അന്നും ഇന്നും സ്റ്റോള്‍ സൂപ്പറാ...
ഷാളുകള്‍ പോലെതന്നെ ഇന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ട്രെന്‍ഡി ഐറ്റമാണ് സ്‌റ്റോളുകള്‍. ചുരിദാറിന്റെയും കുര്‍ത്തയുടെയും എന്തിന്, ജീന്‍സിന്റെ ഒപ്പംപോലും പ്രായഭേദമെന്യേ ഉപയോഗിക്കാമെന്നതാണ് സ്‌റ്റോളുകളെ തരുണീമണികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. രംഗത്തെത്തിയിട്ട് കാലം കുറച്ചായെങ്കിലും വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ ഇപ്പോഴും താരമായി വിലസുകയാണ് സ്റ്റോള്‍. ഷാളിനോട് സാമ്യമുണ്ടെങ്കിലും നീളക്കുറവും, മെറ്റീരിയലിലുള്ള വ്യത്യാസവുമാണ് സ്റ്റോളിനെ പരിഷ്‌കാരിയാക്കുന്നത്.

സൂപ്പര്‍ ലുക്ക്

ആദ്യമൊക്കെ ഒറ്റനിറത്തിലുള്ള സ്റ്റോളുകളാണ് സ്റ്റാറായത്. പക്ഷേ ഇപ്പോള്‍ പ്രിന്റഡ് സ്റ്റോളുകളാണ് താരം. ഏതു നിറത്തിലുള്ള വസ്ത്രത്തോടും യോജിക്കുന്ന പ്രിന്റഡ് സ്റ്റോളുകള്‍ ലഭ്യമാണ്. ട്രാന്‍സ്പരന്റ് സ്റ്റോളുകളോടാണ് ഏവര്‍ക്കും പ്രിയം.

സൂപ്പര്‍ ഗെറ്റപ്പ്

സ്റ്റോള്‍ കഴുത്തില്‍ ഒറ്റച്ചുറ്റായോ, ഒരു സൈഡില്‍ മാത്രമായോ, ഇരുവശങ്ങളിലേക്ക് ചുറ്റിയാലോ ലുക്ക് ഒന്നുവേറെയാണ്. രണ്ടായി ചുറ്റിക്കെിയിടുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത് നീളമുള്ള അയഞ്ഞ ടോപ്പുകളുടെ കൂടെയാണ് കൂടുതല്‍ ചേരുക. കുര്‍ത്തയ്‌ക്കൊപ്പവും, ജീന്‍സ് ടോപ്പിനൊപ്പവും, ടീ ഷര്‍ട്ടിനൊപ്പവും സ്റ്റോള്‍ ചുറ്റാം. ടീഷര്‍ട്ടിനും ജീന്‍സിനുമൊപ്പം സുതാര്യമായ സ്റ്റോളുകളാണ് കൂടുതല്‍ സ്‌റ്റൈല്‍. കൂടെ ധരിക്കുന്ന വസ്ത്രം ഏതായാലും അതിന്റെ ലുക്ക് സ്‌റ്റോള്‍ നിലനിര്‍ത്തും എന്നത് ഗ്യാരണ്ടിയാണ്.

സൂപ്പര്‍ അപ്പിയറന്‍സ്


ജോര്‍ജറ്റ്, കോണ്‍ എന്നീ മെറ്റീരിയലുകളിലാണ് പ്രധാനമായും സ്റ്റോള്‍ വിപണിയിലെത്തുന്നത്. പലനിറങ്ങളിലും ലഭ്യമാണ്. നൂലുകള്‍ കൊണ്ട് വര്‍ക്കു ചെയ്തിട്ടുള്ള സ്റ്റോളുകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. 150 മുതല്‍ മുകളിലേക്കാണ് വില.

സൂപ്പര്‍ ത്രീഡി

ഇത്തിരി മെലിഞ്ഞാല്‍ ഈ സ്റ്റോള്‍ സ്‌കാര്‍ഫാകും. ഷിഫോണ്‍ മെറ്റീരിയലിലുള്ള സ്‌കാര്‍ഫുകള്‍ക്ക് നീളവും സ്റ്റോളിന്റെയത്രയില്ല. പൂക്കളുടെയും പൂമ്പാറ്റുകളുടെയും ഇലകളുടെയുമൊക്കെ ചിത്രങ്ങള്‍ വരച്ച സ്‌കാര്‍ഫുകള്‍ വിപണിയിലെത്തുന്നുണ്ട്. ത്രീഡി പ്രിന്റുള്ള സ്‌കാര്‍ഫുകളും വിപണി കീഴടക്കാന്‍ എത്തുന്നുണ്ട്. സ്‌കാര്‍ഫ് കഴുത്തില്‍ വെറുതേ ചുറ്റിയാല്‍ മതിയാകും. ഷോര്‍ട്ട് ടോപ്പുകള്‍ക്കൊപ്പം സ്‌കാര്‍ഫ് ധരിക്കുന്നതാണ് ഭംഗി.

സൂപ്പര്‍ ക്രിയേറ്റിവിറ്റി

അത്യാവശ്യം ക്രിയേറ്റിവിറ്റിയുള്ളവരാണെങ്കില്‍ സ്റ്റോളുകള്‍ സ്വയം നിര്‍മിച്ചെടുക്കാനും സാധിക്കും. പഴയ സല്‍വാറിന്റെയോ മറ്റോ ദുപ്പയുണ്ടെങ്കില്‍ ശരിയായ ആകൃതിയില്‍ മുറിച്ച് സ്റ്റോള്‍ ആക്കാം. പഴയ സാരിയില്‍ നിന്നും ആകര്‍ഷകമായ സ്റ്റോളുകള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിക്കും.

സൂപ്പര്‍ സ്റ്റാര്‍

ദൂരയാത്ര പോകുന്നവര്‍ക്കും കോളജിലേക്കോ ഓഫീസിലേക്കോ പോകുന്നവര്‍ക്കും സ്‌റ്റോളുകള്‍ കഴുത്തില്‍ ഒന്നുടക്കിയിാല്‍ കിട്ടുന്ന ആവിശ്വാസം കണക്കിലെടുക്കുമ്പോള്‍ സ്‌റ്റോളുകളെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ചേ മതിയാവൂ...

കീര്‍ത്തി കാര്‍മല്‍ ജേക്കബ്