കൊച്ചി: എംഫോണിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എംഫോണ് 7 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എംഫോണ് ചെയർമാൻ റോജി അഗസ്റ്റിന്റെ നേതൃത്വത്തിൽ കർണാടക ആഭ്യന്ത്ര മന്ത്രി രാമലിംഗ റെഡ്ഡിയാണ് എംഫോണിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്. മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീ-സാമൂഹ്യ, ബിസിനസ് മേഖലയിലുള്ള പ്രമുഖർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബോളിവുഡ് പിന്നണി ഗായിക ശ്രദ്ധ പണ്ഡിറ്റ് ഒരുക്കിയ സംഗീതനിശയും നിരവധി കലാപരിപാടികളും നടന്നു.
ഈ വർഷം ഇതു ഏഴാമത്തെ മോഡലാണ് എംഫോണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ദുബായിൽ നടന്ന എംഫോണ് ബ്രാൻഡിന്റെ ഗ്ലോബൽ ലോഞ്ചിൽ മൂന്നു സ്മാർട്ട്ഫോണ് മോഡലുകളും ഓണത്തിന് മൂന്നു ഫീച്ചർ ഫോണുകളും വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഡ്യൂവൽ കാമറയും, മൂന്ന് , നാല്, ആറ്, എട്ട് ജിബി റാമുകളിൽ നാലു വ്യത്യസ്ത വേർഷനുകളും എംഫോണ്തന്നെ വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അടിസ്ഥാന എംയു ഒഎസ് എന്നിവയാണ് എംഫോണിന്റെ പ്രധാന സവിശേഷതകൾ.
5.5 ഇഞ്ച് അമോലെഡ് അൾട്രാ എച്ച്ഡി ഡിസ്പ്ലെ, 8 ജിബി റാം, 2.5 ജിഎച്ച്എസ് ഡെകാകോർ പ്രൊസസർ, 16 + 16 എംപി ഡ്യൂവൽ റിയർ കാമറ, 13 എംപി ഫ്രണ്ട് കാമറ, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ ഉള്ള സൂപ്പർ പെർഫോമൻസ് സ്മാർട്ട്ഫോണ് വേരിയന്റ് മുതൽ 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 3 ജിബി റാം, 13 + 5 എംപി ഡ്യൂവൽ റിയർ കാമറ, 8 എംപി ഫ്രണ്ട് കാമറ, 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാലു വ്യത്യസ്ത വേരിയന്റുകളിലാണ് എംഫോണ് 7എസ് ഇറങ്ങുന്നത്.