സ്മാർട്ഫോൺ വിപണിയിൽ മികച്ച മുന്നേറ്റം
ന്യൂഡൽഹി: രാജ്യത്തെ സ്മാർട്ഫോൺ വിപണിക്കു നേട്ടം. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ സ്മാർട്ഫോൺ വില്പന 17.1 ശതമാനം വർധിച്ച് 2.75 കോടി ഫോണുകളായി. ചൈനീസ് കമ്പനികളായ ലെനോവോ, ഷവോമി, വിവോ എന്നീ കമ്പനികളാണ് മികച്ച മുന്നേറ്റത്തിനു കാരണമായത്. സ്മാർട്ഫോൺ വില്പനയിൽ മുമ്പുള്ള രണ്ടു ത്രൈമാസങ്ങളിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജനുവരി–മാർച്ച് കാലയളവിൽ 2.35 കോടി ഫോണുകൾ വിറ്റു.

സ്മാർട്ഫോൺ വിപണിയിൽ 25.1 ശതാമാനവും പിടിച്ചടക്കി സാംസംഗ് ഒന്നാം സ്‌ഥാനത്ത് തുടരുന്നു. മൈക്രോമാക്സ് (12.9 ശതമാനം), ലെനോവോ ഗ്രൂപ്പ് (7.7 ശതമാനം), ഇന്റെക്സ് (7.1 ശതമാനം), റിലയൻസ് ജിയോ (6.8 ശതമാനം) എന്നിങ്ങനെ പിന്നാലെയുണ്ട്.


3.37 ഫീച്ചർ ഫോണുകളും ജൂണിലവസാനിച്ച ത്രൈമാസത്തിൽ രാജ്യത്ത് വിറ്റഴിച്ചു. ഉത്സവകാലം അടുക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മൂന്നാം ത്രൈമാസത്തിൽ സ്മാർട്ഫോൺ–ഫീച്ചർ ഫോൺ വില്പനയിൽ വൻ കുതിപ്പുണ്ടാകാൻ സാധ്യതയുണ്ട്.

സ്മാർട്ഫോൺ വില്പനയിൽ കുതിപ്പുണ്ടായെങ്കിലും ചൈനീസ് കമ്പനികളുടെ കുതിപ്പിൽ പ്രമുഖ കമ്പനികളുടെ വില്പന ഇടിഞ്ഞിട്ടുണ്ട്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 75 ശതമാനം വളർച്ച ചൈനീസ് കമ്പനികൾ നേടി.