ഉറക്കം കെടുത്താൻ ടാറ്റാ ഹാരിയർ
ടാറ്റ മോട്ടോഴ്സിന്‍റെ കാറുകളെപ്പറ്റി പലരും വച്ചുപുലർത്തിയിരുന്ന മോശം ധാരണകൾ മാറിത്തുടങ്ങിയത് അടുത്തകാലത്താണ്. ടാറ്റ പഴയ ടാറ്റയല്ലെന്നും ഒന്നാന്തരം കാറുകൾ പുറത്തിറക്കാൻ അവർക്കാകുമെന്നും ജനത്തിനു ബോധ്യമായിത്തുടങ്ങി. ടിയാഗോ ഹാച്ച്ബാക്ക്, നെക്സോണ്‍ കോംപാക്ട് എസ്് യുവി, ടിഗോർ കോംപാക്ട് സെഡാൻ എന്നിവ നേടിയ വിൽപ്പന വിജയം അതിന് അടിവരയിടുന്നു.

ചെറുകാർ വിപണിയിലെ വിജയം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി പ്രീമിയം വാഹന വിപണിയിലേയ്ക്ക് ചുവടു വയ്ക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ കാർ കന്പനി. ഹാരിയർ എന്ന പ്രീമിയം എസ് യുവിയും ഹ്യുണ്ടായി എലൈറ്റ് ഐ 20 യുമായി മത്സരിക്കുന്ന ഒരു ഹാച്ച്ബാക്കുമാണ് ടാറ്റ ഇനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇവയുടെ കണ്‍സപ്റ്റ് 2018 ലെ ഡൽഹി ഓട്ടോ എക്സപോയിൽ കന്പനി പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ഹാരിയർ എസ്് യുവി ഈ മാസം വിപണിയിലെത്തുകയാണ്. മഹീന്ദ്ര എക്സ് യുവി 500, ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചർ എന്നീ മോഡലുകളുമായി മത്സരിക്കുന്ന ടാറ്റ എസ്് യുവിയുടെ വിശേഷങ്ങൾ എന്തൊക്കെയെന്നു നോക്കാം.

ജെഎൽആർ പ്ലാറ്റ്ഫോം

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കന്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്‍റെ സഹായത്തോടെയാണ് ഹാരിയറിനെ ഒരുക്കിയിരിക്കുന്നത്. പത്തുലക്ഷത്തിലേറെ വാഹനങ്ങളിൽ ഉപയോഗിച്ച് മികവ് തെളിയിച്ച ലാൻഡ് റോവർ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഒമേഗ (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്‍റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമാണ് അഞ്ച് സീറ്റർ എസ് യുവിയ്ക്ക്. മോശം റോഡുകളിലും നല്ല റോഡുകളിലും മികച്ച യാത്രാസുഖം നൽകുുന്നതിനൊപ്പം മെച്ചപ്പെട്ട സുരക്ഷയും ഇതു ഉറപ്പാക്കും.

ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈൻ 2.0 രൂപകൽപ്പന ശൈലിയിൽ നിർമിച്ച ആദ്യ വാഹനമാണ് ഹാരിയർ . ഓട്ടോ എക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ച എച്ച് ഫൈവ് എക്സ് കണ്‍സപ്റ്റുമായി നല്ല സാമ്യമുണ്ട് ഹാരിയറിന്.

ടാറ്റ നെക്സോണിലേതുപോലെയുളള രൂപഘടനയാണ് ഡാഷ്ബോർഡിന്. വലുപ്പം കൂടുതലുണ്ടെന്നു മാത്രം. ലാൻഡ് റോവർ ഡിസ്കവറി സ്പോർടിന്‍റെ തരം പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഹാരിയറിന് എതിരാളികളെക്കാൾ നീളക്കൂടുതലുണ്ട്. 2,741 മില്ലി മീറ്റർ വീൽബേസുളള വാഹനത്തിന് 4,598 മില്ലി മീറ്റർ ആണ് നീളം. ഗ്രൗണ്ട് ക്ലിയറൻസ് 205 മില്ലി മീറ്റർ. ഭാരം 1,675 കിലോഗ്രാം. പതിനേഴ് ഇഞ്ചാണ് വീൽ വലുപ്പം. ബൂട്ട് സ്പേസ് 425 ലിറ്റർ.


സുരക്ഷാസംവിധാങ്ങളിലും

നവീനമായ ഫീച്ചറുകൾക്കൊപ്പം സുരക്ഷാസംവിധാനങ്ങളിലും ഹാരിയർ മുന്നിട്ടുനിൽക്കുന്നു. എബിഎസ്- ഇബിഡി, ഹിൽ ഡിസന്‍റ് - ഹിൽ ഹോൾഡ് അസിസ്റ്റ്, റോൾ ഓവർ പ്രൊട്ടക്ഷൻ എന്നിവയുള്ള വാഹനത്തിന് ആറ് എയർബാഗുകളാണുള്ളത്.

എൻജിൻ ഫിയറ്റിൽ നിന്ന്

ഫിയറ്റിൽ നിന്നുള്ള രണ്ട് ലിറ്റർ, നാല് സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ് ടാറ്റ എസ്േ യുവിയുടെ ബോണറ്റിനടിയിലുള്ളത്. ജീപ്പ് കോംപസിന്‍റെ തരം എൻജിനാണിതെങ്കിലും ഹാരിയറിൽ എൻജിൻ കരുത്ത് കുറച്ചിട്ടുണ്ട്. ക്രയോടെക് 2.0 ലിറ്റർ എന്നു ടാറ്റ വിശേഷിപ്പിക്കുന്ന എൻജിന് 138 ബിഎച്ച്പിയാണ് കരുത്ത്( കോംപസിനിത് 170 ബിഎച്ച്പി). ആറ് സ്പീഡ് മാന്വൽ ഗീയർബോക്സുള്ള എസ്് യുവിയ്ക്ക് 350 എൻഎം ആണ് പരമാവധി ടോർക്ക്. തുടക്കത്തിൽ ഫോർ വീൽ ഡ്രൈവ് വകഭേദം ഉണ്ടായിരിക്കില്ല. മുൻ ചക്രങ്ങൾക്ക് ഇൻഡിപെൻഡന്‍റ് സസ്പെൻഷനും പിൻ ചക്രങ്ങൾക്ക് സെമി ഇൻഡിപെൻഡന്‍റ് സസ്പെൻഷനും ഉപയോഗിക്കുന്നു.

22 ലക്ഷം കിലോമീറ്ററുകൾ നീണ്ട പരീക്ഷണ ഓട്ടം

പ്രീമിയം എസ്യുവി വിഭാഗത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പായതുകൊണ്ടുതന്നെ ഒട്ടേറെ ഗൃഹപാഠങ്ങൾ ടാറ്റ നടത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അതിദുർഘട പാതകളിലൂടെയെല്ലാം ഹാരിയർ ഓടിയിട്ടുണ്ട്. പരീക്ഷണ ഓട്ടത്തിൽ ഹാരിയർ പിന്നിട്ടത് 22 ലക്ഷം കിലോമീറ്ററുകൾ. അതായത് 10 വർഷം കൊണ്ട് ഓടാനാവുന്ന ദൂരം താണ്ടിയാണ് ഹാരിയർ കഴിവു തെളിയിച്ചിട്ടുള്ളത്.

ഐപ്പ് കുര്യൻ