താമരശേരി: അമ്പായത്തോട്ടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ടിനെതിരേ ജനകീയ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അ്രകമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടപടി തുടങ്ങി.
രണ്ടുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൂടത്തായി ആലപ്പൊയില്‍ എ.പി.റഷീദ് (53), താമരശേരി ചുണ്ടക്കുന്ന് കെ.എന്‍. ബാവന്കുട്ടി (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചതായി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
ബാവന്കുട്ടി ആം ആദ്മി പാര്‍ട്ടി അംഗവും സമരസമിതി പ്രവര്‍ത്തകനുമാണ്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും താമരശേരി ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിനു മര്‍ദനമേല്‍ക്കുകയും ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 74 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പ്രതികളെ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന നടത്തിയേ തീരൂ എന്നും ഡിഐജി പറഞ്ഞു.
വീഡിയോ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് പ്രതികളുടെ പങ്ക് ഉറപ്പുവരുത്തും. നിരപരാധിയായ ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുത്തുവെന്ന സംഘടനയുടെ ആരോപണം സംബന്ധിച്ച്, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു ഡിഐജിയുടെ പ്രതികരണം. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ രാത്രികളില്‍ കരിമ്പാലക്കുന്ന്, കുടുക്കില്‍ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എട്ടുകേസുകളിലായി അഞ്ഞൂറോളം പേര് പ്രതികളാണ്. അതിനിടെ, ഫ്രഷ് കട്ടിലെ ജീവനക്കാരന്റെ പരാതിയിലും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണു സിപിഎം.
തങ്ങളുടെ നേതാവിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മെഹ്റൂഫിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : sewage treatment plant Police raid begins two arrested