പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി കവർച്ചയിൽ മുഖ്യപ്രതി അമുലിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങി. അമുലിന്റെ അക്കൗണ്ടുകളിലേക്ക് വന്നതും പോയതുമായ പണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് അന്വേഷണ സംഘം ബന്ധപ്പെട്ട ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി അമുലാണ് മറ്റ് പ്രതികൾക്ക് പണം നൽകിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് അമുലിന്റെയും കൂട്ടുപ്രതികളുടെയും സാന്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കാരണം.
എല്ലാ പ്രതികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ച ചെയ്തെടുക്കുന്ന സ്വർണം അഞ്ചായി പകുത്തെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ അതെല്ലാം പാളുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് സംശയിക്കുന്ന ജയറാമിനെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ജയറാമിനെ പുതിയ തട്ടിപ്പ് കേസിൽ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. സ്വർണക്കവർച്ച കേസിൽ ഇയാളുടെ പങ്കിന് ശക്തമായ തെളിവ് ലഭിച്ചാലുടൻ പ്രതിയാക്കാനാണ് പൊലിസിന്റെ നീക്കം.
ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ കവർച്ച ചെയ്ത് രണ്ട് കിലോ സ്വർണം അപഹരിക്കാൻ ആസൂത്രണം ചെയ്തതിന് പിന്നിൽ പൊലിസ് ജയറാമിനെ സംശയിക്കുന്നുണ്ട്. ജയറാമിനെതിരെ പല വിധത്തിലുള്ള പരാതികളും ഓരോ ദിവസവും ഫോർട്ട് പൊലിസിന് ലഭിച്ച് കൊണ്ടിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാവരും റിമാൻഡിലാണ്.
Tags : Investigation focused Nattuvishesham DistrictNews bank accounts