കൃഷിയിൽ അറുപതാണ്ട്
Wednesday, May 21, 2025 12:49 PM IST
നെല്ലും മീനും തെങ്ങും വാഴയും പച്ചക്കറികളുമടങ്ങുന്ന കുട്ടനാടൻ സംയോജിത കൃഷിയിൽ ആറ് പതിറ്റാണ്ടിന്റെ അനുഭവസന്പത്തുണ്ട് ആലപ്പുഴ ജില്ലയിൽ മാന്പുഴക്കരി കരിവേലിത്തറ ജോസഫ് കോരയ്ക്ക്.
ലാഭനഷ്ടങ്ങളുടെ കണക്കെഴുതാതെ, കൂടെ നിൽക്കുന്നവരെയും അന്നമൂട്ടി 83-ാം വയസിലും തുടരുന്ന കൃഷി ആഭിമുഖ്യം അദ്ദേഹത്തിനു പൈതൃകമായി ലഭിച്ചതാണ്.
പ്രശസ്ത നെൽകർഷകനും പഴയ തിരുവിതാംകൂർ-തിരുകൊച്ചി മന്ത്രിസഭകളിൽ അംഗവുമായിരുന്ന പിതാവ് കെ.എം. കോരയിൽ നിന്നാണ് ജോസഫ് കോര എന്ന അപ്പച്ചൻ കൃഷിയുടെ ആദ്യപാഠങ്ങൾ പഠിച്ചത്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കൃഷിരീതികളിലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച അദ്ദേഹത്തിന് എക്കാലത്തും കൃഷി ഒരു ലഹരിയായിരുന്നു. അതിനുള്ള അംഗീകാരമായി പുരസ്കാരങ്ങൾ പലതു ലഭിച്ചിട്ടുമുണ്ട്.
ഏറ്റവും അവസാനം ആലപ്പുഴ ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആർ. ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. രാഷ്ട്രീയത്തിലും കൃഷിയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന പിതാവ് കെ.എം. കോരയുടെ കാലത്ത് വീട്ടിൽ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
പല ആവശ്യങ്ങളുമായി പുലർച്ചെ മുതൽ രാത്രി വൈകുവോളം എത്തിയിരുന്ന ആൾക്കൂട്ടത്തെ കണ്ടാണ് അപ്പച്ചൻ വളർന്നത്. ആറു മക്കളാണ് കെ.എം. കോര-ത്രേസ്യാമ്മ ദന്പതികൾക്കുള്ളത്. നാലാണും രണ്ടു പെണ്ണും.
എല്ലാവരും പഠിക്കാൻ മിടുക്കർ. ആണ് മക്കളിൽ മൂന്നാമനായിരുന്നു അപ്പച്ചൻ. വിദേശത്ത് ഉപരിപഠനത്തിന് പോയ മൂന്ന് സഹോദരന്മാരിൽ രണ്ടു പേർ നാട്ടിലെത്തി ജോലിയിൽ പ്രവേശിച്ചു. ഒരാൾ അമേരിക്കയിൽ തുടർന്നു.

കോഴിക്കോട് ദേവഗിരി കോളജിൽ പ്രീ യൂണിവേഴ്സിറ്റി പൂർത്തിയാക്കിയ അപ്പച്ചൻ, ഡിഗ്രിക്ക് എറണാകുളം സെന്റ് അൽബർട്സിൽ ചേർന്നെങ്കിലും കോളറ ഭീതിയിൽ കോളജ് അടച്ചതോടെ നാട്ടിലേക്കു പോന്നു. പിന്നീട്, ചങ്ങനാശേരി എസ്ബിയിലെത്തി ഡിഗ്രിക്ക് ചേർന്നു.
എസ്ബിയിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾ, 24-ാം വയസിലായിരുന്നു വിവാഹം. 1968ൽ ബികോം ബിരുദം നേടിയ ശേഷം പിതാവിനൊരു സഹായമെന്ന നിലയിൽ കൃഷിയിലേക്കു തിരിഞ്ഞെങ്കിലും സ്വന്തമായൊരു തൊഴിൽ വേണമെന്ന ചിന്തയിൽ 1969ൽ ചങ്ങനാശേരിയിൽ ഒരു കോൾഡ് സ്റ്റോറേജ് തുടങ്ങി.
1971 മേയ് ഒന്നിന് പിതാവ് മരിച്ചതോടെ കോൾഡ് സ്റ്റോറേജ് നിറുത്തി കൃഷിയുടെ പൂർണ ഉത്തരവാദിത്വം അപ്പച്ചൻ ഏറ്റെടുത്തു. കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മറ്റൊന്നും അപ്പച്ചന്റെ മനസിലുണ്ടായിരുന്നില്ല. പിന്നെ ആറുമാസം തിരക്കോട് തിരക്ക്.
പിതാവ് കൃഷിയിടം മക്കൾക്കെല്ലാമായി വീതിച്ചു നൽകിയിരുന്നെങ്കിലും മറ്റുള്ളവരാരും സ്ഥലത്തില്ലാതിരുന്നതിനാൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കേണ്ട ഉത്തരവാദിത്വം അപ്പച്ചനായിരുന്നു. വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലായി 100 ഏക്കർ നെൽപ്പാടം.
അതിനു ചുറ്റും 16 ഏക്കറോളം വരുന്ന കരഭൂമി. അതിൽ നിറയെ തെങ്ങും വാഴയും. അതുകൊണ്ടു തന്നെ നിന്നു തിരിയാൻ നേരം കിട്ടിയില്ല. അക്കാലത്ത് കുട്ടനാട്ടിൽ ഒറ്റകൃഷിയാണ്. കൊച്ചുവിത്ത്, കുഞ്ഞതിക്കര തുടങ്ങിയ നാടൻ നെല്ലിനങ്ങളാണ് പ്രധാനമായും വിതച്ചിരുന്നത്.
പിതാവിന്റെ കാലത്ത് 1965-66 കാലഘട്ടത്തിൽ കൃഷി വകുപ്പ് അവതരിപ്പിച്ച തൈനാൻ -3 എന്ന വിത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തെങ്കിലും വിജയിച്ചില്ല. അതിന്റെ അരി പെട്ടന്ന് വെന്ത് പശയാകുന്നതായിരുന്നു കാരണം.

പട്ടാന്പി നെല്ല് ഗവേഷണ കേന്ദ്രം കണ്ടെത്തിയ പിടിബി -20 എന്ന നെല്ലിനമാണ് ആദ്യമായി കുട്ടനാട്ടിൽ എത്തിയ അത്യുത്പാനശേഷിയുള്ള വിത്ത്. പിന്നീട് ഐആർ എട്ട്, ജയ, പവിഴം, ജ്യോതി (1285), ഉമ (ഡി1) തുടങ്ങിയ വിത്തിനങ്ങളും എത്തി.
കൃഷിയുടെ സമയദൈർഘ്യം കുറയ്ക്കാൻ പുരയിടത്തിൽ നെൽ വിത്ത് പാകി കിളിർപ്പിച്ചു പറിച്ചു നടുന്ന ജപ്പാൻ മോഡലും പാടങ്ങളിൽ പരീക്ഷിച്ചെങ്കിലും ഏറെക്കാലം തുടർന്നില്ല.
കുട്ടനാട്ടിൽ നെൽപാടം ഒരുക്കൽ മുതൽ വിളവെടുപ്പ് വരെ കൃഷിക്ക് ഏകദേശം ആറുമാസത്തോളം സമയം വേണം. സാധാരണ നവംബറിൽ വിതച്ച് മാർച്ച്- ഏപ്രിൽ മാസത്തിൽ കൊയ്ത്ത് എന്നതായിരുന്നു രീതി.
കൊയ്ത്തു കഴിഞ്ഞ് നെൽപ്പുരയിൽ നെല്ല് നിറച്ച്, കച്ചിപ്പുരയിൽ വൈക്കോലും കയറ്റിയാൽ പിന്നെ വിശ്രമിക്കാം. കൊയ്ത്ത് എന്നാൽ കുട്ടനാട്ടുകാർക്ക് ശരിക്കും ഉത്സവമായിരുന്നുവെന്ന് അപ്പച്ചൻ ഓർക്കുന്നു.
കൊയ്ത്തു കാലത്ത് പന്ത കെട്ടി, വയ്പും കുടിയുമായി മാസങ്ങളോളം പാടവരന്പുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ ആരവം ഇപ്പോഴും അദ്ദേഹത്തിന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്. പന്പയാറ്റിലൂടെ നെല്ലും കച്ചിയും കയറ്റി നിരനിരയായി പോകുന്ന പത്തേമാരികൾ പതിവ് കാഴ്ചയായിരുന്നു.
പുഞ്ച കൊയ്ത്തു കഴിഞ്ഞാൽ ആറുമാസം പാടത്ത് വെള്ളം കയറ്റിയിടും. അടുത്ത കൃഷിക്കായി തൂന്പ, പാര, കൊട്ട, വട്ടി, പായ, വള്ളം തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതും പുതിയതു വേണമെങ്കിൽ വാങ്ങുന്നതുമൊക്കെ അപ്പോഴാണ്.
പുഞ്ച പാടങ്ങളോട് ചേർന്നുള്ള ചിറകളിലാണു നെൽകൃഷിക്കൊപ്പം വാഴയും പച്ചക്കറികളും മറ്റും നടുന്നത്. എന്നാൽ, രണ്ടു കൃഷിയുള്ള പാടങ്ങളുടെ ചിറകളിൽ 12 മാസവും പച്ചക്കറികളും വാഴയും കൃഷി ചെയ്യാം.

ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന കാലമാണത്. അതു നേരിടാൻ സർക്കാർ കർഷകരിൽ നിന്നു ലെവി എന്ന പേരിൽ നെല്ല് അളന്നെടുത്തിരുന്നു. ഒരു പറ നെല്ലിന് മൂന്നു രൂപ പ്രകാരമാണ് വില നിൽകിയിരുന്നത്. പൊതുമാർക്കറ്റിൽ അപ്പോൾ ഒരു പറ നെല്ലിന് 13.5 രൂപ വിലയുണ്ട്.
കൊയ്ത്ത് കഴിയുന്പോൾ ലെവിയെടുക്കാൻ ഉദ്യോഗസ്ഥർ കളങ്ങളിൽ എത്തും. ഏക്കർ അടിസ്ഥാനത്തിൽ പല സ്ലാബുകളിലായിരുന്നു ലെവി. ഒരേക്കർ മാത്രം കൃഷിയുള്ളവർക്ക് ലെവിയില്ല. ഈ ഇനത്തിൽ ഒരു സീസണിൽ 530 ക്വിന്റൽ നെല്ല് വരെ അപ്പച്ചൻ സർക്കാരിനു കൊടുത്തിട്ടുണ്ട്.
അത്യുത്പാദന ശേഷിയുള്ള വിത്തുകൾ വരുന്നതിനു മുന്പ് നെല്ല് പുഴുക്ക് കുട്ടനാട്ടിലെ പ്രധാന കുടിൽ വ്യവസായമായിരുന്നു. ഒരു ക്വിന്റൽ നെല്ലിൽ നിന്ന് ഒരു ചാക്ക് അരിയാണു കിട്ടിയിരുന്നത്. ഒരു ചാക്ക് എന്നാൽ, 72 കിലോ.
അത്രയും നെല്ല് പുഴുങ്ങി ഉണങ്ങി കുത്തി അരിയാക്കി കടകളിലെത്തിച്ച് വിൽക്കാൻ ഒരു കുടുംബത്തിലുള്ളവർ ധാരാളമായിരുന്നു. ഉത്പാദനശേഷി കൂടിയ വിത്തിനങ്ങൾ വന്നതോടെ വൻകിട മില്ലുകാർ എത്തിത്തുടങ്ങി.
ഒരു നെല്ലും മീനും
അങ്ങനെ പരന്പരാഗത കൃഷി രീതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ്, ഇങ്ങനെ വർഷത്തിൽ ആറു മാസം പാടത്ത് വെള്ളം കയറ്റിയിടാതെ അധിക വരുമാനമുണ്ടാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അപ്പച്ചൻ ചിന്തിച്ചത്.
പടിഞ്ഞാറൻ പാടശേഖരങ്ങളിൽ രണ്ടു കൃഷി സാധ്യമായിരുന്നെങ്കിലും നെടുമുടിക്ക് കിഴക്കുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് കൂടുതലായതിനാൽ നെൽകൃഷി ഒട്ടും സാധ്യമായിരുന്നില്ല.
അക്കാലത്താണ് ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടനാട് വികസനസമിതിയുടെ ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തിൽ ന്ധഒരു നെല്ലും ഒരു മീനുംന്ധ പദ്ധതി വരുന്നത്.

കുമരകം കാർഷിക ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിൽ വിജയിപ്പിച്ച ന്ധഇട്ടൂപ്പ് മോഡൽ- നെല്ലും മീനും പച്ചക്കറികളും’ കൃഷിക്കാർക്ക് കരുത്താകുകയും ചെയ്തു.
നാലു ചുറ്റിലും തെങ്ങുകൾ വളർന്നു നിൽക്കുന്ന ബലവത്തായ ചിറകളുള്ള തന്റെ പാടശേഖരത്തിൽ ഈ പദ്ധതി വിജയിപ്പിക്കാനാകുമെന്ന നിഗമനത്തിൽ അപ്പച്ചൻ എത്തുകയും ചെയ്തു.
അങ്ങനെ, രാമങ്കരി പഞ്ചായത്തിൽ മുക്കം നോർത്ത് പാടശേഖരത്തിലെ 14.5 ഏക്കർ സ്ഥലം ഒരു നെല്ലും മീനും കൃഷിക്കായി അപ്പച്ചൻ മാറ്റിവച്ചു. 11 ഏക്കർ നിലവും ബാക്കി ചിറയുമാണ്.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കട്ല, രോഹു, ഗ്രാസ്കാർപ്പ് എന്നീ ഇനം മത്സ്യങ്ങളെ വളർത്തുന്നതാണ് നല്ലതെന്ന വിദഗ്ധരുടെ ഉപദേശം അപ്പച്ചൻ സ്വീകരിച്ചു.
ഇത്തരം മത്സ്യങ്ങൾക്ക് ഒരു കിലോയെങ്കിലും തൂക്കം ലഭിക്കണമെങ്കിൽ 10-12 മാസത്തെ വളർച്ച വേണം. എന്നാൽ, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മീൻ വളർത്താൻ ആറ് മാസത്തെ സമയമേ കിട്ടുകയുള്ളൂ.
ആ പ്രശ്നം പരിഹരിക്കാൻ പ്രത്യേക നഴ്സറി സജ്ജമാക്കി അതിൽ നിശ്ചിതകാലം കുഞ്ഞുങ്ങളെ വളർത്തിയശേഷം പാടത്തേക്ക് തുറന്നുവിടാൻ തീരുമാനിച്ചു. അതിനായി പാടത്ത് തന്നെ ഒരേക്കർ സ്ഥലം മാറ്റിവച്ചു.
ആഘോഷത്തോടെ മീൻ വളർത്തൽ തുടങ്ങിയെങ്കിലും മാർക്കറ്റിംഗ് വലിയ പ്രശ്നമായി. ആലപ്പുഴയിലും ചങ്ങനാശേരിയിലും കോട്ടയത്തുമൊക്കെ കൊണ്ടുപോയി മീൻ വിൽക്കേണ്ട ഗതികേടിലായി കർഷകർ.
വളർത്തു മീനിന് പലപ്പോഴും കിലോ 20 രൂപ വരെ വിലയിടിയുകയും ചെയ്തു. സമയബന്ധിതമായി സർക്കാർ ഇടപെടലുണ്ടായതുമില്ല. ഒരുവിധത്തിൽ 2002 വരെ പദ്ധതിയുമായി മുന്നോട്ടു പോയി. പിന്നീട് പടിച്ചു നിൽക്കാൻ കഴിയാതെ മീൻ വളർത്തൽ ഉപേക്ഷിക്കേണ്ടി വന്നു.
കൊഞ്ച് കൃഷി
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ആറ്റു കൊഞ്ചിനെക്കൂടി വളർത്തിയാൽ കൂടുതൽ ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ 2003-ൽ വളർത്തുമത്സ്യങ്ങൾക്കൊപ്പം കൊഞ്ചിനെക്കൂടി പരീക്ഷിക്കാൻ തീരുമാനിച്ചു.
അതനുസരിച്ച് കുഞ്ഞുങ്ങളെ നിശ്ചിത കാലം പാടത്തോട് ചേർന്ന നഴ്സറിയിൽ വളർത്തി പാടശേഖരങ്ങളിലേക്കു തുറന്നു വിടാനായിരുന്നു തീരുമാനം.
ഏറെ പ്രതീക്ഷയോടെയാണ് കൊഞ്ച് വളർത്തൽ തുടങ്ങിയതെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. ഗ്രേഡിംഗായിരുന്നു പ്രധാന പ്രശ്നം.