ഈ വാഴത്തോട്ടം വേറെ ലെവലാ...
Friday, May 23, 2025 2:46 PM IST
സ്കൂളുകളായ സ്കൂളുകളെല്ലാം പച്ചക്കറി കൃഷിയും നെൽകൃഷിയും നടത്തുന്പോൾ തികച്ചും വ്യത്യസ്തമായ കൃഷിയെക്കുറിച്ചാണ് കാസർഗോഡ് ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ആലോചിച്ചത്.
അവസാനം അവർ തെരഞ്ഞെടുത്തതു വാഴകൃഷിയാണ്. വാഴകൃഷിയെന്നു വച്ചാൽ നാട്ടിൽ സുലഭമായ ഏത്തവാഴയോ പാളയംകോടനോ ഞാലിപ്പൂവനോ മാത്രമല്ല, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള തനത് വാഴ ഇനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവയും വേണമെന്നായിരുന്നു തീരുമാനം.
എന്നാൽ, ഇപ്പോൾ അതിനപ്പുറവും കടന്ന് മലേഷ്യയിൽ നിന്നുള്ള ഇനം വരെ തോട്ടത്തിൽ വളർന്നു നിൽക്കുന്നുണ്ട്. ഒരുപക്ഷേ, സംസ്ഥാനത്താദ്യമായിട്ടായിരിക്കും ഒരു സ്കൂളിന്റെ പറന്പിൽ ഇത്തരത്തിലൊരു പൈതൃക വാഴത്തോട്ടം.
തിരുവിതാംകൂർ രാജവംശത്തിന്റെ തനത് ഇനമായിരുന്ന കുലശേഖര മട്ടി, കടുംനീല നിറത്തിലുള്ള കൃഷ്ണവാഴ, ഉയരം കുറഞ്ഞ വാഴയിനങ്ങളിലൊന്നായ കർപ്പൂരവല്ലി, ഉയരം കൂടിയ ഇനമായ വേലിപ്പടത്തി, തേൻകദളി, ആറ്റുകദളി, മൈസൂർ ഏത്തവാഴ, മലന്പൂവൻ,
കാട്ടുപൂവൻ, അമൃതസാഗർ, ബംഗാളി ഇനങ്ങളായ ഗൗരിയ, ബെത്തിസ, ദേശി കന്താളി, തമിഴ്നാട്ടിൽ നിന്നുള്ള രസ്താലി, ബിഹാർ ഇനമായ ഗോത്തിയ, മലേഷ്യയിൽ നിന്നുള്ള പിസാങ്ക് ജാരി ബുയ്യ എന്നിവയെല്ലാം ഈ വാഴത്തോട്ടത്തിലുണ്ട്.
വർഷങ്ങളായി തനത് വാഴയിനങ്ങൾ കൃഷിചെയ്യുന്ന വയനാട്ടിലെ നിഷാന്തിന്റെ തോട്ടത്തിൽ നിന്നാണ് വാഴവിത്തുകളിലേറെയും ശേഖരിച്ചത്. കുട്ടികളും അധ്യാപകരും കർഷകരുമൊക്കെ എത്തിച്ചു നല്കിയവയുമുണ്ട്.
തികച്ചും വ്യത്യസ്തമായ പദ്ധതിക്ക് പിന്തുണയും ധനസഹായവുമായി ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയും പ്രവർത്തിക്കുന്നു.

സ്കൂളിലെ ജൈവവൈവിധ്യ ക്ലബ് കോ-ഓർഡിനേറ്റർ എ.കെ. ജയപ്രകാശ്, മുഖ്യാധ്യാപിക എൽ. ഷില്ലി, ക്ലബ് അംഗങ്ങളായ ആദിഷ്, ശ്രേയേ ഷ്, അഭിനന്ദ്, കൃത്യ, അനഘ, അതുല്യ, സാധിക എന്നിവരുടെ നേതൃത്വത്തിലാണ് പൈതൃക വാഴത്തോട്ടം സംരക്ഷിക്കുന്നത്.
ആകെ 40 ഇനങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുവളർത്തിയത്. ഓരോ ഇനത്തേയും തിരിച്ചറിയാൻ അവയുടെ പേരെഴുതിയ ബോർഡുകളും സ്ഥാപിച്ചു. അധ്യയനവർഷത്തിന്റെ അവസാനമാകുന്പോഴേക്കും മിക്കതും കുലയ്ക്കുകയും ചെയ്തു.
വളർച്ചയുടെയും പരിപാലനത്തിന്റെയും ഓരോ ഘട്ടങ്ങളും കുട്ടികൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആഘോഷമായി വിളവെടുപ്പുത്സവവും നടത്തി. സ്വാദിഷ്ടമായ പഴങ്ങൾ കുട്ടികൾക്ക് വർഷാവസാനത്തിന്റെ മധുരമായി.
ഇനി മഴക്കാലവും അടുത്ത അധ്യയനവർഷവും തുടങ്ങുന്പോൾ കൂടുതൽ ഇനങ്ങൾ എത്തിച്ച് നടാനും ഇപ്പോഴുള്ളവയുടെ ഓരോ വിത്തുകൾ നിറുത്തി ബാക്കിയുള്ളവ കുട്ടികളുടെയും താത്പര്യമുള്ള കർഷകരുടെയും വീടുകളിലേക്കുകൂടി ലഭ്യമാക്കാനുമാണ് പദ്ധതി.
ഇതുവഴി ഈ തനത് വാഴയിനങ്ങൾ നാടെങ്ങും വ്യാപിപ്പിക്കുകയാണു ലക്ഷ്യം.