ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മൂന്നു മാസമായ പെൺകുഞ്ഞ് ഉൾപ്പടെ സൈനിക കുടുംബാംഗങ്ങളായ ഏഴു പേർക്ക് ദാരുണാന്ത്യം. സൗരഭ് സിംഗ് നേഗി (30), ഭാര്യ സവിത (30), മൂന്നു മാസം പ്രായമുള്ള മകൾ ശിവിക, രാജേഷ് സിംഗ് റാവത്ത് (35), മകൾ രക്ഷിത (7), റിങ്കി ഗോസായി (30), മകൾ വാമിക (4) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
റാൻ ഓഫ് കച്ച് സന്ദർശിച്ചശേഷം ഭുജിലേക്കു മടങ്ങിയ ഇവർ സഞ്ചരിച്ച കാറിലാണ് ട്രക്കിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഏഴു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉത്തരാഖണ്ഡിലെ ഗഡ്വാൾ സ്വദേശികളാണ് മരിച്ചവരെല്ലാം. ഭുജിൽ സൈനികസേവനം അനുഷ്ഠിക്കുന്നവരുടെ കുടുംബാംഗങ്ങളാണിവർ.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് (PMNRF) രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Tags : Accident death Seven killed truck hits car military family Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash