International
വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ആദ്യ മില്ലേനിയൽ വിശുദ്ധനായ കാർലോ അക്കുത്തിസിനു പിന്നാലെ രണ്ട് കൗമാരക്കാർകൂടി വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്ക് നടന്നടുക്കുന്നു. ഇറ്റലിയിൽനിന്നുള്ള ജൂലിയ ഗബ്രിയേലിയും അമേരിക്കയിൽനിന്നുള്ള മരിയ മിഡിൽടണുമാണ് ചുരുങ്ങിയ ജീവിതംകൊണ്ട് വിശുദ്ധിയുടെ സൗരഭ്യം പരത്തി വിശുദ്ധാരാമത്തിലേക്ക് നടന്നടുക്കുന്നത്.
അർബുദബാധയെത്തുടർന്ന് 14-ാം വയസിൽ മരിച്ച ജൂലിയ ഗബ്രിയേലിയെ ധന്യയായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ശനിയാഴ്ച അനുമതി നൽകി. 18-ാം വയസിൽ മരിച്ച മരിയ മിഡിൽടണിന്റെ നാമകരണത്തിനായി അമേരിക്കൻ മെത്രാൻ സമിതി കഴിഞ്ഞയാഴ്ച വത്തിക്കാനോട് ശിപാർശ ചെയ്യുകയും ചെയ്തു.
ജൂലിയ ഗബ്രിയേലി: രോഗത്തെ നേരിട്ട ധൈര്യം
1997 മാർച്ച് മൂന്നിന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിലാണ് ജൂലിയ ജനിച്ചത്. പത്താം വയസിൽ ‘അൽവിയോളാർ റാബ്ഡോമയോസാർക്കോമ’ എന്ന അപൂർവവും തീവ്രവുമായ അർബുദം സ്ഥിരീകരിച്ചു. രണ്ടുവർഷത്തെ ചികിത്സയ്ക്കിടെ നേരിട്ട വേദനകളെയും പ്രതിസന്ധികളെയും വിശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് അവൾ നേരിട്ടത്.
പാദുവായിൽ റേഡിയോതെറാപ്പി ചികിത്സയിലിരിക്കെ വിശുദ്ധ അന്തോനീസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുമ്പോൾ, അപരിചിതനായ ഒരാൾ നൽകിയ സ്നേഹപൂർണമായ പ്രതികരണം ജൂലിയയ്ക്കു വലിയ കരുത്തായി മാറി. രോഗം ഗുരുതരമായിരുന്ന ഘട്ടത്തിലും ആശുപത്രിയിലെ കുട്ടികൾക്കായുള്ള ‘സ്കൂൾ ഇൻ പൈജാമസ്’ സംരംഭത്തിലൂടെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ട പരീക്ഷ അവൾ വിജയിച്ചു. 2011 ഓഗസ്റ്റ് 19ന് 14-ാം വയസിൽ ജൂലിയ അന്തരിച്ചു. രോഗത്തോടുള്ള ധീരമായ സമീപനവും ആത്മീയപക്വതയുമാണ് ധന്യപദവിയിലേക്ക് അവളെ നയിച്ചത്. രോഗബാധിതരായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്ന ‘കോൺ ജൂലിയ’ എന്ന സംഘടന ജൂലിയയുടെ മാതാപിതാക്കൾ ഇപ്പോഴും നടത്തുന്നുണ്ട്.
മരിയ മിഡിൽടൺ: കരുണയുടെയും പ്രത്യാശയുടെയും മാതൃക
2002 സെപ്റ്റംബർ 10ന് ജനിച്ച മരിയ, സ്പോർട്സും ഐറിഷ് നൃത്തവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന സാധാരണ കൗമാരക്കാരിയായിരുന്നു. ചെറുപ്പം മുതലേ ദൈവവിശ്വാസവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മൂന്നാം വയസ് മുതൽ അമ്മ സൂസനൊപ്പം ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്ന മരിയ, പതിനൊന്നാം വയസിൽ ഡയറിയിൽ കുറിച്ച ആദ്യ വാചകം ‘ദൈവം കരുണയുള്ളവനാണ്’ എന്നായിരുന്നു.
ഹൈസ്കൂൾ പഠനകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മരിയ, അർബുദബാധിതരായ കുട്ടികൾക്കായി സ്കൂളിൽ സംഘടിപ്പിച്ചിരുന്ന നൃത്തപരിപാടിയുടെ സഹ അധ്യക്ഷയായിരുന്നു. മരിയയുടെ സ്മരണാർഥം ഈ പരിപാടി ഇപ്പോഴും തുടരുന്നു.
2019 ജനുവരിയിൽ, 16-ാം വയസിൽ മരിയയ്ക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകാത്ത മസ്തിഷ്ക മുഴ കണ്ടെത്തി. ഒമ്പത് മുതൽ 12 മാസം വരെയാണ് ഡോക്ടർമാർ ആയുസ് വിധിച്ചത്. എങ്കിലും പ്രത്യാശ കൈവിടാതെ, ദൈവഹിതത്തിനു കീഴടങ്ങി അവൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു. രോഗനിർണയത്തിന് ഒമ്പത് മാസത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ഉഗാണ്ട സന്ദർശിച്ചപ്പോൾ ‘മേ എ വിഷ്’ ഫൗണ്ടേഷനിലൂടെ ലഭിച്ച ആനുകൂല്യം സ്വന്തം ആവശ്യങ്ങൾക്കുപകരം അവിടത്തെ ഒരു പാവപ്പെട്ട കുടുംബത്തെയും സ്കൂളിനെയും സഹായിക്കാനാണു മരിയ വിനിയോഗിച്ചത്.
2020ൽ കോവിഡ് നിയന്ത്രണങ്ങൾക്കിടെ പൊതു വിശുദ്ധ കുർബാന നിർത്തിവച്ചപ്പോൾ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി മരിയ ഫിലാഡെൽഫിയ ആർച്ച്ബിഷപ് നെൽസൺ പെരസിന് കത്തെഴുതി. തുടർന്ന് ആർച്ച്ബിഷപ് നേരിട്ടെത്തി അവൾക്കു ദിവ്യകാരുണ്യം നൽകി. രോഗം മൂർച്ഛിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസാന നാളുകളിൽ, ഏറെ പ്രയാസപ്പെട്ട് അവൾ കുറിച്ച അവസാന വാക്കുകൾ ‘പ്രത്യാശയോടെ ചിന്തിക്കുക’ എന്നതായിരുന്നു. അവളുടെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷനും ഇതേ പേരാണു നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ എട്ടിന് 18-ാം വയസിൽ മരിയ അന്തരിച്ചു. മാതാപിതാക്കളായ ബ്രയാനും സൂസനും ചേർന്ന് പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവളുടെ ജീവിതം പങ്കുവയ്ക്കുന്നുണ്ട്.
തുടക്കമിട്ട കാർലോ അക്കുത്തിസ്
കംപ്യൂട്ടർ പ്രോഗ്രാമിംഗിലും ഇന്റർനെറ്റിലും പ്രാവീണ്യമുണ്ടായിരുന്ന കാർലോ അക്കുത്തിസ്, സാങ്കേതികവിദ്യയെ സുവിശേഷവത്കരണത്തിനായി ഉപയോഗിച്ചതിലൂടെയാണു ലോകശ്രദ്ധ നേടിയത്. ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന കാർലോ രക്താർബുദം ബാധിച്ച് 2006 ഒക്ടോബർ 12നാണ് മരിച്ചത്. 2025 സെപ്റ്റംബർ ഏഴിന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
International
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരമ്പരാഗത ക്രിസ്മസ് ട്രീ സ്ഥാപിച്ചു. തെക്കൻ ഇറ്റലിയിലെ പൊല്ലിനോ നാഷണൽ പാർക്കിൽനിന്നുള്ള 24 മീറ്റർ ഉയരവും ഏഴര ടൺ ഭാരവുമുള്ള സിൽവർ ഫിർ മരമാണു വെള്ളിയാഴ്ച ചത്വരത്തിലെത്തിച്ചത്. ടെറനോവ ഡി പൊല്ലിനോ മുനിസിപ്പാലിറ്റിയുടെ സമ്മാനമാണിത്.
50,000ത്തിലധികം എൽഇഡി വിളക്കുകളും ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ സെറാമിക് ശില്പശാലകളിലൂടെ നിർമിച്ച കരകൗശലവസ്തുക്കളും ഉപയോഗിച്ചാണു മരം അലങ്കരിക്കുന്നത്. ഡിസംബർ ഏഴിന് റോം സമയം വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ, അർബുദത്തിനു ചികിത്സയിൽ കഴിയുന്ന കുട്ടികൾ ചേർന്നു ക്രിസ്മസ് ട്രീയുടെ ദീപങ്ങൾ തെളിക്കും.
ഇറ്റലിയിലെ ഗുബ്ബിയോ നഗരത്തിലെ ഇൻജിനോ മലനിരകളിൽ ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയിൽ ദീപം തെളിക്കുന്നതും ഇതാദ്യമായി വത്തിക്കാനിലെ ചടങ്ങിനൊപ്പമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ക്രമീകരണം.
International
സിയൂൾ: രാജ്യത്തെ പിടിച്ചുകുലുക്കിയ എഐ (നിർമിത ബുദ്ധി) കോപ്പിയടി വിവാദത്തിനും തുടർന്നുണ്ടായ പരീക്ഷാനടത്തിപ്പിലെ ആശയക്കുഴപ്പങ്ങൾക്കും പിന്നാലെ ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ ജിൻ രാജിവച്ചു.
വ്യാഴാഴ്ച നടന്ന വാർഷിക കോളജ് പ്രവേശന പരീക്ഷയിൽ എഐ സഹായത്തോടെയുള്ള കോപ്പിയടി തടയാൻ അവസാനനിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മുൻകൂട്ടി തയാറെടുപ്പുകൾ നടത്തുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും ചോയ് ക്യോ ജിൻ വ്യക്തമാക്കി.
നിലവിലെ പരീക്ഷാസമ്പ്രദായം ഉടച്ചുവാർക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുംഗ് മന്ത്രിയുടെ രാജി സ്വീകരിച്ചു. ഒരാഴ്ച മുന്പ് നടന്ന ദേശീയ ടാക്സ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 34കാരനായ ഹാൻ വോൺ സിയോക്, മിനി കാമറയും സ്മാർട്ട്ഫോണും എഐ ടൂളുകളും ഉപയോഗിച്ചാണു കോപ്പിയടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണു വിവാദങ്ങൾക്ക് തുടക്കമായത്. 160 ചോദ്യങ്ങളിൽ 159 എണ്ണത്തിനും ശരിയുത്തരം എഴുതിയതിൽ സംശയം ഉയർന്നതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
ഇതോടെ, അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന ഒന്പത് മണിക്കൂർ നീളുന്ന ‘സുനൂംഗ്’ എന്ന കോളജ് പ്രവേശന പരീക്ഷയിൽ ക്രമക്കേട് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പരീക്ഷാക്രമക്കേട് പിടികൂടാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉപയോഗിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചകഴിഞ്ഞു മൂന്നിനുമിടയിൽ മൂന്നു തവണ രാജ്യത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും എമർജൻസി അലർട്ടുകൾ അയച്ചു. ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും ഉച്ചത്തിൽ ശബ്ദമുണ്ടാകുന്ന ഈ സംവിധാനത്തിലൂടെ പരീക്ഷാഹാളിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്മാർട്ട്ഫോണുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇത്തവണ 111 വിദ്യാർഥികളിൽനിന്ന് അനധികൃത സ്മാർട്ട് ഉപകരണങ്ങൾ പിടിച്ചെടുത്തതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
കൂടാതെ, വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളികാമറകൾ ഉണ്ടോയെന്നു പരിശോധിക്കാനും ബട്ടണുകൾ മറച്ചുവയ്ക്കാനും വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നത് തടയാൻ കണ്ണടകളിലും കർശന പരിശോധന നടത്തി.
അമിതമായ ഈ നിയന്ത്രണങ്ങൾ സത്യസന്ധമായി പരീക്ഷയെഴുതുന്ന വിദ്യാർഥികളിൽപ്പോലും വലിയ മാനസികസമ്മർദവും ആശങ്കയും സൃഷ്ടിച്ചതായാണു റിപ്പോർട്ടുകൾ. ലോകത്തിലെ കോളജ് പ്രവേശന പരീക്ഷകളിൽ ഏറ്റവും കഠിനമേറിയതായാണ് ദക്ഷിണ കൊറിയയിലെ സുനുംഗ് പരീക്ഷ അറിയപ്പെടുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയ്ക്ക് പുറത്ത് എഐ ഡാറ്റാ സെന്ററുകൾ നിർമിക്കുന്ന യുഎസ് ടെക്നോളജി കന്പനികൾക്ക് വൻ നികുതി ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. വിദേശത്ത് ഇത്തരം സൗകര്യങ്ങൾ സ്ഥാപിച്ചാൽ ചൈനയ്ക്ക് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങളിലേക്കു പ്രവേശനം ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഡാറ്റാ സെന്റർ നിർമാണം മറ്റ് രാജ്യങ്ങളിലേക്കു മാറ്റാൻ അമേരിക്കൻ കന്പനികളെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗോള എഐ മത്സരത്തിൽ അമേരിക്കൻ മുൻതൂക്കം നിലനിർത്താൻ ഈ അടിസ്ഥാനസൗകര്യങ്ങൾ യുഎസ് മണ്ണിൽത്തന്നെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിദേശപദ്ധതികളുമായി മുന്നോട്ടുപോകുന്ന കന്പനികൾക്ക് കനത്ത സാന്പത്തികപിഴ നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടൊറോന്റോ: ഒന്റാരിയോ പ്രവിശ്യയിലെ ലിബറൽ പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ നവദീപ് ബയിൻസ് (49) തെരഞ്ഞെടുക്കപ്പെട്ടു. മുൻ കനേഡിയൻ മന്ത്രിയായ ബയിൻസ് പാർട്ടിയുടെ ലീഡർഷിപ്പ് കൺവൻഷനിൽ 50.3 ശതമാനം വോട്ട് നേടി.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉറ്റ അനുയായി ആണ് ബയിൻസ്. അന്പതു വർഷം മുമ്പ് രാജസ്ഥാനിൽനിന്നു ഒന്റാരിയോയിലെത്തിയതാണ് തന്റെ കുടുംബമെന്ന് ബയിൻസ് പറഞ്ഞു. 2018നു ശേഷം ഒന്റാരിയോ പ്രവിശ്യയിൽ ഭരണം കൺസർവേറ്റീവ് പാർട്ടിക്കാണ്.
International
ധാക്ക: ബംഗ്ലദേശിലെ നരായിൽ ജില്ലയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ അവാമി ലീഗ് നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബന്ദർചർ ഗ്രാമത്തിലായിരുന്നു സംഭവം. ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
മുൻ അവാമി ലീഗ് എംപി കബീറുൽ ഹഖ് മുക്തി, കാലിയ മുൻസിപ്പാലിറ്റി മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റോൻ എന്നിവരുടെ വസതികൾ ഉൾപ്പെടെയുള്ളവയാണ് തീയിട്ട് നശിപ്പിച്ചത്. പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലിസ് വ്യക്തമാക്കി.
ഈ മാസം 18ന് ബിഎൻപി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾ അരങ്ങേറിയത്. നരായിലിന് പുറമെ പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിലവിൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. വരുന്ന ഡിസംബറിൽ ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെയാണ് രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്നുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ ഇതുവരെ നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: ലോക ദരിദ്രദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പ്രത്യേക വിരുന്നിൽ 1,300ഓളം നിരാലംബർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു ലെയോ പതിനാലാമൻ മാർപാപ്പ.
പത്താമത് ലോക ദരിദ്രദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണു സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.
ത്രികാലജപ പ്രാർഥനയ്ക്കുശേഷമാണ് വിരുന്ന് നടന്നത്. റിക്കോട്ട ചീസും ചീരയും ചേർത്ത കാനലോണി, ഗ്രീൻപീസ് ചേർത്ത ബീഫ് സ്റ്റ്യൂ, മധുരപലഹാരങ്ങൾ എന്നിവയടങ്ങുന്ന പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്.
റോമിലെ ഇരുപതിലധികം ജീവകാരുണ്യ സംഘടനകൾ, ഇടവകകൾ, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ കീഴിലുള്ളവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇറ്റാലിയൻ റെഡ് ക്രോസ് വോളന്റിയർമാരാണു ഭക്ഷണം തയാറാക്കിയതും മേശകളിൽ വിളമ്പിയതും. 2017 മുതൽ വത്തിക്കാനിൽ തുടർന്നുവരുന്ന ഈ വാർഷിക ചടങ്ങ്, മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം കാരണം ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
വത്തിക്കാനിലെ ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റോമിലുടനീളമുള്ള സൗജന്യ ഭക്ഷണശാലകളിലും ഇന്നലെ പ്രത്യേക വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ഈജിപ്തിൽ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുൽറസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികൾ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയോട് ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽനിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയിൽ അബ്ദുൽറസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉൾപ്പടെയുള്ള ആറു ജനപ്രതിനിധികൾ കത്തെഴുതിയത്. ജയിലിൽ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങൾ നൽകുന്നതെന്ന് ജനപ്രതിനിധികൾ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുൽറസേക്കിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ൽ ക്രിസ്തുമതം സ്വീകരിച്ചതുമുതൽ അബ്ദുൽറസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ൽ അദ്ദേഹം റഷ്യയിൽ അഭയം തേടി. എന്നാൽ, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ൽ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ൽ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയിൽ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
International
മസ്കറ്റ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഒമാൻ ഉൾക്കടലിൽ എണ്ണകപ്പലിന് നേരെ സൈനിക ആക്രമണം. ചബഹാർ പോർട്ടിനടുത്ത് കപ്പൽ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഗള്ഫില് ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
ഇറേനിയൻ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണുണ്ടായതെന്ന് റെവല്യൂഷണറി ഗാര്ഡ് അറിയിച്ചു. രാത്രി 11ന് ശേഷമാണ് ബഹറൈന് ആഭ്യന്തരമന്ത്രാലയം മനാമയിലെ തങ്ങളുടെ വ്യവസായ മേഖലയിലേക്ക് ഇറാന് ആക്രമണമുണ്ടായെന്ന വിവരം പുറത്തുവിട്ടത്.
ആക്രമണത്തില് വ്യവസായ മേഖലയില് തീ പടര്ന്നു. സിവില് ഡിഫന്സ് ഇടപെട്ട് തീ കെടുത്തി. ആളപായമില്ലെങ്കിലും കനത്തനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സൈനിക താവളങ്ങള് വിട്ട് സിവിലിയന് മേഖലയിലേക്ക് ഇറാന് നടത്തിയ ആക്രമണത്തെ ബഹറൈന് ശക്തമായി അപലപിച്ചു.
International
വാഷിംഗ്ടൺ ഡിസി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ ഫോണിൽനിന്ന് സ്വന്തം ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് യുഎസിൽ കസ്റ്റഡിയിൽ. ടെക്സസിലെ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന "ടോട്ടൽ വയർലെസ്' സ്റ്റോറിലെ ജീവനക്കാരനായ രാഹുൽ ആനന്ദകൃഷ്ണനെയാണ് (29) ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. സ്റ്റോറിലെത്തിയ യുവതിയുടെ ഫോണിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്.
എയർഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് യുവതിയുടെ ഫോണിലുണ്ടായിരുന്ന രണ്ട് സ്വകാര്യ ചിത്രങ്ങൾ ഇയാൾ സ്വന്തം ഫോണിലേക്ക് അയച്ചതായും യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് പരിശോധിച്ചതായും കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.
ട്രാവിസ് കൗണ്ടി ജയിലിലെ രേഖകൾ പ്രകാരം ജൂൺ ഏഴിനാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ, കമ്പ്യൂട്ടർ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാനും അത് തള്ളിക്കളഞ്ഞ് അമേരിക്കയും രംഗത്ത്.
തദ്ദേശീയമായി നിർമിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറന്ന യുഎസ് എഫ്-16 വിമാനത്തിന് സമീപം മിസൈൽ പൊട്ടിച്ചുവെന്ന് ഇറാൻ സൈന്യം അവകാശപ്പെടുന്നു. ഇതോടെ ദൗത്യം ഉപേക്ഷിച്ച പൈലറ്റ് അടുത്തുള്ള താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്നും ഇറാൻ പറയുന്നു.
ഇറാന്റെ വാദം പൂർണമായും തെറ്റാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. വിമാനത്തിന് നേരെ ആക്രമണമുണ്ടായിട്ടില്ലെന്നും പശ്ചിമേഷ്യയിലെ എല്ലാ യുഎസ് വിമാനങ്ങളും സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി നടന്നെന്ന് പറയപ്പെടുന്ന സംഭവത്തിൽ വിമാനം ഏത് താവളത്തിലാണ് ഇറങ്ങിയതെന്ന് വ്യക്തമാക്കാൻ ഇറാന് സാധിച്ചിട്ടില്ല.
International
കീവ്: യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെ പോളണ്ടിന്റെ പ്രദേശത്ത് രണ്ട് റഷ്യൻ മിസൈലുകളും ഒരു ഡ്രോണും പതിച്ചത് മേഖലയിൽ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നു. നവംബർ ഒൻപതു മുതൽ തെക്കുകിഴക്കൻ പോളണ്ടിൽ നടക്കുന്ന യൂറോപ്യൻ സൈനികാഭ്യാസത്തിന് 35 കിലോമീറ്റർ അകലെയാണ് മിസൈലുകൾ പതിച്ചത്. നാശനഷ്ടങ്ങളില്ല. യുദ്ധാനന്തര യുക്രെയ്നിലെ പുനർനിർമാണത്തിനും സുരക്ഷയ്ക്കുമായി യൂറോപ്യൻ സൈനികാഭ്യാസം നടക്കുന്നത്.
ഇത് റഷ്യയുടെ മനഃപൂർവമുള്ള പ്രകോപനമാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആരോപിച്ചു. വ്യോമാതിർത്തി ലംഘനമാണിതെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെയും വ്യക്തമാക്കി. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുക്രെയ്നിലുടനീളം റഷ്യ നടത്തിയ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു. സെലൻസ്കിയുടെ ജന്മനാടായ ക്രിവി റീഹിൽ ഒരു കുട്ടിയും യുവതിയും കൊല്ലപ്പെട്ടു.
International
മനാമ: ബഹ്റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈൻ വ്യക്തമാക്കി. സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. അതേസമയം ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ സൈനികവളർച്ചയ്ക്കു മാത്രമല്ല, വ്യവസായ മുന്നേറ്റത്തിനും ചൈന വെല്ലുവിളിയാകുന്നുവെന്ന് യുഎസ് കോൺഗ്രസ് കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അസംസ്കൃത വസ്തുക്കൾ, സാങ്കേതികവിദ്യ, യന്ത്രസാമഗ്രികൾ എന്നിവയിലുള്ള ആധിപത്യം ഉപയോഗിച്ച് ഇന്ത്യയുടെ ഉത്പാദന മേഖലയെ സമ്മർദത്തിലാക്കുകയാണെന്നാണു റിപ്പോർട്ടിലെ ആരോപണം.
ഇലക്ട്രോണിക്സ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കുന്നതും ചൈനീസ് കമ്പനികളിലെ എൻജിനിയർമാരെ തിരിച്ചുവിളിക്കുന്നതും ഇന്ത്യൻ ഉത്പാദനമേഖലയെ ബാധിക്കുന്നു.
ഔഷധനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതും ബാറ്ററി സാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇന്ത്യയുടെ ഹരിത ഊർജ പദ്ധതികൾക്കും വെല്ലുവിളിയാണ്.
ചൈനീസ് യന്ത്രസാമഗ്രികളെയും ഘടകങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയ്ക്കു വലിയ നിക്ഷേപവും സാങ്കേതികവിദ്യയും ആവശ്യമാണ്. ഈ രംഗത്ത് അമേരിക്കയുടെ സഹകരണം ഇന്ത്യയെ ചൈനയ്ക്ക് വ്യാവസായിക ബദലായി വളർത്താൻ സഹായിക്കുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
International
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ കടലിടുക്കിലെ ഒരു കപ്പലിന് തീപിടിച്ചതായി ഇറാനും, രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യുകെഎംടിഒയും സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണടാങ്കറിന്റെ പിൻഭാഗത്താണ് ആക്രമണമുണ്ടായത്. രണ്ടാമത്തെ കപ്പലിന്റെ എൻജിൻ റൂമിന് നേരെയായിരുന്നു ആക്രമണം. സംഭവങ്ങളിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുകെഎംടിഒ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതു മുതൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ശ്രമിച്ചുവരികയാണ്. തങ്ങളുടെ അനുമതിയില്ലാതെ ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ഇറാൻ പതിവായി ലക്ഷ്യമിടാറുണ്ട്.
കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചതായും കടൽമൈനുകളിൽ തട്ടിയതായും സമീപ ആഴ്ചകളിൽ ഇറാൻ പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജലപാതയിലെ പ്രധാന കപ്പൽച്ചാലുകളിൽ നിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായാണ് അമേരിക്കൻ സൈന്യം അടുത്തിടെ അറിയിച്ചത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ട രണ്ടു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒമാനിലെ ഖസബിൽനിന്ന് 20 കിലോമീറ്റർ അകലെയുണ്ടായ ഒരു സംഭവത്തിൽ കപ്പലിന്റെ പിൻഭാഗമാണ് ആക്രമിക്കപ്പെട്ടത്.
ഖസബിൽനിന്ന് 31 കിലോമീറ്റർ അകലെ യുണ്ടായ രണ്ടാം സംഭവത്തിൽ കപ്പലിന്റെ എൻജിൻ മുറിആക്രമിക്കപ്പെട്ടു. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരു കപ്പൽ തന്നെയാണോ എന്നറിയില്ല. വെള്ളിയാഴ്ചയും ഖസബിനു സമീപം ടാങ്കർ ആക്രമിക്കപ്പെട്ടിരുന്നു.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയിരിക്കുകയാണ്.
International
മെൽബൺ: മെൽബൺ സീറോമലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി സംഘടിപ്പിച്ചു. വ്യാഴാഴ്ച വെസ്ബേണിലെ സാന്തോം ഗ്രോവിൽ ആരംഭിച്ച അസംബ്ലി ഇന്നലെയാണ് സമാപിച്ചത്.
ഓസ്ട്രേലിയയിലെയും ഓഷ്യാനയയിലെയും സീറോമലബാർ വിശ്വാസീസമൂഹത്തിന്റെ അജപാലന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളും ഒത്തുചേർന്നത് രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.
ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ കുർബാനയിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. മാർ ജോൺ പനംതോട്ടത്തിലും ഫാ. ഡോ. സിബി പുളിക്കലും സഹകാർമികരായിരുന്നു.
ഉദ്ഘാടനസമ്മേളനത്തിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. മാർ ജോൺ പനംതോട്ടത്തിൽ അധ്യക്ഷനായിരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഫ്രാൻസിസ് കോലഞ്ചേരി സ്വാഗതം പറഞ്ഞു. പ്രതിനിധികൾ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ആറ് വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്നലെ അവസാനഘട്ട ചർച്ചകൾക്കും ഗ്രൂപ്പ് റിപ്പോർട്ടുകളുടെ അവതരണത്തിനും ശേഷം മാർ ജോൺ പനംതോട്ടത്തിൽ സമാപന സന്ദേശം നൽകി.
International
കീവ്: റഷ്യൻ പ്രസിഡന്റ് പുടിൻ കൊലപാതകിയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. പുടിനെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്റെ സുഹൃത്തെന്നു വിശേഷിപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സെലൻസ്കി.
ട്രംപിന് പുടിനെ എന്തു വേണമെങ്കിലും വിളിക്കാമെന്നും പക്ഷേ യുക്രെയ്നെ സംബന്ധിച്ചിടത്തോളം പുടിൻ ശത്രുവും കൊലപാതകിയുമാണെന്നു സെലൻസ്കി പറഞ്ഞു. രാത്രിയും പകലും പുടിൻ കൊലപാതകം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ചൈനയിൽ നടന്ന ഉച്ചകോടിക്കിടെയാണ് ട്രംപ് പുടിനെ സുഹൃത്തെന്നു വിളിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനുമേൽ സമ്മർദം ചെലുത്തുന്നില്ലെന്നതിന്റെ തെളിവാണിതെന്നും സെലൻസ്കി പറഞ്ഞു.
International
ഒട്ടാവ: സറേ നഗരത്തിൽ ഒരാഴ്ച മുന്പുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു പേരും ഇന്ത്യൻ വംശജരാണെന്ന് കനേഡിയൻ പൊലിസ് അറിയിച്ചു.
സറേയ്ക്കടുത്ത് ഡെൽറ്റയിൽ താമസിച്ചിരുന്ന ഗഗൻപ്രീത് രഹാൽ (23), സുഖ്ജീത്ത് കൗർ (24) എന്നിവരാണു മരിച്ചത്. 15ന് സറേയിലെ വാൾമാർട്ടിനു പുറത്തായിരുന്നു വെടിവയ്പ്.
പരിക്കേറ്റ രണ്ടുപരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ആദ്യ വനിതാ ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന പുംസിലെ മലാംബോ (71) അന്തരിച്ചു.
അധ്യാപികയായിരുന്ന ഇവർ 1994ൽ ദക്ഷിണാഫ്രിക്കയിലെ ആദ്യ ജനാധിപത്യ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2005 മുതൽ 2008 വരെയാണ് ഡെപ്യൂട്ടി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചത്. ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറലായും യുഎൻ വുമണിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
International
കാഠ്മണ്ഡു: എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ മലയാളി യുവാവിന് നേപ്പാളിൽ ദാരുണാന്ത്യം. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. വ്യാഴാഴ്ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാവൽ വിത്ത് അഞ്ജുനാഥ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ യാത്രാവിവരങ്ങൾ പങ്കുവെച്ചിരുന്ന അഞ്ജുനാഥ്, എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണപ്പെട്ടത്.
അന്നപൂർണ ബേസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളും വിവിധ മലനിരകളുടെ മനോഹരമായ കാഴ്ചകളും അദ്ദേഹം പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലുള്ള ഗൊരക്ഷേപ്പിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ് ഗൊരക്ഷേപ്. കഴിഞ്ഞ വർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
International
വാഷിംഗ്ടൺ ഡിസി: വ്യോമയാന മേഖലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ അൽ ക്വയ്ദ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്യുന്നതായി അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 30ന് ദുബായിൽനിന്നു ടെൽ അവീവിലേക്കുള്ള വിമാനം റാഞ്ചാൻ നടത്തിയ ശ്രമത്തിനു സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാൻ ഭീകരസംഘടനകൾ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, എയർ കാർഗോ ഓപ്പറേറ്റർമാർ എന്നിവർക്കാണ് യുഎസ് ഫെഡറൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതാനിർദേശം നൽകിയത്.
എഫ്ബിഐ , ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവർ സംയുക്തമായാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അമേരിക്കൻ, ഇസ്രയേലി, ജൂത താത്പര്യങ്ങൾക്കുനേരേ സമാനമായ ആക്രമണങ്ങൾ നടത്താൻ അൽ ക്വയ്ദ അനുഭാവികൾക്കിടയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ വിമാനയാത്ര നടത്തുന്ന താങ്ക്സ് ഗിവിംഗ് അവധിക്കാലത്തിന് തൊട്ടുമുമ്പാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. ഈ മാസം 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഏകദേശം 60 ലക്ഷം ആളുകൾ ആഭ്യന്തരവിമാനങ്ങളിൽ യാത്ര ചെയ്യുമെന്നാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്ക്.
ജീവനക്കാർക്ക് പ്രത്യേക ജാഗ്രതാനിർദേശം
സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നിയമപാലകരെ അറിയിക്കാൻ വ്യോമയാന ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന വ്യക്തികൾ, കൃത്യമായ കാരണങ്ങളില്ലാതെ വിമാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചോ വിശദമായ വിവരങ്ങൾ അന്വേഷിക്കുന്നവർ, മറ്റുള്ളവരുടെ സഹായമില്ലാതെ പ്രത്യേക ലഗേജുകൾ സ്വയം കൈകാര്യം ചെയ്യാൻ നിർബന്ധം പിടിക്കുന്നവർ തുടങ്ങിയവരെക്കുറിച്ച് അതീവ ജാഗ്രത പുലർത്താനാണ് ഏജൻസികളുടെ നിർദേശം.
എയർലൈൻ റേഡിയോകൾ, എയർപോർട്ട് ആക്സസ് ബാഡ്ജുകൾ, യൂണിഫോമുകൾ എന്നിവ അസ്വാഭാവികമായി കാണാതാകുന്ന സാഹചര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്.
വിദേശ ഭീകരസംഘടനകളിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നവർ എല്ലായ്പ്പോഴും നേരിട്ടുള്ള ആഹ്വാനങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ആക്രമണങ്ങൾക്കു മുതിരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അമേരിക്കൻ വിരുദ്ധ വികാരം വർധിപ്പിക്കാനും ഭീകരവാദ അനുഭാവികളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാനും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
International
റിയാദ് / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിലേക്ക് അയച്ച ഒരു ഡ്രോണും സൗദി സേന ആകാശത്തുവച്ച് തകർത്തു.
അതേസമയം, ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് റിയാദിൽ തുടർച്ചയായ മൂന്നാം രാത്രിയിലും അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജിസാൻ (2), നജ്റാൻ (2), റിയാദ് (2), ഖമീസ് മുഷൈത്ത് (1), സുലയിൽ (1) എന്നിവിടങ്ങളിലായി സൗദി സിവിൽ ഡിഫൻസ് എട്ട് മുൻകരുതൽ മുന്നറിയിപ്പുകളാണ് നൽകിയത്.
അപകടഭീഷണി ഒഴിഞ്ഞതോടെ ഇവ മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു. സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അംബരചുംബിക്ക് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച് ദിവസങ്ങൾക്കുള്ളിലാണ് പുതിയ നീക്കം.
ജിദ്ദ ഉൾപ്പടെയുള്ള ചെങ്കടൽ തുറമുഖങ്ങളെയും സാമ്പത്തികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന ഹൂതികളുടെ ഭീഷണിക്കുപിന്നാലെ സഖ്യസേന യെമനിൽ പ്രത്യാക്രമണം ശക്തമാക്കി. തലസ്ഥാനമായ സന, സാദ, തായിസ് ഗവർണറേറ്റിലെ മോച്ച, അൽ ഷമായതെയ്ൻ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടന്നതായാണു റിപ്പോർട്ടുകൾ.
ഇതിനിടെ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ അമേരിക്കയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാൽ, 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്കു മാറ്റുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു.
മേഖലയിൽ സംഘർഷങ്ങൾ തുടരുമ്പോഴും ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്. ഈ മാസം 14 ശതമാനം ഇടിഞ്ഞ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 83.62 ഡോളറിലെത്തി.
International
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങളെ സൗദി വ്യോമപ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും രാജ്യത്തിന്റെ തെക്കൻ മേഖലയിലേക്ക് അയച്ച ഒരു ഡ്രോണുമാണ് സൈന്യം ആകാശത്തുവെച്ച് തകർത്തത്.
മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതോടെ ഇന്ത്യൻ വിമാനക്കമ്പനികളടക്കം നിരവധി അന്താരാഷ്ട്ര എയർലൈനുകൾ സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കിയാണ് ആക്രമണ ശ്രമങ്ങൾ നിർവീര്യമാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും പ്രതിരോധ സേന തകർത്തിരുന്നു. തുടർച്ചയായ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ റിയാദ് നഗരം, നജ്റാൻ പ്രവിശ്യ, അൽ-സുലൈൽ മേഖല എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും വ്യോമപാതയിലെ സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് വിവിധ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയപ്പോൾ, റിയാദ്, ദമ്മാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സ് റിയാദ്, ദമ്മാം സർവീസുകളും, ആകാശ എയർ ജിദ്ദ, റിയാദ് സർവീസുകളും നിർത്തിവെച്ചു. ലണ്ടൻ - റിയാദ് സർവീസാണ് ബ്രിട്ടീഷ് എയർവേയ്സ് റദ്ദാക്കിയത്.
International
ലണ്ടൻ: ചികിത്സിക്കാൻ ഏറ്റവും പ്രയാസമേറിയതും മരണനിരക്ക് കൂടുതലുള്ളതുമായ പാൻക്രിയാറ്റിക് കാൻസറിനെതിരേ നിർണായക മുന്നേറ്റം. 'ഡറാക്സോൺറാസിബ്' (Daraxonrasib) എന്ന പുതിയ ഗുളികയും കീമോതെറാപ്പിയും സംയോജിപ്പിച്ചു നൽകിയ പ്രാഥമിക പരീക്ഷണങ്ങളിൽ രോഗികളുടെ ശരീരത്തിലെ കാൻസർ മുഴകൾ ചുരുങ്ങുകയും ചിലരിൽ പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്തു.
പതിറ്റാണ്ടുകൾക്കുശേഷമുള്ള ഏറ്റവും വലിയ കണ്ടുപിടിത്തമാണിതെന്നാണ് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. എങ്കിലും, രോഗം എത്രകാലം നിയന്ത്രിച്ചു നിർത്താനാകുമെന്ന് വ്യക്തമല്ലാത്തതിനാൽ ഇതിനെ സമ്പൂർണ രോഗശാന്തിയായി ഇപ്പോൾ കാണാനാകില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കാൻസർ പടർന്ന 61 രോഗികളിലാണ് പ്രാഥമികഘട്ട പരീക്ഷണം നടത്തിയത്. 90% രോഗികളിലും കാൻസർ മുഴകളുടെ വളർച്ച പൂർണമായും നിലച്ചു. 60%ത്തിലധികം രോഗികളിൽ മുഴകൾ ചുരുങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്തു. 8% രോഗികളിൽ (12ൽ ഒരാൾക്ക്) സിടി സ്കാനിൽ പോലും കണ്ടെത്താനാകാത്ത വിധം കാൻസർ മുഴകൾ അപ്രത്യക്ഷമായി.
പ്രവർത്തനരീതിയും പ്രതീക്ഷയും
പാൻക്രിയാറ്റിക് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കു കാരണമാകുന്ന 'ആർഎഎസ്' എന്ന ജനിതക വ്യതിയാനങ്ങളെ ലക്ഷ്യം വച്ച് അവയുടെ പ്രവർത്തനം തടയുകയാണ് ഡറാക്സോൺറാസിബ് ചെയ്യുന്നത്. അമേരിക്കയിൽ നേരത്തേ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നാണിത്. ശ്വാസകോശം, അണ്ഡാശയം തുടങ്ങി സമാനമായ ജനിതകവ്യതിയാനമുള്ള മറ്റു നിരവധി കാൻസറുകളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഭാവിയിൽ പ്രയോജനപ്പെട്ടേക്കാം.
ഇതുവരെ ചികിത്സിക്കാൻ അസാധ്യമെന്നു കരുതിയിരുന്ന ഒന്നിനെ മരുന്നുകൊണ്ട് നേരിടാനുള്ള വഴിയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നതെന്ന് കാൻസർ റിസർച്ച് യുകെയിലെ ഡോ. സാം ഗോഡ്ഫ്രെ പ്രതികരിച്ചു. രോഗികൾക്കു കൂടുതൽ ആയുസ് നൽകാൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്ന് പരീക്ഷണത്തിൽ പങ്കാളിയായ യുഎസിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഡോ. വുങ്കി പാർക്കും വ്യക്തമാക്കി.
രോഗത്തിന്റെ തീവ്രത
രോഗം തിരിച്ചറിയാൻ വൈകുന്നതും ചികിത്സ ഫലപ്രദമാകാത്തതും കാരണം അതിജീവന നിരക്ക് ഏറ്റവും കുറഞ്ഞ കാൻസറാണിത്. രോഗം മൂർച്ഛിച്ചവരിൽ ഭൂരിഭാഗം പേരും ഏതാനും മാസങ്ങൾ മാത്രമാണു ജീവിക്കാറുള്ളത്. മഞ്ഞപ്പിത്തം, ചർമത്തിലെ ചൊറിച്ചിൽ, മൂത്രത്തിന് കടുത്ത നിറം, അകാരണമായ ഭാരക്കുറവ്, കടുത്ത ക്ഷീണം, പനി എന്നിവയാണ് പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ.
ഒന്നര വർഷത്തോളം രോഗികളെ നിരീക്ഷിച്ചതിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗം വീണ്ടും വരാനുള്ള സാധ്യതയും മരുന്നിന്റെ ദീർഘകാല ഫലപ്രാപ്തിയും അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.