സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍
ജോലിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്നോ ഓഫീസ് ജോലിയെന്നോ മാത്രമാണു പലരുടെയും ധാരണ. അതിനുവേണ്ടി മാത്രമാണു പലരുടെയും പഠനം. സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ നിരാശപ്പെട്ടും വിധിയെപ്പഴിച്ചും കഴിഞ്ഞുകൂടുന്നതില്‍ മാത്രമാണു പലര്‍ക്കും താത്പര്യം.

വിവാഹജീവിതം, കുട്ടികള്‍, വീട്ടിലെ ജോലികള്‍ ഇതിനിടയില്‍ ഇനി ജോലികൂടിയോ എന്നു വേവലാതിപ്പെടുന്നുവരുമുണ്ട്. ഇവര്‍ തങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ ആത്മവിശ്വാസത്തോടെ സ്വന്തം കഴിവു തെളിയിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല.

വീട്ടിലിരുന്നുതന്നെ ഹോബി പോലെ ജോലി ചെയ്യാനും ആവിശ്വാസത്തോടെ നല്ല വരുമാനം നേടാനും സാധിക്കുന്ന നിരവധി മേഖലകളുണ്ട്. അല്പം ശ്രമിച്ചാല്‍ ശരിയായ പരിശീലനം നേടിയാല്‍ ആരുടെയും മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും പിറക്കുമെന്നു തിരിച്ചറിയുക. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ വിപണി കണ്ടെത്താനുമാകും. ഇത്തരത്തില്‍ സ്വന്തം കലാഭിരുചി പണമാക്കി മാറ്റുന്ന നിരവധി വീട്ടമ്മമാരുണ്ട്.

സാരി ഡിസൈനിംഗ്: ആനന്ദത്തോടെ സമ്പാദിക്കാം

ചില സാരികള്‍ കണ്ടാല്‍ മനസില്‍നിന്ന് ഒരിക്കലും അതിന്റെ ഭംഗി മായില്ല. ലളിതമായിരിക്കും. പക്ഷേ, മനസിനെ ഒപ്പം കൂട്ടിക്കൊണ്ടുപോകുന്ന ഒരു സവിശേഷത അത്തരം സാരികള്‍ക്കുണ്ട്. ഡിസൈനിംഗിലെ വ്യത്യസ്തതയുടെ സ്പര്‍ശം നല്‍കുന്നതാണ് അത്തരം സാരികളെ ആകര്‍ഷകമാക്കുന്നത്. അല്പം കലാഭിരുചിയും താത്പര്യവും ഉത്സാഹവും ഉള്ള ആര്‍ക്കും മികച്ച സാരി ഡിസൈനറാവാം. സ്വന്തമായി സാരികള്‍ ഡിസൈന്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധകവരാം. മാത്രവുമല്ല വീട്ടിലിരുന്നു തന്നെ മനസിനിഷ്ടപ്പെട്ട ജോലി ചെയ്തു മികച്ച വരുമാനം നേടുകയുമാവാം.

വരയ്ക്കാനറിയാത്തവര്‍ക്കും സാരി ഡിസൈനറാകാം. സാരി വാങ്ങി അതില്‍ പല വര്‍ക്കുകള്‍ ചെയ്ത് ഡിസൈന്‍ ചെയ്യുന്നതാണിത്. ബോര്‍ഡറുള്ളതോ ഇല്ലാത്തതോ ആയ സാരി ഇതിനുപയോഗിക്കാം. 150 രൂപയുടെ നല്ല സാരി വാങ്ങി സീക്വന്‍സ്, സ്റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്‌തെടുക്കുന്ന ഡിസൈനര്‍ സാരികള്‍ മൂല്യവര്‍ധിതമായി വില്പന നടത്താനുമാകും. കുറച്ച് കലാബോധവും മാറുന്ന ട്രെന്‍ഡുകളേക്കുറിച്ചുള്ള അറിവുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണിത്.

സ്വന്തമായി സാരി ഡിസൈന്‍ ചെയ്തു ഫേസ് ബുക്കിലൂടെ സാരി വില്‍പന നടത്തി നല്ല മാസവരുമാനം നേടുന്ന സ്ത്രീകള്‍ ഉണ്ട്.

സാരികളില്‍ ഫാബ്രിക് പ്രിന്റിംഗ്

സാരി ഡിസൈനിംഗില്‍ ഏറ്റവും പ്രചാരത്തിലുള്ളത് സാരി പ്രിന്റിംഗാണ്. സ്വന്തം സര്‍ഗാത്മകത കൂടുതല്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മേഖലയാണ് ഫാബ്രിക് പ്രിന്റിംഗ്. തുണികള്‍ വാങ്ങി അതില്‍ ചിത്രങ്ങള്‍ പ്രിന്റു ചെയ്‌തെടുക്കുന്നതാണ് ലളിതമായി പറഞ്ഞാല്‍ ഫാബ്രിക് പ്രിന്റിംഗ്. സാരികളിലാണ് ഇത്തരം പ്രിന്റിംഗ് ഏറ്റവും സ്വീകാര്യമായിരിക്കുന്നത്. പലരൂപത്തിലും ഡിസൈനിംഗിലുമുള്ള ബ്ലോക്കുകള്‍ ഉപയോഗിച്ച്, പകരം വയ്ക്കാനാവാത്ത വിധത്തില്‍ സാരിയെ മനോഹരമാക്കാന്‍ ഫാബ്രിക് പ്രിന്റിംഗിലൂടെ സാധിക്കും. ഇതിനുവേണ്ടി പ്രിന്റ് ബ്ലോക്കുകള്‍ വാങ്ങാന്‍ കിും. ഓരോ ബ്ലോക്കിലും ഓരോ പ്രിന്റ് ഡിസൈനുകള്‍ ആയിരിക്കും. ബ്ലോക്കുകളുടെ വലിപ്പമനുസരിച്ചാണ് വില.

കലയുടെ ചാരുത തെളിയും പോ് ആര്‍്‌വര്‍ക്കില്‍

മണ്‍പാത്രങ്ങളിലും കളിമണ്‍ശില്പങ്ങളിലും സര്‍ഗാത്മകതയുടെ ചാരുത നല്കി മനോഹരമാക്കുന്നതാണ് പോട്ട് ആര്‍ട്ട് വര്‍ക്ക്. ഇന്റീരിയര്‍ ഡിസൈനിംഗിനു പ്രാധാന്യം വര്‍ധിക്കുന്ന ഇക്കാലത്തു പോട്ട് ആര്‍ട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. ചെയ്യുന്ന ആളുടെ ഭാവനയ്ക്കനുസരിച്ച് കറിച്ചട്ടി മുതല്‍ എത്രചെറുതും മനോഹരവുമായ മണ്‍പാത്രങ്ങളെയും അതിമനോഹരമായ കലാശില്പങ്ങളാക്കി മാറ്റാന്‍ സാധിക്കും.

വരയ്‌ക്കേണ്ട കലാരൂപത്തിന് അനുയോജ്യമായ കളിമണ്‍ പാത്രം തെരഞ്ഞെടുക്കണം. ആവശ്യമെങ്കില്‍ ഡിസൈന്‍ പറഞ്ഞുകൊടുത്തു കളിമണ്‍പാത്രം നിര്‍മിച്ചെടുക്കണം. ചെറിയ പാത്രങ്ങളില്‍ വരയ്ക്കാന്‍ സാധിക്കുന്ന ചിത്രങ്ങളും കൂജയോ കുടമോ പോലുള്ളവയില്‍ വരയ്ക്കാന്‍ പറ്റുന്ന ചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളുമുണ്ട്. അതിനാല്‍ പാത്രങ്ങളുടെയും ചിത്രങ്ങളുടെയും തെരഞ്ഞെടുപ്പ് പ്രധാനമാണ്.

കളിമണ്‍ പാത്രം വാങ്ങി സാന്‍ഡ് പേപ്പറുപയോഗിച്ച് നന്നായി ഉരയ്ക്കണം. ചെറിയ തരികളും മറ്റു പൊടികളും കളഞ്ഞ് മിനുസമുള്ളതാക്കിയെടുക്കണം. പിന്നീട് നന്നായി കഴുകി ഉണക്കിയെടുക്കണം. ഉണങ്ങിയ പോട്ടില്‍ നേരിട്ടു പെയിന്റ് ചെയ്യരുത്. പെയിന്റ് പെട്ടെന്ന് ഉണങ്ങി വരണ്ടുപോകാന്‍ സാധ്യതയുണ്ട്. പെയിന്റ് ചെയ്യുന്നതിനു മുമ്പ് പോട്ട് വെള്ളത്തില്‍ മുക്കിയെടുത്താല്‍ ഈ പ്രശ്‌നമുണ്ടാകില്ല. മഞ്ഞ കാര്‍ബണ്‍ പേപ്പറുപയോഗിച്ച് വരയ്‌ക്കേണ്ട ചിത്രം പോട്ടില്‍ പകര്‍ത്തണം. ഇതില്‍ ഇഷ്ടാനുസരണം കലാപരമായി പെയിന്റു ചെയ്യാം.

പെയിന്റ് ചെയ്തതിനു ശേഷം വേണമെങ്കില്‍ സെറാമിക് ഇലയും പൂക്കളും ഉണ്ടാക്കി ഒട്ടിച്ചു വയ്ക്കാനും കഴിയും. മുന്തിരിച്ചെടിയും പഴങ്ങളും, വിവിധ തരത്തിലുള്ള പഴവര്‍ഗങ്ങള്‍, പൂക്കള്‍ എന്നിവയെല്ലാം കളിമണ്‍പാത്രത്തിനു മുകളില്‍ നിര്‍മിച്ചെടുക്കാനാവും.

ചോക്കുപൊടി അല്ലെങ്കില്‍ ക്ലേ പൗഡര്‍ ഫെവിക്കോളുപയോഗിച്ചു നന്നായി കുഴയ്ക്കണം. ഇഷ്ടമുള്ള ആകൃതിയുണ്ടാക്കി പോട്ടില്‍ ഒട്ടിച്ചുവയ്ക്കാം. നന്നായി ഉണങ്ങിക്കഴിഞ്ഞ് ഇതു പെയിന്റ് ചെയ്യണം. മനോഹരമായ പോട്ട് റെഡി. പെയിന്റ് ഉണങ്ങിയതിനു ശേഷം ക്ലിയര്‍ വാര്‍നിഷ് അടിക്കണം. കൂടുതല്‍ തിളക്കവും ഭംഗിയുമുണ്ടാകും. മാത്രമല്ല പിന്നീടു കഴുകി വൃത്തിയാക്കിയാലും പെയിന്റ് ഇളകിപ്പോകില്ല.

പോട്ട് മനോഹരമാക്കാന്‍ ഡെക്കോ പേജ്

പോട്ട് ആര്‍ട്ട് വര്‍ക്കിനെക്കാള്‍ മനോഹരമായി ഡെക്കോപേജിലൂടെ ചിത്രങ്ങള്‍ കളിമണ്‍പാത്രങ്ങളില്‍ ചെയ്‌തെടുക്കാനാവും. മണ്‍പാത്രത്തില്‍ ചിത്രങ്ങള്‍ ഒട്ടിച്ചതിനുശേഷം അനുയോജ്യമായ പശ്ചാത്തലം വരച്ചുചേര്‍ക്കുന്നതാണ് ഡെക്കോ പേജ് ആര്‍ട്ട്. ഏതുതരം ചിത്രങ്ങളും മികച്ച ഫിനിഷോടുകൂടി മണ്‍പാത്രങ്ങളില്‍ വരച്ചുചേര്‍ക്കാന്‍ ഡെക്കോപേജിലൂടെ സാധിക്കും. മണ്‍കൂജകളിലും പാത്രങ്ങളിലും ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച് പെയിന്റ് ചെയ്‌തെടുക്കുന്നതാണ് ഡെക്കോ പേജ്.

ഡെക്കോപേജ് ചെയ്യുന്നതിനായി, പോട്ട് ആര്‍ട്ട് വര്‍ക്കിനുവേണ്ടി പോട്ട് തയ്യാറാക്കിയതു പോലെ കഴുകി ഉണക്കിയെടുക്കണം. ഉണങ്ങിയതിനു ശേഷം വൈറ്റ് സിമന്റ് അല്ലെങ്കില്‍ വൈറ്റ് പ്രൈമര്‍ ഉപയോഗിച്ചു പോട്ട് മുഴുവന്‍ പെയിന്റ് ചെയ്യണം.ഉണങ്ങിക്കഴിയുമ്പോള്‍ ഇഷ്ടമുള്ള ചിത്രം പശയുപയോഗിച്ച് പോട്ടില്‍ അമര്‍ത്തി ഒട്ടിക്കണം. കട്ടി കുറഞ്ഞ ചിത്രമാണുപയോഗിക്കേണ്ടത്. ചിത്രം വെട്ടി ഒട്ടിക്കുകയാണെങ്കില്‍ ചുളിവുകളുണ്ടാകാതിരിക്കും. ഇതിനു ശേഷം ചിത്രത്തിലുള്ള അതേ നിറത്തിലോ ചിത്രത്തിലുള്ളതിന്റെ തുടര്‍ച്ചയായോ പോട്ടില്‍ പെയിന്റ് ചെയ്യുന്നത് ആര്‍ട്ട് വര്‍ക്കിനു പൂര്‍ണത ലഭിക്കുന്നതിനു സഹായിക്കും.


ഓയില്‍ പെയിന്റാണ് ഡെക്കോ പേജില്‍ ഉപയോഗിക്കുന്നത്. പെയിന്റ് ഉണങ്ങാന്‍ ഒരാഴ്ചയെടുക്കും. നന്നായി ഉണങ്ങിയതിനു ശേഷം ക്ലിയര്‍ വാര്‍നിഷ് അടിച്ചു പോളീഷ് ചെയ്‌തെടുത്താല്‍ പോട്ട് കൂടുതല്‍ മനോഹരമാകും.

3ഡി ഗ്ലാസ് പെയിന്റിംഗ്: സൗന്ദര്യത്തിന്റെ ത്രിമാനക്കാഴ്ച

ഫ്രെയിം ചെയ്തു കഴിയുമ്പോള്‍ 3ഡി ചിത്രങ്ങളുടെ തോന്നലുണ്ടാക്കുന്ന ഗ്ലാസ് പെയിന്റിംഗുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഏറ്റവും കുറഞ്ഞത് മൂന്ന് ഗ്ലാസുകളെങ്കിലും ഉപയോഗിച്ചാണ് ഇത്തരം 3ഡി പെയിന്റിംഗുകള്‍ നിര്‍മിക്കുന്നത്. ഏറ്റവും അടുത്തു കാണേണ്ട കാഴ്ചകള്‍ ആദ്യത്തെ ഗ്ലാസില്‍, കുറച്ചകലെയായി കാണുന്നവ രണ്ടാമത്തെ ഗ്ലാസില്‍, ഏറ്റവും വിദൂരതയില്‍ കാണേണ്ടവ (ആകാശം, മലകളും കുന്നുകളും മുതലായവ) മൂന്നാമത്തെ ഗ്ലാസില്‍ എന്നവിധം പെയിന്റു ചെയ്തു മൂന്നും ഒരുമിച്ച് ഫ്രെയിം ചെയ്‌തെടുക്കണം. ഫലത്തില്‍ ശരിക്കും ഒരു 3ഡി ചിത്രം പോലെയുണ്ടാകുമത്.

ചിത്രരചന അറിയില്ലെങ്കിലും പണം നേടാം

എളുപ്പം ചെയ്യാന്‍ കഴിയുന്നതും മികച്ചവരുമാനം നേടാന്‍ സാധിക്കുന്നതുമായ ചില ഹോബികളുണ്ട്. കൊളാഷ് വര്‍ക്ക്, ടൈല്‍ വര്‍ക്ക്, സില്‍വര്‍ ത്രെഡ് വര്‍ക്ക്, ടെഡി ബെയര്‍ നിര്‍മാണം, ആപ്ലിക് വര്‍ക്ക്, മെഴുകുകൊണ്ടുള്ള ഉത്പന്നങ്ങള്‍, കളിമണ്ണും പേപ്പറും ലോഹവും ഉപയോഗിച്ചുള്ള ആഭരണ നിര്‍മാണം... ഇവയെല്ലാം ഒരേ സമയം ഹോബിയും വരുമാനമാര്‍ഗവുമാണ്.

സില്‍വര്‍ ത്രെഡ് വര്‍ക്ക്

വെള്ളിത്തിളക്കമുള്ള കലാരൂപങ്ങള്‍ രൂപപ്പെടുത്തുന്ന കലയാണ് സില്‍വര്‍ ത്രെഡ് വര്‍ക്ക്. വെള്ളിക്കമ്പികള്‍ ഉപയോഗിച്ച് പക്ഷിരൂപങ്ങളും പ്രകൃതിദൃശ്യവും മറ്റു ചിത്രങ്ങളും ഒരുക്കാന്‍ സാധിക്കും. കറുത്ത പ്രതലത്തില്‍ സില്‍വര്‍ കമ്പികളുപയോഗിച്ചാണ് രൂപങ്ങള്‍ തയ്യാറാക്കുന്നത്.

ആവശ്യമുള്ള അളവില്‍ കട്ടികുറഞ്ഞ കാഡ്‌ബോര്‍ഡ് ഷീറ്റ് മുറിച്ചെടുക്കണം. കറുത്ത കോണ്‍ തുണി വാങ്ങി അതില്‍ നിര്‍മിക്കേണ്ട ചിത്രം മഞ്ഞയോ വെള്ളയോ കാര്‍ബണ്‍ പേപ്പറുപയോഗിച്ച് പതിപ്പിക്കുക. ഇങ്ങനെ ചിത്രം വരച്ചതിനു ശേഷം തുണി കാഡ്‌ബോര്‍ഡ് ഷീറ്റിലേക്ക് പശയുപയോഗിച്ച് ഒിക്കണം.

ഉണങ്ങിയതിനു ശേഷം കോമ്പസോ കട്ടിയുള്ള സൂചിയോ ഉപയോഗിച്ച് സുഷിരങ്ങളിടണം. ചിത്രത്തിനനുസരിച്ചായിരിക്കണം സുഷിരങ്ങളിടേണ്ടത്. ഈ സുഷിരത്തിലേക്ക് സുഷിരങ്ങളുടെ നീളത്തിനെക്കാള്‍ കുറച്ചുകൂടി നീളമുള്ള സില്‍വര്‍ കമ്പിയെടുത്ത് കോര്‍ത്ത് രണ്ടറ്റവും മറുപുറത്ത് മടക്കി വയ്ക്കുന്നു. ഇങ്ങനെ ചിത്രം മുഴുവന്‍ പൂര്‍ത്തിയാക്കി ഫ്രെയിം ചെയ്‌തെടുക്കണം.

സില്‍വര്‍ കമ്പിക്കു പകരം ഗോള്‍ഡന്‍ കമ്പികള്‍ ഉപയോഗിച്ചും ഇതിന്റെ കൂടെ സ്‌പ്രേ പെയിന്റ് സീക്വന്‍സ് വര്‍ക്കുകള്‍ മുതലായവയും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ അഭിരുചിക്കനുസരിച്ച് സില്‍വര്‍ ത്രെഡ് കൊണ്ട് വളരെയേറെ വ്യത്യസ്തവും മനോഹരവുമായ കലാരൂപങ്ങള്‍ നിര്‍മിക്കാം.

ചിത്രമായി മാറുന്ന കൊളാഷ്

തുണി ഉപയോഗിച്ചുള്ള ചിത്രരചനയെന്ന് കൊളാഷ് വര്‍ക്കിനെ ലളിതമായി വിവരിക്കാം. കൊളാഷ് ക്ലോത്ത് (പല നിറത്തിലും ലഭ്യമാണ്) വാങ്ങി ഇഷ്ടമുള്ള ഡിസൈന്‍ വരയ്ക്കുക. വരയ്ക്കുമ്പോള്‍ ഡബിള്‍ ലൈന്‍ വരകളായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡിസൈന്‍ ബ്ലേഡുപയോഗിച്ച് ഇടവി് മുറിച്ചെടുക്കണം. തുണിയുടെ പിന്നില്‍ ഇഷ്ടമുള്ള നിറത്തിലുള്ള കടലാസ് വയ്ക്കാം. മുറിച്ചെടുത്ത ഭാഗങ്ങളില്‍ പുറകില്‍ വയ്ക്കുന്ന കടലാസിന്റെ നിറം ലഭിക്കും. കൊളാഷ് ചിത്രം തയാര്‍. ഫ്രെയിം ചെയ്‌തെടുത്താല്‍ ആവശ്യക്കാര്‍ ഏറെയുള്ള കലാവിരുതാവും ഇത്.പണം വാരുന്ന കരടിക്കുന്മാര്‍

പാവകളുടെ കൂത്തില്‍ ചിരിക്കുന്ന രാജകുമാരന്മാരാണ് ടെഡി ബെയര്‍. ഇവ ഏതുപ്രായത്തിലുള്ളവര്‍ക്കും സന്തോഷം പകരും. അതിനാല്‍ തന്നെ ഏറ്റവും വില്പനയുള്ളതും എല്ലാവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും ടെഡിബെയറാണ്. വളരെ ലളിതമായ രീതിയില്‍ ടെഡിബെയര്‍ നിര്‍മിക്കാനാകും. വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച്, നിര്‍മാണച്ചെലവിന്റെ മൂന്ന് ഇരട്ടിയിലേറെ ലാഭം ലഭിക്കുന്നതാണ് ടെഡിബെയറിന്റെ നിര്‍മാണം.

ആവശ്യമുള്ള സാധനങ്ങളെല്ലാം കടയില്‍ വാങ്ങാന്‍ കിട്ടും. ഉണ്ടാക്കേണ്ട ടെഡി ബെയറിന്റെ വലിപ്പത്തിനനുസരിച്ചുള്ള മോഡല്‍ വച്ചു ഫര്‍ക്ലോത്ത് മുറിച്ചെടുത്ത് ഫര്‍ അകത്തു വരത്തക്കവിധം മറിച്ചിട്ട് തുന്നുകയേ വേണ്ടൂ. തുന്നല്‍ തീരാറാകുമ്പോള്‍ ഫര്‍ പുറത്തു വരുന്ന വിധം മറിച്ചിടുക, ആ ഭാഗം കൂട്ടിയോജിപ്പിക്കണം. കാലും കൈയും ചെവിയും വാലും വേറെ തുന്നിയതിനു ശേഷം കൂട്ടിപ്പിടിപ്പിക്കുകയാണ്. അവസാനം കണ്ണും മൂക്കും പിടിപ്പിക്കണം.

തുണിക്കഷണങ്ങള്‍ കൊണ്ടുള്ള ചിത്രമെഴുത്ത്

തുണികൊണ്ടുള്ള ചിത്രമെഴുത്താണ് ആപ്ലിക്ക് വര്‍ക്ക്. മികച്ചരീതിയില്‍ കലാപരമായി വിവിധ വര്‍ണത്തിലുള്ള തുണിക്കഷ്ണങ്ങള്‍ കൂട്ടച്ചേര്‍ത്താണ് ആപ്ലിക്ക് വര്‍ക്ക് ചെയ്യുന്നത്. ബെഡ്ഷീറ്റ്, മേശവിരി, സോഫ കവര്‍, ചെറു തലയിണകള്‍... എന്നിങ്ങനെ ആപ്ലിക്ക് വര്‍ക്കിലൂടെ ഉപയോഗക്ഷമമായ നിരവധി കൗതുകവസ്തുക്കള്‍ നിര്‍മിക്കാം. ആപ്ലിക് വര്‍ക്ക് ചെയ്ത സാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കുട്ടികളുടെ വസ്ത്രങ്ങളില്‍ എന്നും ട്രെന്‍ഡിയാണ് ആപ്ലിക് വര്‍ക്ക്.

കുട്ടികളുടെ കുഞ്ഞുടുപ്പുകളില്‍ മിക്കി മൗസും സ്‌പൈഡര്‍മാനും ഒക്കെ തുന്നിച്ചേര്‍ത്തു കൊടുത്താല്‍ അവര്‍ക്ക് ഇതില്‍ കൂടുതലൊരു സന്തോഷം ഉണ്ടാകാനില്ല. കുികളുടെ ബെഡ്ഷീറ്റ്, തലയണ, കര്‍ന്‍ തുടങ്ങിയവയെല്ലാം ആപ്ലിക്ക് വര്‍ക്കു ചെയ്തുപയോഗിക്കാം.

മെഴുകുകൊണ്ടുള്ള കലാരൂപങ്ങള്‍

ഏതു കലാരൂപമാകാനും ഒട്ടും മടിയില്ലാത്ത വസ്തുവാണ് മെഴുക്. അതുകൊണ്ടു തന്നെ എല്ലാത്തരം കലാരൂപങ്ങളുണ്ടാക്കാനും മെഴുക് ഉത്തമമാണ്. ചെറിയ മെഴുകുതിരി മുതല്‍ താജ്മഹല്‍ ശില്പത്തിന്റെ അപൂര്‍വമായ മിനാരങ്ങള്‍ വരെ മെഴുകില്‍ രൂപപ്പെടുത്താം. ഗിഫ്റ്റ് മെഴുകുതിരികള്‍, വിവിധ വര്‍ണത്തിലുള്ള ജന്മദിന മെഴുകുതിരികള്‍, വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള മെഴുകുദീപങ്ങള്‍... എന്നിങ്ങനെ മെഴുകുകൊണ്ട് ധാരാളം കലാവസ്തുക്കള്‍ തയാറാക്കാവുന്നതാണ്. ഇതിന് അല്പം പരിശീലനം മാത്രം മതിയാവും.

സീമ
വിവരങ്ങള്‍ക്ക് കടപ്പാട്:
അക്ഷത അജയ്
മുംബൈ