അക്വേറിയം വൃത്തിയാക്കുന്പോൾ
Tuesday, May 20, 2025 3:27 PM IST
അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്ററുകളും ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുകയാണെങ്കിൽ വെള്ളം മാറ്റേണ്ടതില്ല. ബാഷ്പീകരണം മൂലം കുറയുന്ന വെള്ളം ഒഴിച്ചാൽ മതി.
ഫിൽറ്ററുകളില്ലാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ, ടാങ്കിലെ ജലം മൊത്തം മാറ്റരുത്. നാലിൽ ഒന്നു ഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതി. ക്ലോറിൻ ജലം മത്സ്യങ്ങൾക്കു മാരകമാണെന്ന് ഓർക്കുക.
മാലിന്യം മാറ്റാൻ 5 മി. മീ. വ്യാസമുള്ള റബർ ട്യൂബ് സൈഫണ് ആയി ഉപയോഗിക്കാം. അക്വേറിയത്തിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് തീരെ കുറയുന്പോൾ ജലം പാൽ നിറത്തിലാകും. അപ്പോൾ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കണം.
ഒപ്പം ടാങ്കിൽ ചെടികൾ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും വേണം. ടാങ്കിന്റെ പിൻഭാഗത്ത് സീനറി പേപ്പർ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത കുറച്ച് ആൽഗകളുടെ വളർച്ച നിയന്ത്രിയ്ക്കാം. സിൽവർ കാർപ്പ്, പൂമീൻ എന്നിവയെ നിക്ഷേപിക്കുന്നതു നല്ലതാണ്.
ടാങ്കിന്റെ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ആൽഗകളെ മാറ്റാൻ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ചു അമർത്തി തുടച്ചാൽ മതി. തവിട്ടുനിറത്തിലുള്ള ആൽഗകളെ മാറ്റാൻ കറിയുപ്പ് ലായനി ഉപയോഗിച്ചു തുടയ്ക്കുന്നതു നല്ലതാണ്.
ആൽഗകളെ മാറ്റുന്ന മാഗ്നറ്റിക് ആൽഗൾ സ്ക്രാപ്പറുകൾ വിപണിയിൽ കിട്ടും. ജലോപരിതലത്തിൽ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കിൽ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് നീക്കം ചെയ്യണം.