District News
കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപത്ത് ശുചിമു റി മാലിന്യം തള്ളുന്നതു പതിവാകുന്നെന്നു പരാതി. നാവായിക്കുളം തൃക്കോവിൽവട്ടം, 28-മൈയിൽ, താഴെ വെട്ടിയാറ വാർഡുകൾ സംഗമിക്കുന്ന സ്ഥലമാണിത്. ഇവിടെയാണു ശുചിമുറി മാലിന്യം സ്ഥിരമായി ഒഴി ക്കുന്ന ഭാഗമായി മാറിയിരി രിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
മുൻപും ഇവിടെ ശുചിമുറി മാലിന്യവും കോഴിവേസ്റ്റും തള്ളിയിരുന്നു. നിരവധി തവണ ഹെൽത്തിലും പഞ്ചായത്തി ലും പൊലിസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. രണ്ടു തവണ നാട്ടുകാർ വാഹനം പിടിച്ചു പൊലിസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്കെതിരേ നിസാര വകുപ്പുകൾ ചുമത്തി വാഹനങ്ങൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. മാലിന്യങ്ങൾ ഒഴുക്കുന്നതുമൂലം പരിസര പ്രദേശം ദുർഗന്ധപൂരിതമാണ്.
ദുർഗന്ധംമൂലം വഴിയാത്രക്കാർക്ക് ഇതുപഴി സഞ്ചരി ക്കാൻ കഴിയുന്നില്ല. പകർച്ചവ്യാധി-രോഗഭീഷണികൾക്കും ഇതു കാരണമാകുന്നു. മഴ പെയ്യുമ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ മാലിന്യങ്ങൾ എത്തുമോയെന്ന ഭീതി യിലാണ് പ്രദേശവാസികൾ. ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്കു വഴി വയ്ക്കുമെ ന്നും നാട്ടുകാർ ആരോപിക്കു ന്നു. വാർഡ് മെമ്പർമാരായ സജിനാ അശോകൻ, ആശാസുനിൽ, പ്രമോദ്, ബി.എസ്. സുബിത എന്നിവർ വീണ്ടും പരാതി നൽകിയിട്ടുണ്ട്.
District News
നെടുമങ്ങാട് : ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഗഡു ലഭിക്കാത്തതിനെച്ചൊല്ലി വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു. അർഹമായ ഭവനപദ്ധതി ആനുകൂല്യം ലഭിക്കാത്ത 70 വയസുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സമരം തുടരുമെന്ന് അറിയിച്ചു.
സമരത്തിന്റെ ഭാഗമായി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിനെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ദിവസങ്ങളായി ഓഫീസിലെത്തുന്നില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി സമരക്കാരെ അറിയിച്ചു. എന്നാൽ പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലിസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഓഫിസിന്റെ ദൈനംദിന പ്രവർത്തനങ്ങളും തടസപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ എന്നിവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിൻകര: വെങ്ങാനൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട ബാഗും പണവും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നന്ദി പറഞ്ഞു വീട്ടമ്മ.
വീടിന്റെ അസൽ പ്രമാണവും ആധാർ ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയ പേഴ്സാണ് പെരിങ്ങമ്മല സ്വദേശിനി ആര്.എസ്. മിനിക്ക് കെഎസ്ആര്‍ടിസി ബസിലെ യാത്രാമധ്യേ നഷ്ടമായത്. വായ്പാ ആവശ്യത്തിനായി കരുതിയ രേഖകള്‍ നഷ്ടമായെന്നു തിരിച്ചറിഞ്ഞ മിനി നെയ്യാറ്റിന്‍കര ഡിപ്പോയിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര യൂണിറ്റിലെ സ്റ്റേഷൻമാസ്റ്റർമാരായ എം. ഗോപകുമാറും എൻ.കെ. രഞ്ജിത്തും കിഴക്കേക്കോട്ടയിൽനിന്ന് നെയ്യാറ്റിൻകരയിലേക്കു പുറപ്പെട്ട ബസുകളിലെ കണ്ടക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
അവർ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടക്ടർ നിഷ കെ. നായർ ഡ്യൂട്ടി ചെയ്ത ബസിലെ സീറ്റിനടിയിൽനിന്നും പേഴ്സ് കണ്ടെത്തുകയായിരുന്നു. തുടർന്ന് എടിഒയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ കണ്ണൻ പരിശോധനകൾ പൂർത്തിയാക്കി. നഷ്ടപ്പെട്ട പേഴ്സും കാശും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും മിനിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ എ.ടി. ഒ യുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ മാസ്റ്റർമാർ ചേർന്നു കൈമാറി.
District News
കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം "ശലഭസംഗമം 2026' സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സാനുമതി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ.സി. സജിനിമോൾ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കള്ളിക്കാട് ഭുവനചന്ദ്രൻ, എം. സതീഷ്കുമാർ, സിന്ധുലേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ചിത്രാ ഉദയൻ, ബിന്ദു, ആദിശങ്കർ, സുമ, കവിത വിൻസന്റ്, അജിത ഫ്രാങ്ക്ലിൻ, രതീഷ്, അനില, സുകു, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജന കമലൻ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ജനപ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
District News
വെള്ളറട: മലയോര മേഖലയില്‍ വാനരപ്പട പിടിമുറുക്കിയതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലും കടക്കെണിയിലുമെന്ന് ആരോപണം.
ക്രിസ്മസ് വിളവെടുപ്പിന്റെ ഭാഗമായി കൃഷി ചെയ്തിരുന്ന വാഴകൾ പൂർണമായും നശിപ്പിക്കപ്പെട്ടതോടെ കർഷകർ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. തെങ്ങുകളില്‍ കരിക്ക് പരുവമാകുമ്പോള്‍ അവയിലെ വെള്ളം കുടിക്കുകയും പറിച്ചുദൂരെയെറിയുകയും ചെയ്യുന്നുണ്ട്. ചേമ്പ്, കാച്ചില്, മരച്ചീനി തുടങ്ങിയ വിളകള്‍ പൂര്‍ണമായും കാട്ടുപന്നികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്.
കൃഷിനാശമുണ്ടായതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വീര്‍പ്പുമുട്ടുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട് ഇന്നലെ കരിക്കാമന്‍കോട് ബാങ്ക് പ്രസിഡന്റ് ശേഖരദാസും ഭരണസമിതി അംഗങ്ങളും സംഭവസ്ഥലത്തെത്തി. കൃഷിനാശത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയ ധനസഹായം ലഭ്യക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
District News
പാറശാല: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പാറശാല ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബ്ലോക്കുതല കേരളോത്സവം പൊഴിയൂര്‍ എസ്എംആര്‍സി ഗ്രൗണ്ടില്‍ എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷ കുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റമാരായപി.എന്‍. ജിനേഷ്, ബി.എഫ്. രമേശ്, എം. ജെ. ആതിര, സാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ലിജു, പി. സലീല, ആന്‍സി വി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ബിന്ദു കെ. സുകുമാര്‍, പി. പ്രവീണ, കെ. ബിന്ദു, ശോഭന കല്പ്പാസ്, മാറാടി സനല്‍, അഡ്വ. ജി.ജി. പ്രഗീത്, ആര്.കെ. മോഹന്‍കുമാര്‍, വിനിത സന്തോഷ്, ബി.ആര്. അര്‍ച്ചന, ബിഡിഒ എം.ആര്. പ്രേം സുജിത് എന്നിവര്‍ പങ്കെടുത്തു.
District News
വലിയതുറ: ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് എ.സി ബസിൽ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകര വിളക്ക് തീർഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും.
ഇനി മുതൽ ഇരുമുടിക്കെട്ട് നിറച്ച് തീർഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്ആർടിസി ബസിൽ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും. രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്.
വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാനാകും.
District News
തിരുവനന്തപുരം: തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 5.45 ന് ജപമാല ലിറ്റിനിയും നൊവേനയും നടന്നു. വൈകുന്നേരം 6.15ന് ഇടവക വികാരി ഫാ. ജൂലിയസ് സാവിയോ കൊടിയേറ്റി. തുടർന്ന് ആഘോഷകരമായ ദിവ്യബലി നടന്നു. ഫാ. പ്രമോദ് സേവ്യർ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. സജു റോള്‍ഡന്‍ വചനപ്രഘോഷണം നടത്തി.
ഇന്നു വൈകുന്നേരം ആറിന് ജപമാല, ലിറ്റിനി & നൊവേന തുടർന്ന് ആഘോഷകരമായ ദിവ്യബലിയും സന്ധ്യാവന്ദന പ്രാർത്ഥനയും. മുഖ്യകാർമികൻ ഫാ. ജിജോ ജോസ് ആർ. ചെറുവയ്ക്കൽ. തിരുനാൾ ദിവസമായ നാളെ രാവിലെ 6.30.ന് ജപമാല & ലിറ്റിനി തുടർന്ന് ആഘോഷകരമായ തിരുനാൾ ദിവ്യബലി. മുഖ്യകാർമികൻ ഫാ. റെക്സ് മൊറായിസ്, വചനപ്രഘോഷണം ഫാ. ഡാർവിൻ ഫെർണാണ്ടസ്. തുടർന്ന് കൊടിയിറക്ക്.
District News
പൂവാർ: പുറത്ത് നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ആശുപത്രി മുറ്റത്ത് സംഘർഷം. ആശുപത്രിയിൽ ചികിത്സതേടി എത്തിയവർക്കും പിടിച്ചു മാറ്റാൻ ശ്രമിച്ചയാൾക്കും ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു. തീരദേശത്തെ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ സംഘർഷമുണ്ടായത്. പുല്ലുവിള ജംഗ്ഷനിൽ തമ്മിലടിച്ച ശേഷം ചികിത്സക്കെത്തിയ നാലുയുവാക്കളും അവരെ പിൻതുടർന്ന് ഓട്ടോയിൽ എത്തിയ നാലംഗ സംഘവുമാണ് ആശുപത്രിയിൽ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.
സംഘർഷത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിവർക്കാണ് പരിക്കേറ്റത്. പുല്ലുവിള തോട്ടം പുരയിടം ജയാ നിവാസിൽ ആർദ്രർ ബെഞ്ചമിൻ (56), പുതിയതുറ കിണറുവെട്ടിയ പുരയിടത്തിൽ ലത (49), ഭർത്താവ് എബ്രഹാം എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ലതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർദ്രർ ബെഞ്ചമിന്റെ ഭാര്യ ഇവിടെ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയതാണ് ലത. ആർദ്രർ ബെഞ്ചമിനും ലതയ്ക്കും നെഞ്ചിലാണ് കുത്തേറ്റത്. എബ്രഹാമിന്റെ തോളിലാണ് കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം .ആക്രമണം നടക്കുന്നതിന്റെ ദൃശ്യം മൊബെലിൽ പകർത്താൻ ശ്രമിച്ച ആശാവർക്കർ ലതാ സണ്ണിക്ക് തലയ്ക്കും മുഖത്തും മർദ്ദനമേറ്റു. പുല്ലുവിളയിൽ ഇടക്കാലത്ത് നിർമിച്ച പിയാത്ത കാണാനെത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ കിരൺ (21), ഷോൺ (19), ജോണി (20), അതുൽ (20) എന്നിവരും ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് നാല് അംഗ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായതാണ് തുടക്കമെന്ന് പൊലിസ് പറഞ്ഞു.
പുല്ലുവിള ജംഗ്ഷനിൽ ആദ്യം സംഘം തമ്മിൽത്തല്ലിയിരുന്നു. തുടർന്ന് വിഴിഞ്ഞം സ്വദേശികളായ നാല് യുവാക്കളും ചികിത്സതേടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ പിന്തുടർന്ന് എത്തിയ സംഘം അവിടെയും ആക്രമിച്ചു. കാഞ്ഞിരംകുളം പൊലിസ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
District News
തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാൻഡിലായിരുന്ന ആറ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലിസ് ശേഖരിച്ച ശേഷമായിരുന്നു എല്ലാവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്തത്.
കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പൊലിസ്് സ്ഥിരീകരിച്ചു. സിറ്റി പൊലി സ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
District News
വിഴിഞ്ഞം: പരിമിതികളെ തോൽപ്പിച്ച് ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മൂന്നാം തവണയും അഭിമാനകരമായ നേട്ടം കൊയ്ത വിഴിഞ്ഞം മുല്ലൂർ സ്വദേശിനി ചിത്രയെ സർക്കാരും സ്പോർട്സ് കൗൺസിലും ഇക്കുറിയും മറന്നു. കേരളത്തിന് വേണ്ടി വനിതാ വിഭാഗത്തിൽ മെഡലുകൾ കൊയ്യുന്ന ചിത്രയെ അഭിനന്ദിക്കാനോ, ആദരിക്കാനോ ആരും മെനക്കെട്ടില്ല. സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണം സ്വരൂപിച്ച് മധ്യപ്രദേശിൽ പോയി കേരളത്തിന്റെ യശസുയർത്തിയ ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ചിത്രയെ അധികൃതർ അറിഞ്ഞ മട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ദേശീയ തലത്തിൽ തുടർച്ചയായി മെഡലുകൾ സ്വന്തമാക്കിയാണ് ചിത്ര കായികരംഗത്ത് പുതിയ മാതൃകയാകുന്നത്.
നവംബർ 12 മുതൽ 15 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ പാരാ സ്വിമ്മിംഗ് മത്സരങ്ങളിലാണ് ചിത്ര മിന്നും വിജയം ആവർത്തിച്ചത്. ശാരീരിക വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും അടിയറവ് വെച്ച്, ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയുള്ള പ്രയാണത്തിൽ തൊട്ട തെല്ലാം പൊന്നാക്കി .
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിന് സമീപമുള്ള മുല്ലൂർ ഗ്രാമത്തിൽ നിന്നുള്ള ചിത്രയുടെ കായിക യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ദേശീയ വേദികളിൽ തുടർച്ചയായി മൂന്നാം വർഷവും മെഡൽ ജേതാവാകുന്നതിലൂടെ തന്റെ സ്ഥിരതയും അസാധാരണ മികവുമാണ് ചിത്ര തെളിയിച്ചിരിക്കുന്നത്.
പാരാ അത്ലറ്റിക്സ് രംഗത്ത് കേരളത്തിന്റെ പേര് ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്ന ചിത്രയുടെ വിജയം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനവുമായി. പരിമിതികൾ വിജയത്തിന് ഒരിക്കലും തടസമല്ലെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച ചിത്രയുടെ ഈ നേട്ടത്തിൽ മുല്ലൂർ ഗ്രാമവും തിരുവനന്തപുരം ജില്ലയും ഒപ്പം കേരളം മുഴുവൻ അഭിമാനിക്കുകയാണ്. കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുകളും മാതാവിനെ പിടികൂടിയ കഠിന രോഗത്തിലും തെല്ലൊന്ന് തളർന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ മനസു വന്നില്ല. യാത്രക്കും കടുത്ത പരിശീലനത്തിനിടയിലും വിദ്യാഭ്യാസത്തിൽ എംടെക് എന്ന കടമ്പ കടന്നെങ്കിലും വർഷംതോറും ജീവനക്കാരെ നിയമിക്കുന്ന സ്പോർട്സ് കൗൺസിൽ വരെ മറന്നതിന്റെ സങ്കടവുമുണ്ട്. ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച മറ്റ് സംസ്ഥാനങ്ങളിലെ ചാമ്പ്യൻമാർക്ക് മതിയായ പാരിതോഷികം നൽകി സർക്കാർ അവരെ പ്രോത്സാഹിപ്പിച്ചപ്പോഴും ചിത്രക്ക് സമ്മാനമായി അവഗണന മാത്രം മിച്ചം.
District News
തിരുവനന്തപുരം: ആക്ഷൻ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ടും മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ലോക്ഭവൻ മാർച്ചുമായി ബന്ധപ്പെട്ടും നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
പിഎം ജി ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി, നന്ദാവനം, പഞ്ചാപുര ബേക്കറി, ഫ്ലൈഓവർ വഴി പോകേണ്ടതാണ്. ജനറൽ ഹോസ്പിറ്റൽ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അണ്ടർ പാസേജ്, പഞ്ചാപുര ബേക്കറി ,ഫ്ലൈഓവർ വഴി പോകേണ്ടതാണ്. കിഴക്കേകോട്ട ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്, തന്പാനൂർ, പനവിള, ബേക്കറി ജംഗ്ഷൻ വഴി പോകേണ്ടതാണ്.
പേരുർക്കട ഭാഗത്തു നിന്നും വെള്ളയന്പലം വഴി കിഴക്കേക്കോട്ടതന്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ പേരൂർക്കട ഊളന്പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപഴിഞ്ഞി, ശ്രീമുലം ക്ലബ് ജംഗ്ഷൻ വഴുതക്കാട് വിമൻസ് കോളേജ് ജംഗ്ഷൻ വഴിയും ചെറിയ വാഹനങ്ങൾ കവടിയാർഗോൾഫ് ലിങ്ക്സ്പൈപ്പിൻമൂട്ശാസ്തമംഗലം വഴിയും പോകേണ്ടതാണ്.
കിഴക്കേക്കോട്ട, തന്പാനൂർ ഭാഗത്ത് നിന്നും പേരൂർക്കട ശാസ്തമംഗലം ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ ഓവർബ്രിഡ്ജ്, തന്പാനൂർ, പനവിള ബേക്കറി അണ്ടർപാസേജ്, ആശാൻസ്ക്വയർ, ജി വി രാജ, പി എം ജി, പ്ലാമൂട്, മരപ്പാലം , കുറവൻകോണം, കവടിയാർ വഴിയും ചെറിയ വാഹനങ്ങൾ ഓവർബ്രിഡ്ജ് തന്പാനൂർ ,പനവിള, ബേക്കറി, അണ്ടർപാസേജ്, ആശാൻസ്ക്വയർ, ജി വി രാജ, കോർപറേഷൻ ഓഫീസ്, നന്തൻകോട്, ദേവസ്വം ബോർഡ്, ഗോൾഫ് ലിങ്ക്സ് വഴിയും പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അണ്ടർ പാസേജ്, ബേക്കറി ഫ്ളൈ ഓവർ പനവിള വഴിയോ , പാറ്റൂർ വഞ്ചിയൂർ ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.
ഉപരോധത്തിൽ പങ്കെടുക്കാൻ വരുന്ന പ്രവർത്തകരുടെ വലിയ വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് പാപ്പനംകോട് പള്ളിച്ചൽ , തിരുവല്ലം കോവളം, ചാക്ക ഓൾസെയിന്റ്സ് എന്നീ റോഡുകളുടെ വശങ്ങളിൽ ഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
District News
നെടുമങ്ങാട് : ടൗണിലും പരിസരങ്ങളിലും മോഷണം പെരുകുന്നു.പൊലിസ് നിഷ്ക്രിയംഎന്ന് ആക്ഷേപം.മോഷണത്തിൽ പണം നഷ്ടപ്പെട്ടുവെന്ന പരാതി നിലനിൽക്കെ അതേയിടത്ത് വീണ്ടും മോഷണം. ഒരുമാസത്തിനുള്ളിൽ നെടുമങ്ങാട് നഗരത്തിൽ നടന്ന് പത്തോളം മോഷണങ്ങൾ.
വിവിധ പത്രങ്ങളുടെ ഏജന്റ് ആയ ദിലീപിന്റെ കല്ലിംഗലിലുള്ള ഓഫിസ് മുറി ഇക്കഴിഞ്ഞ 13ന് മോഷ്ടാക്കൾ കുത്തിത്തുറന്ന് 31000 രൂപ കവർന്നിരുന്നു. ഇതുസംബന്ധിച്ച് നെടുമങ്ങാട് പൊലിസിൽ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം അതേ ഓഫിസ് മുറിയിൽ വീണ്ടും മോഷണം നടന്നു. 200 രൂപയും ഒരു ബോക്സിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന കുറേ പത്തു രൂപാ തുട്ടുകളും മോഷണം പോയി. രണ്ടാഴ്ച മുമ്പ് നഗര മധ്യത്തിലെ ഒരു ജ്വല്ലറിയിലും മൊബൈൽ ഷോപ്പിലും സമീപത്തെ മറ്റുചില സ്ഥാപനങ്ങളിലും അടുത്തടുത്ത ദിവസങ്ങളിൽ മോഷണം നടന്നിരുന്നു.
ലക്ഷങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടു ദിവസങ്ങൾക്ക് ശേഷം നഗരത്തോട് ചേർന്നുള്ള വാളിക്കോട് പ്രദേശത്തെ ചില സ്ഥാപനങ്ങളിലും അതേവിധം മോഷണം നടന്നു. പൊലിസ് സ്റ്റേഷന് സമീപത്തു കോയിക്കൽ മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന രൂപ കവർന്ന മോഷ്ടാക്കളും കാണാമറയത്താണ്.
District News
തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി കവർച്ചയിൽ മുഖ്യപ്രതി അമുലിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങി. അമുലിന്റെ അക്കൗണ്ടുകളിലേക്ക് വന്നതും പോയതുമായ പണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് അന്വേഷണ സംഘം ബന്ധപ്പെട്ട ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി അമുലാണ് മറ്റ് പ്രതികൾക്ക് പണം നൽകിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് അമുലിന്റെയും കൂട്ടുപ്രതികളുടെയും സാന്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കാരണം.
എല്ലാ പ്രതികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ച ചെയ്തെടുക്കുന്ന സ്വർണം അഞ്ചായി പകുത്തെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ അതെല്ലാം പാളുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് സംശയിക്കുന്ന ജയറാമിനെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ജയറാമിനെ പുതിയ തട്ടിപ്പ് കേസിൽ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. സ്വർണക്കവർച്ച കേസിൽ ഇയാളുടെ പങ്കിന് ശക്തമായ തെളിവ് ലഭിച്ചാലുടൻ പ്രതിയാക്കാനാണ് പൊലിസിന്റെ നീക്കം.
ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ കവർച്ച ചെയ്ത് രണ്ട് കിലോ സ്വർണം അപഹരിക്കാൻ ആസൂത്രണം ചെയ്തതിന് പിന്നിൽ പൊലിസ് ജയറാമിനെ സംശയിക്കുന്നുണ്ട്. ജയറാമിനെതിരെ പല വിധത്തിലുള്ള പരാതികളും ഓരോ ദിവസവും ഫോർട്ട് പൊലിസിന് ലഭിച്ച് കൊണ്ടിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാവരും റിമാൻഡിലാണ്.
District News
കഴക്കൂട്ടം : ആറ്റിങ്ങലിൽ നിന്നും എൻ എച്ച് വഴി സെന്റ് സേവ്യേഴ്സ് കോളജിലേക്കുള്ള ഏക കെഎസ്ആർടിസി ബസ് മുടങ്ങിയതിൽ രക്ഷാകർത്താക്കളും വിദ്യാർഥികളും പ്രതിഷേധിച്ചു . പൂവാറിൽ നിന്നും കോളജ് വഴി തുടങ്ങിയ പെരുമാതുറ പ്രിയദർശിനി ബസും മുടങ്ങി. ഇതിനു പരിഹാരം കാണണമെന്ന് പിടിഎ.ആവശ്യപ്പെട്ടു .
സ്ഥാനം ഒഴിഞ്ഞ പിടിഎ പ്രസിഡൻ്റ് എസ്.സുനിൽ ജോണിനെ കോളജ് മാനേജർ ഫാ . ഡോ. സണ്ണി ജോസ് പൊന്നാട അണിയിച്ചാദരിച്ചു . പുതിയ പിടിഎ പ്രസിഡന്റായി പി . ജയകുമാറിനെ തെരഞ്ഞെടുത്തു . അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് വരണാധികാരിയായി . കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. തോമസ് സ്കറിയ , വൈസ് പ്രിൻസിപ്പലുമാരായ സബ്. ലഫ്. എം.രാജേഷ് , ഡോ. ഒ.രേണുക, ബർസാർ ഫാ . ഡോ . ബിജു ജോയി, പിടിഎ സെക്രട്ടറി ഡോ. ജി.വി. ഷീജാമോൾ എന്നിവർ പ്രസംഗിച്ചു.
District News
ആറ്റിങ്ങൽ: രാത്രി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടി വാഹനം തടയുവാൻ ശ്രമിച്ച എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ച് കാർ. ദേശീയപാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം.
ആലംകോട് ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ കച്ചേരി ജംഗ്ഷനിൽ വെച്ച് ബിടിഎസ് റോഡിലേക്ക് തിരിഞ്ഞു.
വാഹനത്തിലെ മോഡിഫിക്കേഷൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോകുവാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഈ ഭാഗത്ത് നിന്ന എംവിഡി ഉദ്യോഗസ്ഥൻ വാഹനം തടയുവാൻ കാറിനു മുന്നിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെ ഇടിച്ചാണ് കാർ നിന്നുന്നത്. ഇദ്ദേഹം കാറിന്റെ ബോണറ്റിലേക്ക് വീണു.
മണനാക്ക് സ്വദേശി ആഷിക്കാണ് കാർ ഓടിച്ചിരുന്നത്. വാഹനത്തിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് പരിക്കുകളൊന്നുമില്ല. എന്നാൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 42000 രൂപയുടെ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. ഇതിനുപുറമെ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം രാത്രി വാഹനത്തിനു മുന്നിലേക്ക് എടുത്തുചാടിയുള്ള വാഹനം തടയലും വാഹന പരിശോധനയും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥനടപടിയെ വിമർശിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്ത് വന്നു.
District News
വർക്കല: വിനോദസഞ്ചാര മേഖലയിലെ റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. വർക്കല ഹെലിപാഡ് പരിസരത്ത് പ്രവർത്തിക്കുന്ന ബുദ്ധ കഫേ, ബാബാ കി ദാബ, ലിറ്റിൽ ടിബറ്റ്, ഏഷ ടൂറിസ്റ്റ് ഹോം, മാമൂസ് തുടങ്ങിയ റസ്റ്ററന്റുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.
പഴകിയ ചിക്കൻ റൈസ്, പൊറോട്ട, ഞണ്ട് വിഭവങ്ങൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു. അതേസമയം, വർക്കല ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, ദ്വാരക ഹോട്ടൽ എന്നിവിടങ്ങളിലെ പാചകപ്പുരകൾ വൃത്തിഹീനമായ നിലയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ അധികൃതർക്ക് ന്യൂനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വിനോദസഞ്ചാരികളുടെ സുരക്ഷയും ഭക്ഷ്യശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
District News
നെടുമങ്ങാട് : റവന്യൂ ടവറിൽ സ്ഥാപിച്ച ജനറേറ്റർ വർഷങ്ങളായി പ്രവർത്തിപ്പിക്കാതെ ഉപയോഗ ശൂന്യമായി നശിക്കുന്നു. ഇതു സ്ഥാപിച്ചിട്ട് മൂന്നു വർഷത്തോളം ആയിട്ടും ഇതു വരെ ഇതു ഓൺ ചെയ്തിട്ട് പോലുമില്ല. താലൂക്ക് ആർ ഡി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ സ്ഥാപിച്ചതാണ് ജനറേറ്റർ. എന്നാൽ ഇവിടെ കറന്റ് പോയാൽ ലിഫ്റ്റ് ഉൾപ്പെടെയുള്ളവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ലക്ഷങ്ങൾ വിലയുള്ള ജനറേറ്റർ എന്തിന് വേണ്ടിയാണ് സ്ഥാപിച്ചത് എന്നാണ് പൊതുജനം ചോദിക്കുന്നത്.
District News
വെള്ളറട:കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് - ഗൈഡ്സ് യൂണിറ്റ് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ഒന്‍പതാം വാര്‍ഡിലെ രോഗികള്‍ക്കായി സ്വരൂപിച്ച വീല്‍ ചെയറുകളും മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. മഞ്ജുള ആർഎംഒ ഡോ. ജെ. ജയകുമാറിന് കൈമാറുന്നു. എസ് എം സി ചെയര്മാന് കെ.കൃഷ്ണന് കുട്ടി, റോവര്‍ സ്കൗട്ട് ലീഡര്‍ ഡോ.ഇ.ബൈജു, റേഞ്ചര്‍ ലീഡര്‍ ആനി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പാറശാല: സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ നേതൃത്വത്തില്‍ ഓട്ടോണമസ് ഇലക്ട്രിക് വാഹനങ്ങളില്‍ എഐ മെഷീന് ലേണിംഗ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ദേശീയ ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു ദിവസം നീണ്ടുനിന്ന പ്രോഗ്രാം അടല്‍ ഫാക്കല്‍റ്റി ഡവലപ്മെന്റ് സ്കീമിന്റെ സ്പോണ്സര്ഷിപ്പോടെയാണ് സംഘടിപ്പിച്ചത് . ടാറ്റ എല്‍ക്സി സെന്റര്‍ ഹെഡ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.ജി. മാത്യു അധ്യക്ഷത വഹിച്ചു. ഇസിഇ വിഭാഗം മേധാവി ഡോ. ജീനു പോള്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്.അഞ്ജു, ഡോ. അനു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
District News
ആറ്റിങ്ങൽ: എസ്ബിഐ ആറ്റിങ്ങൽ ബ്രാഞ്ചിൽ നിന്ന് പരവൂർക്കോണം ഗവ. എൽപി സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം, ഹൈടെക് കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യൂരിഫയർ എന്നിവ ഉൾപ്പെടുന്ന ഏഴ് ലക്ഷം രൂപയുടെ വികസന പാക്കേജും നക്രാംകോട് ഗവ. അങ്കണവാടിക്ക് സ്മാർട്ട് ടിവി, വാട്ടർ പ്യൂരിഫയർ, സ്റ്റഡി ആൻഡ് പ്ലേ ഉപകരണങ്ങൾ, ജിപ്സം ബോർഡ് റൂഫിംഗ് എന്നിവ ഉൾപ്പെടുന്ന രണ്ട് ലക്ഷം രൂപയുടെ പാക്കേജും അനുവദിച്ചു.
എസ്ബിഐ തിരുവനന്തപുരം റീജണൽ ഓഫിസ് ചീഫ് മാനേജർ നവീന ഗോപിനാഥ് ഫണ്ട് സ്കൂൾ അധികൃതർക്കും അങ്കണവാടി അധികൃതർക്കും കൈമാറി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം.പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴാം വാർഡ് കൗൺസിലർ പ്രിയ സാബു, എട്ടാം വാർഡ് കൗൺസിലർ ഗായത്രി ദേവി, എസ്ബിഐ ആറ്റിങ്ങൽ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീപ്രിയ, സ്കൂൾ പിടിഎ. ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.