കൊല്ലപ്പെട്ട ധൻരാജ് (ഇടത്), പ്രതികളായ ടി.പി.ബിജു, എം. വിപിന്‍, എം.വൈശാഖ്
തളിപ്പറമ്പ്: സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (40) കൊലപ്പെടുത്തിയ കേസില്‍ 20 പ്രതികളിൽ മൂന്നു പേർ കുറ്റക്കാർ. 16 പ്രതികളെ വെറുതെ വിട്ടു.
ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു(34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിന്‍(34), മൂന്നാം പ്രതി എം.വൈശാഖ് (31) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ക ജഡ്ജ് കെ.എന്‍. പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ചിറ്റടിയിലെ സി.സുകേഷ് (31), കക്കമ്പാറയിലെ കെ.വി.പ്രജിത് ലാല്‍ (31), കെ.അനൂപ് (31), പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ.എം.ബിജു(44), . കാരയിലെ പി.രാജേഷ് കുമാര്‍ (53), കക്കമ്പാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു(31), കക്കമ്പാറയിലെ ധനേഷ്(39), മൊട്ടക്കുന്നിലെ പി.പി.രാജീവന് (34), കക്കമ്പാറയിലെ കെ. മധു(42), നെയ്യാറ്റിന്‍കരയിലെ എസ്.ആര്.അജീഷ്(38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന് മനിയേരി (58) കാരയിലെ രമേശന് (50), കാങ്കോല്‍ വടശേരിയിലെ എ.പി. നിജേഷ്(38), മൊട്ടക്കുന്നിലെ ലിജിന്‍ (31). എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന സി.എഫ് ബിജു കൊല്ലപ്പെട്ടിരുന്നു. ധനരാജ് കൊല്ലപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ കേസിലെ വിധിയുണ്ടായത്.
2016 ജൂലൈ 11ന് രാത്രി 9.45 ഓടെ രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയ വിരോധത്തില്‍ വീടിന് മുന്‍വശം വച്ച് ധനരാജിV കാലിനും മറ്റും വെട്ടിപരിക്കേല്പ്പിച്ചുവെന്നും രക്ഷപ്പെടാനായി ഓടിയപ്പോള്‍ പിന്തുടര്ന്ന് വീടിന്റെ പിന്‍വശത്തെ ഷെഡിന് സമീപത്തുവെച്ച് ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ബിജു, വിപിന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് വാള്‍കൊണ്ടും പീശാകത്തികൊണ്ടും നെഞ്ചിനും കൈക്കും കാലിനും വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.
കൊലപാതകം, ഗൂഡാലോചന, കുറ്റകൃത്യത്തിന് സൗകര്യമൊരുക്കി പദ്ധതി മറച്ചുവെച്ചുവെക്കല് തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസ്.പയ്യന്നൂര്‍ സിഐ പി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സിഐ ആയിരുന്ന എം.പി.ആസാദാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പൊലിസ് നല്കിയ കുറ്റപത്രത്തില്‍ 74 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന 43 പേരെ പ്രോസിക്യൂഷന് ഭാഗവും ഒരാളെ പ്രതിഭാഗവും വിസ്തരിച്ചു. പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയ 123 രേഖകള്‍ കോടതി പരിശോധിച്ചിരുന്നു.
അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളുടെ വിവരങ്ങളും കുറ്റകൃത്യത്തില്‍ പങ്കെടുത്തവരുപയോഗിച്ച വാഹനങ്ങളുടെയും പ്രതികളെ സഹായിക്കാനായി ഉപയോഗിച്ച വാഹനങ്ങളുടെയും വിവരങ്ങള്‍ കുറ്റപത്രത്തില്‍ വിശദീകരിച്ചിരുന്നു. 20 പ്രതികളുണ്ടായിരുന്ന ഈ കേസിലെ പന്ത്രണ്ടാ പ്രതി സി.എഫ്.ബിജു കൊല്ലപ്പെട്ടതിനാല്‍ ബാക്കി 19 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്. 2025 മാര്‍ച്ച് അഞ്ചിനാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നും തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്.
ഏപില്‍ 25ന് കുറ്റപത്രം വായിച്ച തളിപ്പറമ്പ് കോടതി ഒക്ടോബര്‍ 21ന് വിചാരണ ആരംഭിച്ചു. 2026 ജൂണ്‍ 19ന് പ്രോസിക്യൂഷന് സാക്ഷി വിസ്താരം കഴിഞ്ഞു. പ്രതികളോട് സാക്ഷിമൊഴികളിലെ പ്രസക്ത ഭാഗങ്ങള്‍ ചോദിച്ച് കോടതി വിശദീകരണം തേടിയിരുന്നു.
ഇതിനിടയില്‍ ബിജുവധക്കേസിലെ പ്രതിയാണ് ധനരാജ് വധത്തിലെ ഒന്നാം സാക്ഷിയെന്ന് തെളിയിക്കുന്ന രേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു.വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച ശേഷം ഈ മാസം 16നാണ് കേസ് വിധിപറയാനായി മാറ്റിവെച്ചത്.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന്, പ്രോസിക്യൂട്ടര്‍ യു.രേശന്, ടി.വി.വിനീഷ് എന്നിവര്‍ വാദിഭാഗത്തിനായി ഹാജരായി. പ്രതികള്‍ക്കുവേണ്ടി അഡ്വ.പ്രതാപ് ജി. പടിക്കല്‍, എസ്. സജിത്ത് കുമാര്‍, പി.പ്രേമരാജന്‍ എന്നിവരും ഹാജരായി.
Tags : DhanarajMurder Accused Acquitted Court Verdict