പെഴ്‌സിമണ്‍: ദൈവികഫലം
കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാദൃശ്യമുള്ള മധുരഫലം-അതാണ് പെഴ്‌സിമണ്‍. ജപ്പാന്‍, ചൈന, ബര്‍മ്മ, ഹിമാലയസാനുക്കള്‍ എന്നിവിടങ്ങളിലാണ് പെഴ്‌സിമണ്‍ ജന്മം കൊണ്ടത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. ഇപ്പോള്‍ ഇത് ജമ്മു-കാഷ്മീര്‍, തമിഴ്‌നാട്ടിലെ കൂര്‍ഗ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വളരുന്നു. 'ഡയോസ്‌പൈറോസ്' എന്ന ജനുസില്‍ പെട്ടതാണ് ഈ ഫലവൃക്ഷം. 'ഡയോസ്' 'പൈറോസ്' എന്ന രണ്ട് ഗ്രീക്കുപദങ്ങള്‍ ചേര്‍ന്നതാണ് Diospyros എന്ന ജനുസ്. ദൈവികഫലം എന്നാണ് ഈ വാക്കിനര്‍ഥം. ചീനര്‍ ഈ പഴത്തെ ജാപ്പാനീസ് പെഴ്‌സിമണ്‍ എന്നാണു വിളിക്കുക. സസ്യനാമം- ഡയോസ്‌പൈറോസ് കാക്കി.

പരിചയം

ഇലപൊഴിക്കും മരമാണ് പെഴ്‌സിമണ്‍. പരമാവധി ഒമ്പതു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. രണ്ടായിരത്തിലേറെ വര്‍ഷമായി ചൈനയില്‍ ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തില്‍ മഞ്ഞ കലര്‍ന്ന പച്ചിലകള്‍ പ്രായമാകുമ്പോള്‍ ഇലകള്‍ തിളക്കമുള്ള കടുംപച്ചയാകും. എന്നാല്‍ ശരത്കാലമാകുമ്പോള്‍ ഇലകള്‍ക്ക് നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തവര്‍ണങ്ങളണിയും. ആപ്പിള്‍ മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്-ജൂണ്‍ ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതല്‍ സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്‌സിമണ്‍ മരത്തിന് വളരാന്‍ ഇഷ്ടം. ഉഷ്ണമേഖലാ സമതല പ്രദേശങ്ങളില്‍ ഇതില്‍ കായ് പിടിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഹൈറേഞ്ചിലെ തണുത്ത മേഖലകളില്‍ കായ്ക്കും. സാമാന്യം തണുപ്പും ചൂടു കുറഞ്ഞ വേനല്‍ക്കാലവുമുള്ള പ്രദേശങ്ങളിലാണ് പെഴ്‌സിമണ്‍ നന്നായി വളരുക. ഊഷ്മാവ് '0' ഡിഗ്രി സെന്റീഗ്രേഡില്‍ താഴ്ന്നാലും ഇതിന് പ്രശ്‌നമില്ല. എന്നാല്‍ ചൂടു കൂടുന്നത് ഇഷ്ടമല്ല. ചൂടു കൂടിയാല്‍ തടിപൊള്ളിയിളകുന്നതു കാണാം. ഉഷ്ണമേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.

ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തൂങ്ങിയ ഇലകളുമായി അലസമായി നില്‍ ക്കുന്ന പെഴ്‌സിമണ്‍ ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണരസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന ടാനിന്‍ ആണ് ഈ രുചിവ്യത്യാസത്തിനു കാരണം. തീക്ഷ്ണതയേറിയ ഇനമാണ് താനെനാഷി. തീക്ഷ് ണത കുറഞ്ഞ ഇനമാണ് ഫുയോ. ഇതാണ് ഒരു പക്ഷെ ലോകത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്‌സിമണ്‍ ഇനവും. ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ-വൈറ്റമിന്‍- എ യുടെ സാന്നിധ്യമാണ് പെഴ്‌സിമണ്‍ പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.

ചൈനയില്‍ മാത്രം പെഴ്‌സിമണ്‍ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. ജപ്പാനില്‍ എണ്ണൂറോളം ഇനങ്ങള്‍ ഉണ്ടെങ്കിലും നൂറില്‍ താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളൂ. ഫുയും, ജിറോ, ഗോഷോ, സുറുഗ, ഹാച്ചിയ, അയ്ഷുമിഷി രാസു, യോക്കോനോ എന്നിവ ഇവയില്‍ ചിലതാണ്. ഇന്ത്യയില്‍ കൂനൂരുള്ള പഴവര്‍ഗഗവേഷണ കേന്ദ്രത്തില്‍ 'ദയ് ദയ് മാറു' എന്ന ഇനം നന്നായി വളര്‍ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകര്‍ഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്‍ക്ക് കടും ചുവപ്പു നിറമാണ്.

പ്രജനനവും കൃഷിയും

ഇടത്തരം വളക്കൂറുള്ള ഏതു മണ്ണിലും പെഴ്‌സിമണ്‍ വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് നട്ടുവളര്‍ത്തേണ്ടത്. ആഴത്തില്‍ കിളച്ച് ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ കൃഷി സ്ഥലത്ത് 4.5 / 1.5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ഓരേക്കറില്‍ ഇങ്ങനെ 400 തൈകള്‍ വരെ നടുന്നു. ഇവ 10-15 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോഴേക്കും നല്ല കരുത്തും ഫലോത്പാദനശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തില്‍ കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെ ന്നര്‍ഥം. പൂര്‍ണവളര്‍ച്ചയെത്തിയ മരത്തിന് ജൈവവളങ്ങള്‍ക്കു പുറമെ രാസവളപ്രയോഗവും നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വര്‍ഷം 45 കിലോഗ്രാം വരെ രാസവളമിശ്രിതം രണ്ടുതവണയായി വിഭജിച്ചു നല്‍കാറുണ്ട്. എന്നാല്‍ നൈട്രജന്‍ മാത്രം അടങ്ങിയ വളങ്ങള്‍ കൂടുതലായി നല്‍കുന്നത്, കായ്‌പൊഴിച്ചിലിനിടയാക്കും.


പെഴ്‌സിമണിന് പ്രൂണിംഗ് (കൊമ്പുകോതല്‍) നിര്‍ബന്ധമാണ്. മരത്തിന് നിയതമായ രൂപം കിട്ടാനും ശിഖരങ്ങള്‍ക്ക് ദൃഢത ലഭിക്കാനും ഇതു കൂടിയേ കഴിയൂ. എല്ലാ വര്‍ഷവും പുതുതായുണ്ടാകുന്ന വളര്‍ച്ചയുടെ ഒരു ഭാഗം നീക്കുന്നത് നന്ന്. വളര്‍ച്ചയുടെ തോതു നോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളര്‍ത്തണം.

വരള്‍ച്ച ചെറുക്കാന്‍ പെഴ്‌സിമണ് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചുവളര്‍ത്തുന്ന മരങ്ങളില്‍ വലിപ്പവും മേന്മയുമേറിയ കായ്കളുണ്ടാകുക പതിവാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിര്‍ബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ തുള്ളിനന നടത്തുകയാണ് അഭികാമ്യം.

വിളവ്

മിക്ക ഇനങ്ങളും ഒട്ടു തൈകളാണെങ്കില്‍ നട്ട് 3-4 വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. ചിലത് 5-6 വര്‍ഷം വരെ എടുക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇതില്‍ നിന്ന് 40 മുതല്‍ 250 വരെ കിലോ കായ്കള്‍ കിട്ടും. തീക്ഷ്ണരസമുള്ള ഇനങ്ങള്‍ പൂര്‍ണമായും വിളഞ്ഞിട്ടു മാത്രമേ വിളവെടുക്കാറുള്ളു.

ഇവ മുളക്കൂടകളിലും മറ്റും വച്ചു പഴുപ്പിച്ചിട്ട് വിപണിയില്‍ എത്തിക്കുന്നു. വിദേശ രാജ്യങ്ങളില്‍ വിളവെടുപ്പിനു മൂന്നു ദിവസം മുമ്പ് ജിഞ്ചറെല്ലിക്ക് ആസിഡ് പോലുള്ള ഹോര്‍മോണുകള്‍ തളിച്ച് കായുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്കള്‍ കൂടുതല്‍ നാള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും. സാധാരണ ഊഷ്മാവില്‍ പഴുത്ത പഴങ്ങള്‍ നാലു ദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങള്‍ ഓരോന്നായി പേപ്പറില്‍ വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയില്‍ ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.

മേന്മകള്‍

നന്നായി പഴുത്ത പെഴ്‌സിമണ്‍പഴം പാതി മുറിച്ച് ഒരു സ്പൂണ്‍ കൊണ്ടുതന്നെ കോരി കഴിക്കാം. ചിലര്‍ ഇതിലേക്ക് അല്‍പം നാരങ്ങാനീരോ പഞ്ചസാരയോ തൂകിയിട്ടാവും കഴിക്കുക. പഴക്കാമ്പ് സലാഡ്, ഐസ്‌ക്രീം, യോഗര്‍ട്ട്, കേക്ക്, പാന്‍കേക്ക്, ജിഞ്ചര്‍ ബ്രെഡ്, കുക്കീസ്, ഡസേര്‍ട്ട്, പുഡിഗ്, ജാം, മാര്‍മലെയിഡ് എന്നിവയോടൊപ്പം ചേര്‍ത്താല്‍ മാറ്റു കൂടും. ഇന്തൊനേഷ്യയില്‍ പഴുത്ത പെഴ്‌സിമണ്‍ ഫലങ്ങള്‍, ആവിയില്‍ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയിട്ടാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയല്‍ എന്നിവയും തയാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പി പോലെയുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

പെഴ്‌സിമണിലെ പോഷക സമൃദ്ധിയാണ് അതിന് ദൈവത്തിന്റെ ആഹാരം എന്ന ഓമനപ്പേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിന്‍, തയാമിന്‍, റിബോഫ്‌ളാവിന്‍, നിയാസിന്‍, അസ്‌കോര്‍ബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

അധികം പഴുക്കാത്ത പെഴ്‌സിമണ്‍ പഴത്തില്‍ നിന്ന് ലഭിക്കുന്ന ടാനിന്‍, സാക്കെ എന്ന മദ്യം തയാറാക്കുന്നതിനുപയോഗിക്കുന്നുണ്ട്. ടാനിന്‍, ചായം നിര്‍മിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുത്തുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്‌സിമണ്‍ കായ്കള്‍ ചതച്ച് വെള്ളത്തില്‍ നേര്‍പ്പിച്ചെടുത്തത് കീടനശീനകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാന്‍സി ഉപകരണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നു. പാകമാകാത്ത കായുടെ നീര,് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍
ഓഫീസര്‍, എഫ്‌ഐബി., ഫോണ്‍: 9446306909