രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപി-ആർഎസ്എസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയുടെ ആത്മീയ, മത പാരന്പര്യങ്ങളെക്കുറിച്ച് ബിജെപിക്കും ആർഎസ്എസിനും കാര്യമായ ധാരണയില്ലെന്ന് എക്സിൽ പങ്കുവച്ച കുറുപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.
അർധനാരീശ്വരന്റെ ചിത്രത്തിനൊപ്പം എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ആർഎസ്എസിനെയും ബിജെപിയെയും ""സംസ്കാരശൂന്യരും ജാതിവെറിയൻമാരും അത്യാഗ്രഹികളുമായ പുരുഷമേധാവികൾ’’എന്ന് വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ആത്മീയ, മത പാരന്പര്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുംതോറും കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയാണെന്നു കുറിച്ച രാഹുൽ ഗാന്ധി, ഈ പാരന്പര്യങ്ങളെക്കുറിച്ച് ബിജെപിക്കും ആർഎസ്എസിനും തീരെ ധാരണയില്ലെന്നും ആരോപിച്ചു.
ശിവന്റെയും പാർവതിയുടെയും സംയുക്തരൂപമാണ് അർധനാരീശ്വരൻ. ശരീരത്തിന്റെ ഒരു പകുതി ശിവനായും മറുപകുതി പാർവതിയായുമാണ് ഈ രൂപത്തിൽ ചിത്രീകരിക്കുന്നത്. പുരുഷ-സ്ത്രീ തത്ത്വങ്ങളുടെ സമന്വയമായാണ് ഈ രൂപം പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്. ഈ പാരന്പര്യത്തെ മുൻനിർത്തി ബിജെപിക്കും ആർഎസ്എസിനുമെതിരായ വിമർശനത്തിൽ സമത്വം, ബന്ധങ്ങൾ, ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയിരിക്കുന്നത്.
ഭക്ഷണം കഴിക്കാനിരിക്കുന്പോൾ രാജീവ് ഗാന്ധിയുടെ മടിയിൽ സോണിയഗാന്ധി ഇരിക്കുമായിരുന്നു എന്ന രാഹുൽഹാന്ധിയുടെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു സോണിയഗാന്ധിയുടെ ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
കഴിഞ്ഞ ചൊവ്വാഴ്ചയും രാഹുൽ ഗാന്ധി സമാനമായൊരു കുറിപ്പ് എക്സിൽ പങ്കുവച്ചിരുന്നു. ശിവന്റെ മടിയിലിരിക്കുന്ന പാർവതി ദേവിയുടെ 12-ാം നൂറ്റാണ്ടിലെ ക്ഷേത്രശില്പത്തിന്റെ ചിത്രമാണ് അന്ന് അദ്ദേഹം പങ്കുവച്ചത്.
ഭയവും കോപവും വിദ്വേഷവും ബിജെപി-ആർഎസ്എസ് അനുഭാവികൾക്കിടയിൽ മതിൽ കെട്ടിയിരിക്കുകയാണെന്നും അത് സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടയുന്നുവെന്നും ആ കുറിപ്പിൽ രാഹുൽ പറയുന്നു.
Tags : Rahul Gandhi on the BJP-RSS.