ടെൻസ് രോഹിത്
തൊടുപുഴ: വാഹനപരിശോധനയ്ക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിക്കടത്ത് സംഘം ആക്രമിച്ചു. സംഭവത്തിൽ എക്സൈസ് നൽകിയ പരാതിയെത്തുടർന്ന് രണ്ടു പേരെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ പുന്നമറ്റം കുരിശിങ്കൽ ടെൻസ് (23), കുമാരമംഗലം മുത്താരംകുന്ന് തുരുത്തുമാലിൽ രോഹിത് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കുമാരമംഗലം പാറഭാഗത്ത് മാട്ടുപാറയ്ക്കു സമീപം തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മനും സംഘവും വാഹനപരിശോധന നടത്തുന്നതിനിടയിലായിരുന്നു സംഭവം.
പാറ ഭാഗത്തുനിന്നു മൈലക്കൊന്പ് ഭാഗത്തേക്കു വന്ന ബൈക്ക് പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ നിറുത്താതെ ഇൻസ്പെക്ടർ ലിജോ ഉമ്മനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ലിജോയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽനിന്ന് ഏഴു ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
എന്നാൽ, ഇവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഇൻസ്പെക്ടറെ ഇടിച്ച ഇരുവരും വാഹനവുമായി മറിഞ്ഞുവീഴുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ വി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.ആർ. അരുണ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ച പ്രതികളെ എക്സൈസ് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് തൊടുപുഴ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടത്തിൽ കാലിനു നീർക്കെട്ടും ലിഗ്മെന്റിന് പരിക്കും പറ്റിയതായും തന്റെ ദേഹത്തേക്കു പ്രതികൾ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്നും എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ പറഞ്ഞു. വാഹനപരിശോധനയ്ക്കിടയിൽ ബൈക്ക് നിർത്താത്തതിനെത്തുടർന്ന് തടഞ്ഞപ്പോൾ സ്വാഭാവികമായി എക്സൈസ് ഇൻസ്പെക്ടർക്കു പരിക്ക് പറ്റിയതാകാമെന്നാണ് പൊലിസിന്റെ നിഗമനം.
ഉദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന് ഇരുവർക്കുമെതിരേ വധശ്രമത്തിന് കേസെടുത്തെങ്കിലും മൊഴി പരിശോധിക്കുമെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags : MVD officer Nattuvishesham District News during inspection two arrested