ചിത്ര
വിഴിഞ്ഞം: പരിമിതികളെ തോൽപ്പിച്ച് ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മൂന്നാം തവണയും അഭിമാനകരമായ നേട്ടം കൊയ്ത വിഴിഞ്ഞം മുല്ലൂർ സ്വദേശിനി ചിത്രയെ സർക്കാരും സ്പോർട്സ് കൗൺസിലും ഇക്കുറിയും മറന്നു. കേരളത്തിന് വേണ്ടി വനിതാ വിഭാഗത്തിൽ മെഡലുകൾ കൊയ്യുന്ന ചിത്രയെ അഭിനന്ദിക്കാനോ, ആദരിക്കാനോ ആരും മെനക്കെട്ടില്ല. സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണം സ്വരൂപിച്ച് മധ്യപ്രദേശിൽ പോയി കേരളത്തിന്റെ യശസുയർത്തിയ ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ചിത്രയെ അധികൃതർ അറിഞ്ഞ മട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ദേശീയ തലത്തിൽ തുടർച്ചയായി മെഡലുകൾ സ്വന്തമാക്കിയാണ് ചിത്ര കായികരംഗത്ത് പുതിയ മാതൃകയാകുന്നത്.
നവംബർ 12 മുതൽ 15 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ പാരാ സ്വിമ്മിംഗ് മത്സരങ്ങളിലാണ് ചിത്ര മിന്നും വിജയം ആവർത്തിച്ചത്. ശാരീരിക വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും അടിയറവ് വെച്ച്, ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയുള്ള പ്രയാണത്തിൽ തൊട്ട തെല്ലാം പൊന്നാക്കി .
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിന് സമീപമുള്ള മുല്ലൂർ ഗ്രാമത്തിൽ നിന്നുള്ള ചിത്രയുടെ കായിക യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ദേശീയ വേദികളിൽ തുടർച്ചയായി മൂന്നാം വർഷവും മെഡൽ ജേതാവാകുന്നതിലൂടെ തന്റെ സ്ഥിരതയും അസാധാരണ മികവുമാണ് ചിത്ര തെളിയിച്ചിരിക്കുന്നത്.
പാരാ അത്ലറ്റിക്സ് രംഗത്ത് കേരളത്തിന്റെ പേര് ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്ന ചിത്രയുടെ വിജയം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനവുമായി. പരിമിതികൾ വിജയത്തിന് ഒരിക്കലും തടസമല്ലെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച ചിത്രയുടെ ഈ നേട്ടത്തിൽ മുല്ലൂർ ഗ്രാമവും തിരുവനന്തപുരം ജില്ലയും ഒപ്പം കേരളം മുഴുവൻ അഭിമാനിക്കുകയാണ്. കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുകളും മാതാവിനെ പിടികൂടിയ കഠിന രോഗത്തിലും തെല്ലൊന്ന് തളർന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ മനസു വന്നില്ല. യാത്രക്കും കടുത്ത പരിശീലനത്തിനിടയിലും വിദ്യാഭ്യാസത്തിൽ എംടെക് എന്ന കടമ്പ കടന്നെങ്കിലും വർഷംതോറും ജീവനക്കാരെ നിയമിക്കുന്ന സ്പോർട്സ് കൗൺസിൽ വരെ മറന്നതിന്റെ സങ്കടവുമുണ്ട്. ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച മറ്റ് സംസ്ഥാനങ്ങളിലെ ചാമ്പ്യൻമാർക്ക് മതിയായ പാരിതോഷികം നൽകി സർക്കാർ അവരെ പ്രോത്സാഹിപ്പിച്ചപ്പോഴും ചിത്രക്ക് സമ്മാനമായി അവഗണന മാത്രം മിച്ചം.
Tags : Chitra Nattuvishesham DistrictNews pride to Kerala?