ന് രണ്ടു പേരെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ പുന്നമറ്റം കുരിശിങ്കൽ ടെൻസ് (23), കുമാരമംഗലം മുത്താരംകുന്ന് തുരുത്തുമാലിൽ രോഹിത് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കുമാരമംഗലം പാറഭാഗത്ത് മാട്ടുപാറയ്ക്കു സമീപം തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മനും സംഘവും വാഹനപരിശോധന നടത്തുന്നതിനിടയിലായിരുന്നു സംഭവം.
പാറ ഭാഗത്തുനിന്നു മൈലക്കൊന്പ് ഭാഗത്തേക്കു വന്ന ബൈക്ക് പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ നിറുത്താതെ ഇൻസ്പെക്ടർ ലിജോ ഉമ്മനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ലിജോയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽനിന്ന് ഏഴു ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
എന്നാൽ, ഇവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഇൻസ്പെക്ടറെ ഇടിച്ച ഇരുവരും വാഹനവുമായി മറിഞ്ഞുവീഴുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ വി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.ആർ. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ച പ്രതികളെ എക്സൈസ് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് തൊടുപുഴ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടത്തിൽ കാലിനു നീർക്കെട്ടും ലിഗ്മെന്റിന് പരിക്കും പറ്റിയതായും തന്റെ ദേഹത്തേക്കു പ്രതികൾ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്നും എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ പറഞ്ഞു. വാഹനപരിശോധനയ്ക്കിടയിൽ ബൈക്ക് നിർത്താത്തതിനെത്തുടർന്ന് തടഞ്ഞപ്പോൾ സ്വാഭാവികമായി എക്സൈസ് ഇൻസ്പെക്ടർക്കു പരിക്ക് പറ്റിയതാകാമെന്നാണ് പൊലിസിന്റെ നിഗമനം.
ഉദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന് ഇരുവർക്കുമെതിരേ വധശ്രമത്തിന് കേസെടുത്തെങ്കിലും മൊഴി പരിശോധിക്കുമെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
District News
ഇടുക്കി ബ്ലോക്ക്
അറക്കുളം: ഇടുക്കി ബ്ലോക്ക് കേരളോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ, സുബി കൂന്തളായിൽ, പഞ്ചായത്തംഗങ്ങളായ വി.സി. മണിയമ്മ, പി.എ. വേലുക്കുട്ടൻ, ലിസി സന്തോഷ്, അനു ഗോപിനാഥ്, സി.ജെ. മേരിക്കുട്ടി, ജോയിന്റ് ബിഡിഒ ജയരാജ് എം. നായർ എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ ബ്ലോക്ക്
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റ്റിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. തോമസ്, ഷൈനി ഷാജി, ജോസുകുട്ടി ജോസഫ്, ബ്ലോക്ക് മെംബർ ജോസിൽ സെബാസ്റ്റ്യൻ, ബിഡിഒ ടി.ഇ. സിയാദ് എന്നിവർ പ്രസംഗിച്ചു. മുട്ടത്ത് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
District News
മൂന്നാർ: ടൗണിലെ സ്വകാര്യ റിസോർട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആസാം നഗോൺ സ്വദേശിനിയായ കവിത ബോറ (24) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ ദാസ് (30) അറസ്റ്റിലായി. കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളികളായിരുന്നു ഇരുവരും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാര്യ മറ്റ് ആളുകളുമായി ഇടപഴകുന്നതിൽ സംശയമുണ്ടായിരുന്ന ഭർത്താവ് ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൃത്യം നടത്തിയെന്നാണ് പൊലിസ് പറയുന്നത്.
ബുധനാഴ്ച രാത്രി മൂന്നാർ ടൗണിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത ഇരുവരും തമ്മിൽ രാത്രി തർക്കമുണ്ടായി. പിന്നാലെ ഭർത്താവ് കഴുത്തുഞെരിച്ചതോടെ ഭാര്യ അബോധാവസ്ഥയിലായി. ചലനമറ്റതോടെ ഭാര്യ വിഷം കഴിച്ചുവെന്നു പറഞ്ഞ് യുവാവ് സുഹൃത്തിനെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരും ചേർന്നാണ് യുവതിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ കൂടി കണ്ടതോടെ പൊലിസ് ഭർത്താവിനെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം പൊലിസിനോടു സമ്മതിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
District News
കട്ടപ്പന: അതുലിന്റെ ചികിത്സാ ആവശ്യത്തിന് കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്. സംഘടന സമാഹരിച്ച 8.65 ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട കൈമറി.
കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പിൽ അതുലിന് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന ഗുരുതരരോഗം ആറു മാസം മുൻപാണ് കണ്ടെത്തിയത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് അതുലിന് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള വഴി. ഇതിനായി ചെലവഴിക്കേണ്ടത് 60 ലക്ഷത്തോളം രൂപയാണ്.
ഇത്ര ഭാരിച്ച തുക കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾ ഒത്തുചേർന്ന് ധനസമാഹരണം തുടങ്ങിയത്. കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗ് അതുൽ സഹായനിധി എന്ന പേരിൽ വിവിധ സ്കൂളുകളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചും വിവിധയിടങ്ങളിൽനിന്ന് ധനസമാഹരണം നടത്തിയുമാണ് തുക കണ്ടെത്തിയത്. ബിരിയാണി ചലഞ്ചിൽ സഹായിച്ച കുടുംബശ്രീക്കും പ്രത്യേക ഉപഹാരം കൈമാറി.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, ബൈജു എബ്രാഹാം, സിജോ എവറസ്റ്റ്, അനിൽ പുനർജനി എന്നിവർ സംസാരിച്ചു.
District News
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് -ഇംപൾസോ 6.0 നവീന ആശയങ്ങളുടെ സംഗമവേദിയായി. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
ശാന്തിഗിരി കോളജ് ഓഫ് കന്പ്യൂട്ടർ സയൻസസ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷിന്റോ ജോസഫ്, ഡയറക്ടർ ഡോ. ജിൻസ് ജോർജ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർമാരായ ലിസ ജോസ്, ഡോ. നെൽസണ്‍ മാത്യു, ഫാ.ഡോ. ജിബു പി. ജോസഫ്, വിദ്യാർഥി പ്രതിനിധികളായ ജീവൻ ജോബി, ലിയ ബിജു എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: നിര്‍മല കോളജിന്റെ (ഓട്ടോണമസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍മല ഷീ കണക്ട്സ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് ആരംഭിച്ച ഡിജിറ്റല്‍ സംരംഭകത്വ പ്ലാറ്റ്ഫോമായ ഷീ കണക്ട്സ് കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനും അവരുടെ സംരംഭങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും സാമ്പത്തിക-വിപണന പിന്തുണയും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാകും. നിക്ഷേപത്തിനും സംരംഭം തുടങ്ങുന്നതിനുമായി ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്ന അപേക്ഷകരിലും പ്രതിനിധികളിലും നിരവധി സ്ത്രീകളുണ്ട്. നിര്‍മല കോളജ് മുന്നോട്ടുവച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന നിര്‍മല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്‍ മൊഴിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ഷീ കണക്ട്സിന്റെ ലോഗോയും പ്രകാശനം ചെയ്തു. വനിതാ സംരംഭകരെ ആദരിക്കലും ഇതോടനുബന്ധിച്ച് നടന്നു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ആശാ ശരത് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെസ്റ്റിന് കെ. കുര്യാക്കോസ്, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ മാത്യു കുഴല്നാടന്, ഷിബു തെക്കുംപുറം, ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊന്നത്തടി: കൊന്നത്തടി-വെള്ളത്തൂവല്‍ റോഡിന്റെ നിര്‍മാണം മന്ദഗതിയില്‍. നിര്‍മാണ സാമഗ്രികളുടെ അഭാവമാണ് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ കാരണം. റോഡിന്റെ സംരക്ഷണഭിത്തി, കലുങ്ക് എന്നിവ നിര്‍മിക്കുന്നതിന് പാറക്കല്ലിന്റെ അഭാവം തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രാദേശികമായി പാറക്കല്ല് ലഭ്യമാക്കുന്നതിനു നിരോധനം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളും എംഎല്‍എയും മുന്‍കൈയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
തൊടുപുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 18,435 കോടിയായി ഉയര്‍ന്നതായി ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം. ഒന്നാം പാദത്തിലെ 17,765 കോടിയില്‍നിന്ന് 670 കോടിയുടെ വര്‍ധനവാണുണ്ടായത്. ഇതേ കാലയളവില്‍ ബാങ്കുകള്‍ നല്കിയ മൊത്തം വായ്പകള്‍ 19,487 കോടി രൂപയില്‍നിന്ന് 20,365 കോടി രൂപയായി ഉയര്‍ന്നതായും യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാനിക്ഷേപ അനുപാതം ജൂണ്‍ പാദത്തിലെ 109.7 ശതമാനത്തില്‍നിന്ന് 110 ശതമാനമായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന നേട്ടമാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 16,464 കോടിയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ജില്ലാ ക്രെഡിറ്റ് പ്ലാന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പാദം അവസാനിക്കുമ്പോള്‍ ഇതിന്റെ 56.1 ശതമാനമായ 9,230 കോടി വിതരണം ചെയ്തു.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനായി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഡ്രൈവ് ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ എന്‍.എസ്. അമല്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എം.എസ്. അരുണ്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് എം. മാത്യു, ആര്‍എസ്ഇടിഐ ഡയറക്ടര്‍ എം. നിജാസ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ എം. കുര്യച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കരിങ്കുന്നം: ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍. യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടിയ സ്കൂള്‍, എല്‍പി ജനറല്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും യുപി സംസ്കൃത കലോത്സവത്തില്‍ തേര്‍ഡ് റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.
അധ്യാപകരുടെ ചിട്ടയായ പരിശീലനവും വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് മികച്ച വിജയത്തിനു പിന്നിലെന്ന് മാനേജര്‍ ഫാ. ജോസഫ് നിരവത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് എന്നിവര്‍ പറഞ്ഞു. കലാപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും അവരുടെ കഴിവുകള്‍ക്കു മികച്ച വേദിയൊരുക്കുന്നതിനും സ്കൂള്‍ നല്കുന്ന പ്രോത്സാഹനത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ നേട്ടം.
വിജയികളായ വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
District News
മുതലക്കോടം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍ സ്പിക്മാകെ, പൊലിസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് സന്ദേശവുമായി കലാകവചം ശില്പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷെല്ബിമോള് പയസ് അധ്യക്ഷത വഹിച്ചു.
തൊടുപുഴ എസ്ഐ എഡിസണ് മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.ആര്. ഷാജി, ജില്‍സണ്‍ പീറ്റര്‍, ജെബിന് ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നര്‍ത്തകി രശ്മി ചൊവല്ലൂര്‍ നൃത്തമവതരിപ്പിച്ചു.
District News
ഉപ്പുതറ: വാഗമൺ കൈതപ്പതാലിൽ സർവേ നമ്പർ 751ൽ ഉൾപ്പെട്ട സ്ഥലത്തെച്ചൊല്ലി നാട്ടുകാരും റിസോർട്ട് ഉടമയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇതേത്തുടർന്ന് റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു. വ്യൂ പോയിന്റ് ഉൾപ്പടെയുള്ള ഭൂമി തങ്ങളുടേതെന്നാണ് റിസോർട്ട് ഉടമ അവകാശപ്പെടുന്നത്. ഇത് റവന്യു ഭൂമിയാണെന്ന വിവരവകാശ രേഖയുമായാണ് നാട്ടുകാർ ഈ വാദത്തിനെതിരേ നിൽക്കുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ദൗത്യസേന കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ച ഭൂമിയാണിതെന്നാണ് നാട്ടുകാരുടെ വാദം.
നാട്ടുകാർ പറയുന്നത്
വില്ലേജിൽനിന്നെടുത്ത പ്ലാൻ, സ്കെച്ച്, വിവരാവകാശ രേഖകൾ എന്നിവ കൈവശമുണ്ടെന്ന് നാട്ടുകാർ അവകാശപ്പെടുന്നു. മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ പഞ്ചായത്ത് ഇവിടെ കാമറ സ്ഥാപിച്ചിരുന്നുവെന്നും സ്വകാര്യ ഭൂമിയെങ്കിൽ എങ്ങനെ പഞ്ചായത്ത് കാമറ സ്ഥാപിക്കുമെന്നുമാണ് ഇവരുടെ ചോദ്യം. ഏതാനും മാസങ്ങളായി ഈ കാമറ കാണാനില്ല.
പരിശോധനയും ധാരണയും
രേഖകൾ കൈവശമുണ്ടെന്നും കരമടയ്ക്കുന്നുണ്ടെന്നുമാണ് റിസോർട്ട് ഉടമയുടെ വാദം. എന്നാൽ റവന്യു ഭൂമി ഏതെന്നു വ്യക്തമാക്കാൻ കഴിയാതെ അധികാരികൾ നോക്കുകുത്തിയായെന്നു നാട്ടുകാർ ആരോപിക്കുന്നു.
വാഗമണ്ണിൽ നിരവധി ഭൂമി കൈയേറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
District News
കുമളി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിസംഗതയും തേക്കടിയിലെ ടൂറിസത്തിനു വലിയ തിരിച്ചടിയാകുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനോ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാറില്ല.
തിരക്ക് അധികമുള്ള ദിവസങ്ങളിൽ തേക്കടിയിൽ എത്തുന്ന വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ബോട്ട് ലാന്‍ഡിംഗിലോ, ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലെ വൃത്തിയായ ശുചിമുറി സംവിധാനം പോലുമില്ല. തിരക്കേറുന്ന സമയങ്ങളിൽ ബോട്ട് സർവീസുകൾ മുടങ്ങാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻപോലും അധികൃതർക്കു കഴിയുന്നില്ല.
പൂജാ അവധി മുതലാണ് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറുന്നത്. ജനുവരി വരെ ഈ തിരക്ക് തുടരാറുണ്ട്. തേക്കടി തടാകത്തിലൂടെയുള്ള സഞ്ചാരമാണ് തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ പ്രധാനമായും ആഗ്രഹിക്കുന്നത്. എന്നാൽ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിനു സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഇതുമൂലം വനം, ടൂറിസം വകുപ്പുകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കെടിഡിസി, വനം വകുപ്പുകളാണ് തേക്കടിയിൽ ബോട്ടിംഗ് നടന്നുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാൽ എല്ലാ സീസണിലും ഒന്നോ രണ്ടോ ബോട്ടുകൾ സർവീസ് നടത്താതെ കിടക്കും. അടുത്തിടെ വരെ കെടിഡിസിയുടെ ഒരു ബോട്ട് കരയിലായിരുന്നു. ഇത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങിയപ്പോൾ വനംവകുപ്പിന്റെ ബോട്ട് കരയ്ക്കായി. ഒരു മാസം കഴിഞ്ഞിട്ടും ഈ ബോട്ട് സർവീസ് ആരംഭിച്ചിട്ടില്ല.
District News
കട്ടപ്പന: നാടിന്റെ വളർച്ചയിൽ സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹത്തിന്റെ പങ്ക് വലുതാണെന്നു ഡീൻ കുര്യാക്കോസ് എംപി. കട്ടപ്പന പ്രതീക്ഷാഭവൻ സുവർണ ജൂബിലി ആഘോഷ പരിപാടികൾ സെന്റ് ജോൺസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
പ്രതീക്ഷാഭവൻ ചാപ്പലിൽ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്.
ഹൈറേഞ്ചിന്റെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹോയ്സറിന്റെ ദീർഘവീക്ഷണത്തിൽ 1976ൽ കട്ടപ്പനയിൽ ആരംഭിച്ച സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. യോഗത്തിൽ പ്രതീക്ഷാഭവന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. അന്തേവാസികളെയും സ്തുത്യർഹമായ സേവനം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ ആരോഗ്യരാജ്, സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രൊവിൻഷ്യൽ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ നിർമല കുര്യാക്കോസ്, പ്രതീക്ഷാഭവൻ മുൻ ഡയറക്ടർ ബ്രദർ ജോസ് മാത്യു, സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ ഫോർ വുമൺ ഇൻ ചാർജ് സിസ്റ്റർ ലിസ് മരിയ തുടങ്ങിയവർ സംസാരിച്ചു.
സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ പ്രയർ ഡാൻസും കലാപരിപാടികളും അരങ്ങേറി.
District News
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസരംഗത്ത് വിജയകരമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂള്‍ രജതജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ സമാപനം 26ന് വൈകുന്നേരം നാലിന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് ആമുഖപ്രഭാഷണവും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തും. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ സില്‍വര്‍ ജൂബിലി മാഗസിന് പ്രകാശനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ജോസഫ് പുല്‍തകിടിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീര്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, പഞ്ചായത്തംഗം സുമിന അലിയാര്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ്, മുന്‍ പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. അധ്യാപക പ്രതിനിധികളായ ലിഡിയ എലിസബത്ത് ജോര്‍ജ്, മഞ്ജു മേരി ചെറിയാന്, ലെസ്ലി പി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. ജൂബിലി സമാപനത്തോടനുബന്ധിച്ച് കൗശിക് ബാബുവിന്റെ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
2002ല്‍ കേവലം 108 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തോളം വിദ്യാർഥികളും അറുപതോളം അധ്യാപക - അനധ്യാപക ജീവനക്കാരുമുള്ള വലിയൊരു വിദ്യാഭ്യാസ കുടുംബമായി വളര്‍ന്നിരിക്കുന്നു. എസ്എബിഎസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി പിതാവിന്റെ ദര്‍ശനത്തിലും മൂല്യങ്ങളിലും അടിയുറച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക മികവിനൊപ്പം ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സമഗ്ര വ്യക്തിത്വ വികസനത്തിനുമാണ് സ്ഥാപനം മുന്‍തൂക്കം നല്‍കുന്നത്. 2012ല്കേരള സര്‍ക്കാരിന്റെ എന്‍ഒസിയും സിബിഎസ്ഇ അഫിലിയേഷനും നേടിയ സ്കൂള്‍, 2013ല്‍ സീനിയര്‍ സെക്കൻഡറി തലത്തിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം മുന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജത ഹരിതം 25, ഇന്റർ സ്കൂള്‍ ക്വിസ്, ഫുട്ബോള്‍, ചെസ് മത്സരങ്ങള്‍, പൂര്‍വ വിദ്യാർഥി-അധ്യാപക സംഗമം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്ക് കിയോസ്ക് നല്‍കുകയും ചെയ്തു.
പത്രസമ്മേളനത്തിൽ പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
District News
തൊടുപുഴ: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കുടയത്തൂര്‍ ജിഎന്‍എല്‍പി സ്കൂള്‍ അധ്യാപകന് സിബി കെ. ജോര്‍ജിനെ തെരഞ്ഞെടുത്തു. പാഠ്യ, പാഠ്യാനുബന്ധ മേഖലകളിലെയും സാമൂഹ്യ, സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിലെയും മികവ് പരിഗണിച്ചാണ് അവാര്‍ഡ് . 2004ല്‍ പാലാ കോര്പറേറ്റിലും 2006ല്‍ ഗവ. സര്‍വീസിലും അധ്യാപകനായി ചേര്‍ന്നു. എംജി സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിംഗില്‍ ഡിപ്ലോമയും ഇഗ്നോയില്നിന്നു മാസ്റ്റര്‍ ബിരുദവും നേടി.
ബംഗളൂരു അലിയന്‍സ് യൂണിവഴ്സിറ്റിയില്നിന്നു സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്. ഡിസിഎല്‍ മേഖലാ പ്രസിഡന്റ്, സംസ്ഥാന അധ്യാപക പരിശീലകന്, കെപിഎസ്ടിഎ സംസ്ഥാന റിസോഴ്സ് ടീച്ചേഴ്സ് സെല്‍ ചെയര്മാന്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം വിദ്യാരംഗം ജില്ലാ കമ്മിറ്റിയംഗം, ജിഎസ്ടി ഡബ്ല്യുഒ ജില്ലാ വൈസ് പ്രസിഡന്റ് , ജില്ലാ ഗവ. സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ദീപിക ജൈവ നന്മ സംസ്ഥാന പുരസ്കാരം, മികച്ച ജൈവ കൃഷി അധ്യാപക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ സുമ ട്രഷറി ഉദ്യോഗസ്ഥയാണ്. വിദ്യാര്‍ഥികളായ ഹന്ന ബ്രിജിറ്റ് സിബി, അല്‍ഫോന്‍സ സിബി എന്നിവരാണ് മക്കള്‍. ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പുരസ്കാരജേതാവിനെ അനുമോദിച്ചു. ഡിസംബറില്‍ തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും.