റെനോ ക്വിഡ്
കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന ആകർഷകമായ പൊക്കക്കാരൻ കാറാണ് ഫ്രഞ്ച് കന്പനി റെനോയുടെ ക്വിഡ്. കോംപാക്ട് കാർ വിപണിയിൽ മാരുതി ഓൾട്ടോ 800, ഹ്യുണ്ടായി ഇയോണ്‍ മോഡലുകൾക്ക് എതിരാളിയാണ് ക്വിഡ്. ഫീച്ചറുകളിലും വിലയിലും രൂപത്തിലുമെല്ലാം ആകർഷണീയത ഇതിനുണ്ട്. എസ് യുവി ചെറുതാക്കിയതുപോലെയുള്ള രൂപമാണ് ക്വിഡിന്. ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലിമീറ്റർ. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന ബഹുമതിയും റെനോ ഹാച്ച്ബാക്കിനു സ്വന്തം.

റെനോയുടെ സിഎംഎഫ്എ പ്ലാറ്റ്ഫോം ആദ്യമായി ഉപയോഗിക്കുന്ന മോഡലിന് 3679 മില്ലിമീറ്റർ ആണ് നീളം. കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ലഗേജ് സ്പേസും ക്വിഡിനു തന്നെ; 300 ലിറ്റർ. അലുമിനിയം നിർമിത എൻജിനും ഭാരം കുറഞ്ഞ ബോഡിയുമെല്ലാം ക്വിഡിന്‍റെ ഭാരം 660 കിലോഗ്രാമിൽ ഒതുക്കുന്നു. ഇത് മെച്ചപ്പെട്ട മൈലേജും പെർഫോമൻസും ഉറപ്പാക്കുന്നു. ഈ വിഭാഗത്തിൽ ആദ്യമായി ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ക്വിഡിനുണ്ട്. മാരുതി സുസൂക്കി, ഹ്യുണ്ടായി എന്നീ കന്പനികളെ അപേക്ഷിച്ച് റെനോയുടെ സർവീസ് ശൃംഖല ചെറുതാണെന്നതാണ് ക്വിഡിന്‍റെ പോരായ്മ.


800 സിസി 53 ബിഎച്ച്പി, ഒരു ലിറ്റർ 67 ബിഎച്ച്പി എൻജിൻ വകഭേദങ്ങൾ ക്വിഡിനുണ്ട്. ഒരു ലിറ്റർ എൻജിനുള്ള മോഡലിന് ലിറ്ററിന് 24.04 കിലോമീറ്റർ ആണ് മൈലേജ്. ഇതിന് എഎംടി വകഭേദം ലഭ്യമാണ്.

കൊച്ചി എക്സ്ഷോറൂം വില 2.79 ലക്ഷം രൂപ മുതൽ 4.45 ലക്ഷം രൂപ വരെ.