തണ്ണിമത്തൻ കൃഷിയിലെ കൂട്ടായ്മ വിജയം
സുരേഷ്കുമാർ കളർകോട്
Saturday, May 17, 2025 10:40 AM IST
കേരളത്തിൽ ചൂട് കൂടി വരുന്ന മാസങ്ങളിലും പ്രത്യേകിച്ച് നോന്പ് കാലങ്ങളിലുമാണ് തണ്ണിമത്തന് ആവശ്യക്കാരേറെയുള്ളത്. പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പാനീയ ഫലമാണ് തണ്ണിമത്തൻ.
സീസണായാൽ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലുമുള്ള തണ്ണിമത്തൻ വില്പനയ്ക്കായി വഴിയോരങ്ങളിലും ശീതളപാനീയ കടകളിലും ധാരാളമായുണ്ടാകും. കേരളത്തിലും തണ്ണിമത്തൻ കൃഷി വ്യാപകമായി ചെയ്തു വരുന്നു.
അടുത്ത കാലത്ത് ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ സുഹൃത്തുക്കൾ ചേർന്നു ന· എന്ന പേരിൽ രൂപീകരിച്ച കൃഷി കൂട്ടം, നാഷണൽ ഹൈവേയിൽ നിന്ന് അഞ്ഞുറുമീറ്റർ കിഴക്കു മാറി ചൊരി മണലിൽ ഇറക്കിയ തണ്ണിമത്തൻ കൃഷി ഏറെ ശ്രദ്ധ നേടിയിരുന്നു.
പുന്നപ്ര മീത്തിൽ പറന്പിൽ വീട്ടിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ സത്താറിന്റെ നേതൃത്വത്തിൽ നൗഷാദ്, അഷറഫ്, നവാസ്, സാനു എന്നിവർ ചേർന്ന് നടത്തിയ പച്ചക്കറി കൃഷിക്കൊപ്പമാണ് തണ്ണിമത്തനും കൃഷി ചെയ്തത്. തരിശായി കിടന്ന കരപ്പാടം കൃഷി യോഗ്യമാക്കിയാണ് തണ്ണിമത്തൻ നട്ടത്.
70-80 ദിവസം കൊണ്ട് വിളവെടുക്കാവുന്ന തണ്ണിമത്തൻ അൻപതു സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. തികച്ചും വിഷരഹിതമായി കൃഷി ചെയ്ത തണ്ണിമത്തന് വലിയ ഡിമാൻഡാണെന്ന് കൃഷികൂട്ടത്തിലെ അംഗങ്ങൾ പറഞ്ഞു.
ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയാണ് തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം. തുള്ളി നന രീതിയിലാണ് ജലസേചനം. ആലപ്പുഴ പുന്നപ്ര ഭാഗത്ത് ആദ്യമായിട്ടാണ് തണ്ണിമത്തൻ കൃഷി. നല്ലൊരു ശതമാനം തണ്ണിമത്തനും കൃഷിസ്ഥലത്തു തന്നെ വിറ്റഴിക്കപ്പെടുന്നു.
തണ്ണിമത്തൻ കൂടാതെ ചീര, പയർ, വെണ്ട, പടവലം, പാവൽ എന്നിവയും സംഘം കൃഷി ചെയ്യുന്നുണ്ട്. കൃഷി ഓഫീസർ നീരജ കൃഷിക്കാവശ്യമായ സഹായ ങ്ങളും നിർദേശങ്ങളും നൽകി വരുന്നു.
ഫോണ്: 9567402773.