ആദ്യപാഠം കുടുംബത്തില്‍ നിന്ന്
മനു പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. അയല്‍പക്കത്തെ അറുപതുകാരനുമായി വഴക്കുണ്ടാക്കി അയാളെ മര്‍ദിച്ചു. മറ്റു പല സ്ഥലങ്ങളിലും മനു ധിക്കാരമായി പെരുമാറുന്നു. സ്‌കൂളിലും അവനെപ്പറ്റി പരാതിയുണ്ട്. പിതാവും മനുവിനെ സ്‌നേഹിക്കുന്ന രണ്ട് അഭ്യുദയകാംക്ഷികളും ചേര്‍ന്നാണ് അവനെ കൗണ്‍സലിംഗിനു കൊണ്ടുവന്നത്. നിര്‍ബന്ധിച്ചിട്ടാണോ വന്നത് എന്നു ചോദിച്ചപ്പോള്‍ 'അല്ല എനിക്ക് ആവശ്യമുണ്ട് എന്നു തോന്നുന്നു' എന്നു പറഞ്ഞു. തന്റെ മേലുള്ള നിരവധി ആരോപണങ്ങളും അവയുടെ വിശദീകരണങ്ങളും അവന്‍ പറഞ്ഞു.

എല്ലാവര്‍ക്കും പ്രശ്‌നക്കാരന്‍

മനുവിന്റെ ഹൗസിംഗ് കോളനിയില്‍ റോഡിന് ഇരുവശമായി ധാരാളം വീടുകള്‍ ഉണ്ട്. വൈകിട്ട് അഞ്ചു മണിയാകുമ്പോള്‍ മിക്ക വീടുകളിലെയും വീട്ടമ്മമാരും കുികളും ചിലപ്പോള്‍ കുടുംബനാഥന്മാരും വഴിയിലേക്കിറങ്ങിവന്ന് കുശലം പറയും. കുട്ടികള്‍ കൂട്ടുകൂടി കളിക്കുകയും സൊറപറഞ്ഞിരിക്കുകയും ചെയ്യും. ഇടയ്ക്കു ചെറിയൊരു പാലവും അതിനിരുവശവും ഇരിക്കാന്‍ പറ്റുന്ന തരത്തിലുള്ള കല്‍ഭിത്തിയുമുണ്ട്. കഴിഞ്ഞ ദിവസം മനുവും കൂട്ടുകാരും ആ ഭിത്തിയില്‍ കയറിയിരുന്നപ്പോള്‍ കോളനിയിലുള്ള മാത്യുചേട്ടന്‍ വണ്ടിയും ഓടിച്ച് അതുവഴി വന്നു. വണ്ടി നിര്‍ത്തി നിനക്കൊക്കെ ഇവിടെ ഇരിക്കാനേ സ്ഥലം ഉള്ളോടാ എന്ന് ചോദിച്ചു. മേലാല്‍ ഇവിടെ ഇരുന്നേക്കരുത് എന്ന താക്കീതും നല്കി വണ്ടി ഓടിച്ചുപോയി. കൂട്ടുകാര്‍ എല്ലാം എഴുന്നേറ്റു പോയെങ്കിലും മനു മാത്രം അവിടെ നിന്നു. മനുവിന്റെ ശരീരം കോപംകൊണ്ടു വിറച്ചു. ഒരു തെറ്റും ചെയ്യാത്ത കുട്ടികളെ അയാള്‍ എന്തിനാണ് ഭയപ്പെടുത്തിയത്? എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ പൊതുവഴി? ഇങ്ങനെ ചിന്തിച്ച മനു അയാളെ ചോദ്യം ചെയ്യാനെത്തി. അയാള്‍ മനുവിനെ കഴുത്തില്‍ പിടിച്ചു തള്ളി പുറത്ത് രണ്ട് ഇടിയും കൊടുത്തു. മനു തിരിഞ്ഞുനിന്ന് അയാളെ മര്‍ദിച്ചശേഷം വീട്ടിലേക്കു പോയി. പ്രായമായ ആളിനെ മര്‍ദിച്ച വാര്‍ത്ത പെട്ടെന്ന് എല്ലാവരുടെയും കാതുകളിലെത്തി. മധ്യസ്ഥരുടെ നിര്‍ബന്ധപ്രകാരം മനു ക്ഷമ പറയാന്‍ അയാളുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന ഒരു രാഷ്ട്രീയക്കാരന്‍ മനുവിനെ അപമാനിച്ചു സംസാരിച്ചു. മനു ഉടനെ അവിടെനിന്നുകൊണ്ട് അയാളുടെ എതിര്‍ രാഷ്ട്രീയകക്ഷിയിലുള്ള വിദ്യാര്‍ഥി സംഘടനാനേതാക്കളെ ഫോണില്‍ വിളിച്ചു. അവര്‍ മനുവിന് സഹായം വാഗ്ദാനം നല്കിയപ്പോള്‍ അവന്‍ അയാളുടെ നേരെ തട്ടിക്കയറി. ഏതായാലും പ്രശ്‌നം ഒത്തുതീര്‍പ്പിലായി.

സ്‌കൂളിലും പ്രശ്‌നംതന്നെ

മറ്റൊരു പ്രശ്‌നം സ്‌കൂളുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം മനു സ്‌കൂളിലേക്കു പുറപ്പെട്ടപ്പോള്‍ കൂട്ടുകാരന്‍ ബൈക്കുമായി വന്ന് അവന്റെ വീട്ടില്‍ പോയി ഹോസ്റ്റലില്‍ കൊണ്ടുപോകുവാനുള്ള സാധനങ്ങളെടുക്കാന്‍ കൂടെവിളിച്ചു. ഉടന്‍ വരാമെന്നും സ്‌കൂളില്‍ എത്താന്‍ താമസിക്കില്ലെന്നും പറഞ്ഞതുമൂലം മനു ബൈക്കില്‍ കയറി. പെട്രോളടിക്കാന്‍ പമ്പില്‍ കയറിയപ്പോള്‍ ഒരു ടീച്ചറെ കണ്ടു. അവര്‍ ഉടന്‍ തന്നെ മനു പെട്രോള്‍ പമ്പിലും മറ്റും കറങ്ങുന്നത് കണ്ടു എന്ന് സ്‌കൂളിലറിയിച്ചു. ക്ലാസ് തുടങ്ങിയ ഉടന്‍ തന്നെ മനുവും കൂട്ടുകാരനും എത്തിയെങ്കിലും ഒരു അധ്യാപകന്‍ വളരെ മോശമായി സംസാരിക്കുകയും അവന്റെ മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പുറകെ ചെന്ന് ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. അവന്‍ കേണപേക്ഷിച്ചു. കാരണം അത് അവന്റെ അപ്പന്റെ മൊബൈലായിരുന്നു. പരീക്ഷയായതുകൊണ്ട് അപ്പന്‍ കൊടുത്തുവിട്ടതായിരുന്നു. തരുകയില്ലെന്ന് അധ്യാപകന്‍ വാശി പിടിച്ചപ്പോള്‍ ഞാന്‍ സാറിനെ പിന്നെക്കണ്ടോളാം എന്നു ഭീഷണി മുഴക്കിയി് അവന്‍ തിരിച്ചുപോയി. അധ്യാപകന്‍ ഈ കാര്യം സ്‌കൂളിലും നാട്ടിലും പറഞ്ഞുപരത്തുകയും കവലയില്‍ നില്‍ക്കുന്നവര്‍ പോലും മനുവിനോട് മോശമായി സംസാരിക്കുകയും ചെയ്തു. താന്‍ തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ അപ്പനോട് കാര്യം പറയാമെന്നു കരുതി വീട്ടില്‍ ചെന്നു. അമ്മ കരഞ്ഞുകൊണ്ട് വിശദീകരണമൊന്നും ചോദിക്കാതെ നീയിങ്ങനെ ഇനിയും ചെയ്താല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു. അപ്പന്‍ ആക്രോശിച്ചുകൊണ്ട് തല്ലാനൊരുങ്ങി. അവന്‍ കൈയില്‍ കയറി പിടിച്ചു. നീ എന്നെ തല്ലാനും മാത്രം വളര്‍ന്നോടാ എന്നു ചോദിച്ച് അപ്പന്‍ അവനെ തല്ലി. അവന്‍ തിരിച്ചും തല്ലിയെന്ന് അപ്പനും തല്ലിയില്ലെന്നു മകനും പറയുന്നു. ഏതായാലും അവന്‍ അപ്പനെ തല്ലിയവനായും അറിയപ്പെടാന്‍ തുടങ്ങി.

വീട്ടിലെ സാഹചര്യങ്ങള്‍

അവനുമായി സംസാരിച്ചപ്പോള്‍ വീട്ടിലെ സാഹചര്യങ്ങളും അവന്‍ വിശദീകരിച്ചു. സംഗീതം പ്രൈവറ്റായി പഠിപ്പിക്കുന്ന ആളാണ് അപ്പന്‍. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥ. ഇവര്‍ തമ്മില്‍ എപ്പോഴും പൊരുത്തക്കേടാണ്. അപ്പന്റെ അപകര്‍ഷതാബോധം കൊണ്ടാണ് വഴക്കുണ്ടാകുന്നതെന്ന് മനു പറയുന്നു. ഒരിക്കല്‍ പിതാവിന്റെ സഹോദരനും കുടുംബത്തിനുമൊപ്പം മനു കാര്‍ യാത്ര നടത്തി. ആ പിതാവും മക്കളും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. പരസ്പരം പറയുന്ന കാര്യങ്ങള്‍ ഇരുകൂട്ടരും ശ്രദ്ധയോടെ കേള്‍ക്കുകയും ഉചിതമായ മറുപടി സൗമ്യതയോടും പരസ്പര ബഹുമാനത്തോടും കൂടി നല്കുകയും ചെയ്യുന്നത് മനു ശ്രദ്ധിച്ചു. തന്റെ പിതാവ് എന്തു ചോദിച്ചാലും മറുപടി പറയുകയില്ലെന്ന് മാത്രമല്ല അപമാനിച്ച് സംസാരിക്കുകയും ചെയ്യുമെന്നു മനു പറയുന്നു. അടുത്തകാലത്തായി സഹോദരങ്ങളും മനുവിനോട് മിണ്ടാറില്ല. വീട്ടില്‍ വഴക്കുണ്ടാകുമ്പോള്‍ പിതാവ് മനുവിന്റെ ചേച്ചിയുടെയോ അനുജന്റെയോ ഭാഗം ചേരുന്നുവെന്നാണ് അവന്റെ പരാതി. അതുകൊണ്ട് മനു അവരോടും ക്രൂരമായി പെരുമാറാന്‍ തുടങ്ങി. ഇക്കാരണത്താല്‍ അവര്‍ ക്രമേണ മനുവില്‍നിന്ന് അകന്നു.


ഇപ്പോള്‍ മനുവിന് തന്നെ അനുകൂലിച്ച രാഷ്ട്രീയ സംഘടനയോട് വലിയ അടുപ്പവും ബഹുമാനവുമാണ്. മനുവിന്റെ എടുത്തുചാട്ട സ്വഭാവവും അനീതി കണ്ടാല്‍ ആലോചിക്കാതെ പ്രതികരിക്കുന്ന രീതിയും അവര്‍ മുതലെടുക്കാന്‍ തുടങ്ങി. പ്രകോപനങ്ങള്‍ മനുവിനെതിരേയാണെന്ന് വരുത്തിത്തീര്‍ത്ത് അവനെ പ്രകോപിപ്പിച്ച് പ്രതികരിക്കുന്ന രീതിയാണവര്‍ അവലംബിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ മനുവിന്റെ പിതാവിന്റെ ആത്മാര്‍ഥതയുള്ള ചില സുഹൃത്തുക്കള്‍ (അവരെ മനുവിനും ബഹുമാനമാണ്) ഇടപൊണ് കൗണ്‍സലിംഗിനു കൊണ്ടുവന്നത്.

മനുവിന്റെ ഭാഗത്തുനിന്ന് ശ്രദ്ധിച്ചാല്‍ അവന്‍ ചെയ്തതെല്ലാം ന്യായങ്ങളാണ്. എന്നാല്‍ സമൂഹത്തില്‍ അതു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അവനെ കുറ്റവാളിയാക്കി മാറ്റി. തന്നെ ആരും കേള്‍ക്കുന്നില്ല എന്നതാണ് മനുവിന്റെ പരാതി. അവന്റെ ന്യായമായ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ തയാറാകാതെ മുന്‍വിധിയോടെ പ്രതികരിക്കുമ്പോള്‍ മനു അക്രമാസക്തമായി പ്രതികരിക്കുന്നു. തന്നെ കേള്‍ക്കാന്‍ സന്മനസ് കാട്ടാത്ത പിതാവിനോടും മനസുനിറയെ വിദ്വേഷമാണ്. അമ്മയുടെയടുത്ത് വിശദീകരണവുമായി ചെല്ലുമ്പോള്‍ എനിക്കൊന്നും കേള്‍ക്കണ്ട, എന്നെയങ്ങു കൊന്നേര് എന്നൊക്കെപ്പറഞ്ഞ് വ്യത്യസ്തമായി പ്രതികരിക്കുന്നു. അധ്യാപകരും അവനെ കേള്‍ക്കുന്നില്ലെന്നും അവന് പരാതിയുണ്ട്.

പരസ്പര ബഹുമാനം വേണം

കുടുംബത്തില്‍ വ്യക്തികള്‍ പരസ്പരം അംഗീകരിക്കപ്പെടണം. ആദരവോടെ കേള്‍ക്കുകയും പറയുകയും ചെയ്യാന്‍ അവസരമുള്ള കുടുംബങ്ങളില്‍ ആരോഗ്യപരമായ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇവിടെ മനുവിന്റെ കാര്യത്തില്‍ ഇത് വളരെ പ്രസക്തമാണ്. മനുവിനെ ക്ഷമയോടെ കേള്‍ക്കുവാന്‍ കൗണ്‍സലര്‍ തയാറായപ്പോള്‍ അവന്‍ എളിമയോടെ മാറ്റങ്ങള്‍ സ്വീകരിക്കാനും തയാറായി.

കുടുംബത്തിലായാലും സമൂഹത്തിലായാലും മറ്റുള്ളവരെ അനുഭാവപൂര്‍വം കേള്‍ക്കുക എന്നത് വ്യക്തിബന്ധം സുദൃഢമാക്കാന്‍ അനിവാര്യമായ ഘടകമാണ്. കൗണ്‍സലിംഗിലും ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭാര്യ ഭര്‍ത്താവിനെ ആദരവോടെ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളെ ശ്രദ്ധയോടെയും കരുതലോടെയും സഹതാപത്തോടെയും കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യയെ ബഹുമാനത്തോടെ കേള്‍ക്കുമ്പോള്‍ ആ കുടുംബം പ്രശ്‌നരഹിതമായി മാറും. മറ്റുള്ളവര്‍ പൂര്‍ണമായി എന്നെ മനസിലാക്കി പെരുമാറുന്നു എന്ന ബോധ്യമുള്ള വ്യക്തി സന്തുലിത വ്യക്തിത്വമുള്ളവനായി വളരും. എന്നാല്‍ മനസിലാക്കുവാന്‍ ഉതകുന്ന ആശയവിനിമയവും കേള്‍വിക്കുള്ള സന്മനസവും ഇന്നു വളരെ കുറഞ്ഞുപോയിരിക്കുന്നു. ഒന്നിച്ചിരുന്ന് ചീട്ടുകളിക്കുകയും കാരംസും ചെസും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന പാരമ്പര്യം വിട്ട് എല്ലാവരും അവരവരുടെ സന്തോഷ ലോകത്ത് അടച്ചിരിക്കുന്നു. മറ്റുള്ളവരില്‍നിന്ന് അകന്ന് ജീവിച്ചു പ്രശ്‌നങ്ങള്‍ ഏറ്റുവാങ്ങി പരിഭ്രാന്തരായി കഴിയുന്നു.

പലതരം കേള്‍വികള്‍ വ്യാജമായ കേള്‍വി (Fake)

ശ്രദ്ധിക്കാതെ, ആത്മാര്‍ഥതയില്ലാതെ, മുന്‍വിധിയോടെ കേള്‍ക്കുന്ന രീതിയാണിത്. ഇടയ്ക്കിടയ്ക്കും മനസിലാക്കുന്നു. ശരിയാണ് എന്നൊക്കെ ആാര്‍ഥതയില്ലാതെ പറഞ്ഞു എന്നുവരാം. ഇത് നിരാശാജനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. മറ്റേയാള്‍ സംസാരിക്കുമ്പോള്‍ മൊബൈലില്‍ ശ്രദ്ധിക്കുക, ടിവി കാണുക, ഇടയ്ക്കുകയറി മറ്റെന്തെങ്കിലും പറയുക തുടങ്ങിയ കാര്യങ്ങള്‍ പറയുന്നയാളില്‍ അവിശ്വാസം ജനിപ്പിക്കുകയും പറഞ്ഞിട്ട് കാര്യമില്ല എന്ന ചിന്ത ജനിപ്പിക്കുകയും ചെയ്യും.

ഭാഗിക കേള്‍വി (Partial)

മക്കള്‍ അവരുടെ നേട്ടങ്ങളും സന്തോഷങ്ങളും വിവരിക്കുമ്പോള്‍ ഒട്ടും താത്പര്യം കാണിക്കാതെ മറ്റു പലതിലേക്കും സംസാരവും ശ്രദ്ധയും മാറ്റിവയ്ക്കുകയാണെങ്കില്‍ അവര്‍ എന്നേക്കുമായി അത്തരം കാര്യങ്ങള്‍ പങ്കിടുന്നത് നിര്‍ത്തുകയും വിദ്വേഷവും നിരാശയും ഉള്ളവരായിത്തീരുകയും ചെയ്യും. കൗണ്‍സലിംഗ് ചെയ്യുന്ന ആളോടും ഇത്തരം മനോഭാവമുണ്ടാകാം.

തെരഞ്ഞെടുത്ത കേള്‍വി (Selective Listening)

എന്തു പറഞ്ഞാലും അവനവന്റെ മനസിലുള്ള ധാരണയ്ക്കനുസരിച്ചു മാത്രം കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രീതി. എല്ലാറ്റിനും സ്വന്തം ന്യായങ്ങള്‍ നിരത്തി പ്രതിരോധിക്കും. പറയുന്നയാള്‍ നിരാശനാകുകയും ചെയ്യും.

മുഴച്ചുനില്‍ക്കുന്ന കേള്‍വി (Projective)

കുട്ടി കുറ്റക്കാരനാണെങ്കില്‍ മുന്‍വിധിയോടെ കുട്ടി പറയുന്നതെന്തും ആ ഒരു കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ മാത്രം കാണുകയാണിവിടെ ചെയ്യുക. ഒരിക്കല്‍ ഒരബദ്ധം പറ്റിയ കുട്ടിയെ ആരെങ്കിലും പിന്നീട് കുറ്റക്കാരനാക്കി വിധിച്ചാല്‍ അവന്‍ അത് ചെയ്തുകാണും എന്ന മുന്‍വിധിയോടെ അവന്‍ പറയുന്നതൊന്നും വിശ്വസിക്കാതിരിക്കുകയാണിവിടെ ചെയ്യുക. ഇത് അവന്‍ നന്നാകാനുള്ള സാധ്യതകള്‍ തകര്‍ത്തുകളയും.

അതുകൊണ്ട് ശ്രദ്ധയോടെ, സ്‌നേഹത്തോടെ, താത്പര്യത്തോടെ യഥാര്‍ഥ സ്ഥിതി അറിയാനും അംഗീകരിക്കാനുമുള്ള തുറന്ന മനസോടെ കേള്‍ക്കുവാന്‍ സാധിക്കണം. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമാധാനവും സന്തുലിതാവസ്ഥയും സ്ഥാപിക്കാനും കഴിയും.

ഡോ. പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി