District News
തിരുവനന്തപുരം(തിരുവല്ലം): വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
പൂന്തുറ ആലൂകാട് കാട്ടുവയല്‍ വീട്ടില്‍ സമ്പത്ത് (23) , പാലക്കാട് മണ്ണൂര്‍ പത്തിരിപ്പാല എബിഎച്ച്എ - യില്‍ ഹയാത്ത് റോഷന് (32) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ 12.10 ഓടുകൂടി പാച്ചല്ലൂര്‍-വാഴമുട്ടം റോഡില്‍ വാഴമുട്ടത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം പ്രതികള്‍ ഓടിച്ചുവരികയായിരുന്ന കാര്‍ കൈകാണിച്ചു നിര്‍ത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ രണ്ട് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.
സമ്പത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന രണ്ട് പേരും ചേര്‍ന്ന് പോലീസ് സംഘത്തെ അക്രമിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഹയാത്ത് റോഷന് കയ്യിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനായ നസിമുദീന്റെ കൈയില്‍ ഇടിക്കുകയും തുടര്‍ന്ന് നസിമുദീന്റെ വലത് കൈയിലെ തളള വിരലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തതായി തിരുവല്ലം പോലീസ് അറിയിച്ചു.
നസിമുദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
District News
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ സൂരജ് (അനു - 40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം 6.45നായിരുന്നു കേസിനാസ്പദമായ സംഭവം.
ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറുവശത്തുള്ള 'ഈസി മൊബൈൽ' ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31) യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ കടയ്ക്കുള്ളിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾ കൊണ്ടും കീ-ചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരിക്കേൽപ്പിച്ചു.
തുടർന്ന് യദുവിന്റെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 1000 രൂപ പ്രതികൾ തട്ടിയെടുത്തു. സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ടി.കെ. ബിജിത്ത്, എസ്ഐ മണികണ്ഠൻ, ഗ്രേഡ് എഎസ്ഐ മാരായ പി.വി. രാജേഷ് , പി.കെ. രാജേഷ്, ജോബി, ജോസഫ്, രമേഷ്, ഗ്രേഡ് സീനിയർ സിപി ഒമാരായ സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, സിപിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
കൊല്ലം: ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഓച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 6.730 ഗ്രാം എംഡിഎംഎ പിടികൂടുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓച്ചിറ, അഴിക്കല്‍, മംഗലശ്ശേരില്‍ വീട്ടില്‍ ആകാശ്(26) ഓച്ചിറ, അഴിക്കല്‍, പുത്തന്‍പ്പറമ്പില്‍ വീട്ടില്‍ ഷിജോ (24) എന്നിവരെയാണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ഓച്ചിറ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയിലാണ് രണ്ട് പ്രതികളും വലയിലായത്. ആകാശിന്റെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന 3.190 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഷിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ കിടക്കയുടെ അടിയില്‍ സ്ഫടിക കുപ്പിയില്‍ സൂക്ഷിച്ചിരുന്ന കവറില്‍ നിന്ന് 3.540 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിച്ച് ഓച്ചിറ, വള്ളിക്കാവ് മേഖലയിലെ സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.നര്‍ക്കോട്ടിക്ക് സെല്‍ എസിപി റോബര്‍ട്ട് ജോണി, കരുനാഗപ്പള്ളി എസിപി സി.ജോണ്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
District News
ആളൂര്‍: സ്കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മധ്യവയസ്കന് പിടിയിലായി. കല്ലേറ്റുംകര വല്ലക്കുന്ന് സ്വദേശി പായമ്മല്‍ വീട്ടില്‍ ജോബി (55) എന്നയാളെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകരയില്‍ വച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്.
പ്രദേശത്ത് കുട്ടികള്‍ക്കും മറ്റും വ്യാപകമായി ലഹരി ഉത്പന്നങ്ങള്‍ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ഇയാളില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ലിപ്പ്, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സിഗററ്റ് പാക്കറ്റുകള്‍ എന്നിവ പിടിച്ചെടുത്തു.
പ്രതിക്കെതിരെ എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും കൂടി ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ മനു പി. ചെറിയാന്, സിപിഒമാരായ വിശാഖ്, ആദര്‍ശ്, ആകാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
District News
തൃശൂർ: കുറിച്ചിക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൂളക്കൽ സ്വദേശികളായ കടവി രഞ്ജിത്ത് (43), സുധീർ (50) എന്നിവരാണു പിടിയിലായത്.
24നാണു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലേക്ക് അതിക്രമിച്ചുകയറി വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻചെന്ന മാതാവിനെയും ഉപദ്രവിച്ചു. ഒരുമാസം മുന്‍പു നടന്ന വാക്കുതർക്കമാണ് ആക്രമണത്തിനു കാരണം. രഞ്ജിത്തിനെതിരേ വിവിധ സ്റ്റേഷനുകളിൽ 22 കേസും സുധീറിനെതിരേ എട്ടു കേസുമുണ്ട്.
വിയ്യൂർ എസ്എച്ച്ഒ നിമിഷ ത്രിപാഠിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്ഐ ശ്രീജിൻ, എഎസ്ഐ സജീവ്, സീനിയർ സിപിഒ ജോണ്സണ്, സജിത്ത്, സിപിഒമാരായ ടോണി, കൃഷ്ണപ്രസാദ്, അഖിലേഷ്, ഭദ്രൻ, അനുപമ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
District News
തലശേരി: നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 100 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ അറസ്റ്റ്ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശും സംഘവും കോ-ഓപറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിനു സമീപം നടത്തിയ പരിശോധനയിലാണ് 100 കുപ്പികളിലായി കടത്തുകയായിരുന്ന 50 ലിറ്റർ മാഹി മദ്യം പിടികൂടിയത്.
സംഭവത്തിൽ പയ്യന്നൂർ സ്വദേശികളായ എൻ.പി. പ്രിയേഷ്, എൻ.പി. റിനീഷ് എന്നിവരാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി. നസീർ, പി. സന്തോഷ്, റിവ്യൂ ഓഫീസർ എം.കെ. സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, ഷിനോയ്, ഡ്രൈവർ എം. സുരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
District News
കറുകച്ചാൽ: മുക്കുപണ്ടം സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഉള്ളാട്ട് ഫിനാൻസ് സ്ഥാപനത്തെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി.
തോട്ടയ്ക്കാട് ഉമ്പിടി ഉള്ളാട്ട് കുഞ്ഞുമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാമ്മൂട് ദൈവംപടി പാറയിൽ സേവ്യർ ജോൺ (35), കൂത്രപ്പള്ളി പാലയ്ക്കൽ ജെയ്ൻ ജോസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് പ്രതികൾ സ്ഥാപനത്തിലെ മുൻപരിചയം മുതലെടുത്ത് കുഞ്ഞുമോന്റെ ഭാര്യയെയും സ്റ്റാഫിനെയും വിശ്വസിപ്പിച്ച് ഏകദേശം നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് പരമാവധി തുക വാങ്ങാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പ്രതികളുടെ നീക്കം പരാജയപ്പെട്ടു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Kerala
പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് സിപിഐ പ്രവർത്തകർ പിടിയിൽ. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിറ്റിംഗ് എംഎൽഎയും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാർ
പോലീസ് സ്റ്റേഷനിൽ എത്തി.
ചിറ്റയം ഗോപകുമാറും നേതാക്കളും സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്.
പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.
Kerala
പെരിങ്ങോം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി പോലീസിനെ കൈയേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകനായ വധക്കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ്, പെരിന്തട്ടയിലെ നിധിന് എന്നിവരെയാണു പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇഖ്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വിഷ്ണുപ്രസാദിനെ വീട്ടില്‍നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മോചിപ്പിക്കാൻ ശ്രമിച്ചത്.
Kerala
തിരുവനന്തപുരം: നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അതേ സമയം പോലീസ് ഉദ്യോഗസ്ഥർക്കു നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായി വരുമ്പോൾ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുലർത്തുന്ന മൗനത്തെ സേനയിലുള്ളവർത്തന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
District News
ആലുവ: ശിവരാത്രി മണപ്പുറം പാലത്തിന് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ ആക്രമിച്ച രണ്ടംഗസംഘം അറസ്റ്റിലായി. വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ രുദ്രമാല ക്ഷേത്രത്തിന് സമീപം കൊടുമ്പിള്ളി വീട്ടിൽ ഹരികൃഷ്ണൻ(30), താരകര വീട്ടിൽ അക്ഷയ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 8.30ഓടെ പാലസ് റോഡിൽ നിന്ന് കൊട്ടാരക്കടവിലേക്ക് തിരിയുന്നിടത്താണ് സംഭവം . ചെങ്ങമനാട് സ്റ്റേഷനിലെ പോലീസുകാരനായ പാറക്കടവ് ചിറക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രഞ്ജിത്ത് വിജയൻ ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു.
മണപ്പുറത്തേക്കുള്ള ആളുകളുടെ വാഹനങ്ങൾ പാലത്തിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കടുത്ത ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു വന്ന് പാർക്ക് ചെയ്യാൻ ശ്രമിച്ചത്.
ഇതു തടഞ്ഞപ്പോൾ ഇവിടെ ഡ്യൂട്ടി ചെയ്യണ്ടടാ എന്നു പറഞ്ഞ് ഒന്നാംപ്രതി ഹരികൃഷ്ണൻ പോലീസുകാരന്റെ ഇടതു കൈയിൽ പിടിച്ചു തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തുവെന്ന് പോലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നു. നെഞ്ചിൽ ഇടിച്ചുവെന്നും യൂണിഫോമിന്റെ ലൈൻയാർഡ് വലിച്ച് പൊട്ടിച്ചുവെന്നും പരിതായിലുണ്ട്. പ്രതികളിൽ ഒരാൾ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും മറ്റൊരാൾ ഇലക്ട്രിക്കൽ ജോലിക്കാരനുമാണ്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
National
ഇംഫാൽ: മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ. ഇവരുടെ പക്കൽനിന്ന് 30 ജലാറ്റിൻ സ്റ്റിക്കുകൾ, 20 ഡിറ്റണേറ്ററുകൾ എന്നിവയ്ക്കുപുറമേ 1.02 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.
ശനിയാഴ്ച ചുരാചന്ദ്പുർ ജില്ലയിലെ ലോയിലാംകോട്ടിനും നലോണിനും ഇടയിലുള്ള പ്രദേശത്തുനിന്ന് സുരക്ഷാ സേന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ഉൾപ്പെടെയുള്ള വെടിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. മൂന്ന് ആർപിജി ഗ്രനേഡുകൾ, അഞ്ച് 30 എംഎം ഗ്രനേഡുകൾ, ഒരു റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ വഹംഗ് ഖുമാൻ മമാംഗ് ലെയ്കായ് പ്രദേശത്ത് ശനിയാഴ്ച നടന്ന മറ്റൊരു ഓപ്പറേഷനിൽ, രണ്ട് റൈഫിളുകൾ, മൂന്ന് പിസ്റ്റളുകൾ, മൂന്ന് ഗ്രനേഡുകൾ, ഒരു ഡിറ്റണേറ്റർ, നാല് മോർട്ടാർ ഷെല്ലുകൾ, ഒരു ഐഇഡി, സ്ഫോടകവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
District News
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് മാറിക്കയറിയതിനെച്ചൊല്ലി തര്‍ക്കവും കൈയേറ്റവും. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മർദനമേറ്റു. രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ഏഴിന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പിലുള്ള സ്റ്റോപ്പില്‍വച്ചാണ് സംഭവം.
ടിക്കറ്റ് റിസര്‍വ് ചെയ്ത് മാനന്തവാടി ബസില്‍ കയറാനെത്തിയ വീട്ടമ്മയോടൊപ്പമെത്തിയ ഭർത്താവും മകനുമാണ് ബഹളം ഉണ്ടാക്കിയത്. കൊട്ടാരക്കരയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസില്‍ ചങ്ങനാശേരിയിൽവച്ച് കയറി റിസര്‍വേഷന്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ബസ്മാറിപ്പോയെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ഉന്തിലും തള്ളിലും കൈയേറ്റത്തിലുമെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൈയേറ്റത്തിനിടെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബസ് ജീവനക്കാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തെത്തുടര്‍ന്ന് പ്രശ്നമുണ്ടായ സൂപ്പര്ഫാസ്റ്റ്ബസ് ചങ്ങനാശേരി ഡിപ്പോയില്‍ യാത്ര നിര്‍ത്തിവച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. വീട്ടമ്മയെ മാനന്തവാടിയിലേക്കുള്ള ബസിലും പോലീസ് കയറ്റി വിട്ടു.
National
ബെളഗാവി: പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.
ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പോലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു.
Kerala
പീരുമേട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രാവണ്‍ താര (24) എന്നിവരാണു പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം വാഗമണ്ണിൽ സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. 50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ചു ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തിൽനിന്നു കണ്ടെടുത്തു. പ്രതികൾ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തിയ പോലീസ് 3,75,000 രൂപയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എക്സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പീരുമേട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്തു. മുന്‍പും ഇവർക്കെതിരേ മയക്കുമരുന്നു കേസുകൾ ഉള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽരാജ് അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മിഥുൻ വിജയ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജകുമാർ, ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, രാമകൃഷ്ണൻ മണികണ്ഠൻ, മിഥുൻ, എ. കുഞ്ഞുമോൻ, അൻസാർ, സിന്ധു, സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അസി. സര്ജന് ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്.
സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
International
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരിക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു.
ട്രെയിന്‍ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ആശങ്കാജനമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസുകളിൽ സ്റ്റേഷനിൽനിന്ന് നീക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ട്രെയ്ന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
Kerala
താമരശേരി: അമ്പായത്തോട്ടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ടിനെതിരേ ജനകീയ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അ്രകമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടപടി തുടങ്ങി.
രണ്ടുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൂടത്തായി ആലപ്പൊയില്‍ എ.പി.റഷീദ് (53), താമരശേരി ചുണ്ടക്കുന്ന് കെ.എന്‍. ബാവന്കുട്ടി (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചതായി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
ബാവന്കുട്ടി ആം ആദ്മി പാര്‍ട്ടി അംഗവും സമരസമിതി പ്രവര്‍ത്തകനുമാണ്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും താമരശേരി ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിനു മര്‍ദനമേല്‍ക്കുകയും ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 74 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പ്രതികളെ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന നടത്തിയേ തീരൂ എന്നും ഡിഐജി പറഞ്ഞു.
വീഡിയോ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് പ്രതികളുടെ പങ്ക് ഉറപ്പുവരുത്തും. നിരപരാധിയായ ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുത്തുവെന്ന സംഘടനയുടെ ആരോപണം സംബന്ധിച്ച്, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു ഡിഐജിയുടെ പ്രതികരണം. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ രാത്രികളില്‍ കരിമ്പാലക്കുന്ന്, കുടുക്കില്‍ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എട്ടുകേസുകളിലായി അഞ്ഞൂറോളം പേര് പ്രതികളാണ്. അതിനിടെ, ഫ്രഷ് കട്ടിലെ ജീവനക്കാരന്റെ പരാതിയിലും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണു സിപിഎം.
തങ്ങളുടെ നേതാവിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മെഹ്റൂഫിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിട്ടുണ്ട്.