വടകര: മണിയൂര്‍ പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. വടകര ബാങ്ക് റോഡ് ചങ്ങരോത്ത് അബ്ദുള്റഫീഖാണ് ഒന്നാം പ്രതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയാണു രണ്ടാം പ്രതി. അന്വേഷണം ഏറ്റെടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ജാമ്യം നേടി അബ്ദുള്റഫീഖ് പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണു ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിക്ക് ജാമ്യം ലഭിക്കില്ല. വിചാരണ ഉടന്‍ ആരംഭിക്കുകയും ചെയ്യും. 12 വയസുകാരിയെ അമ്മയുടെ സഹായത്തോടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണു പരാതി. 2026 ജനുവരി 16ന് പയ്യോളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്കു കടന്നിരുന്നു. ജൂലൈ 24ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍നിന്ന് പ്രതി ജാമ്യം നേടി സെപ്റ്റംബര്‍ 29ന് ഇയാള്‍ നാട്ടിലെത്തി. ഇതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ജാമ്യം റദ്ദാക്കാന്‍ പൊലിസ് കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 24ന് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റഫീഖിന്റെ ജാമ്യം റദ്ദ് ചെയ്തു.
എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇതിനിടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തെങ്കിലും പിന്നീട് സ്റ്റേ നീക്കി. തുടർന്ന് കുടുംബവുമൊത്ത് സഞ്ചരിക്കവേ ചെങ്ങോട്ടുകാവില്വച്ച് രണ്ടാഴ്ച മുമ്പ് റഫീഖ് പൊലിസിന്റെ പിടിയിലായി. ആദ്യം പൊലിസ് പോക്സോ കേസ് പ്രതിക്കുവേണ്ടി ഒത്താശ ചെയ്തുവെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു. ഭരണകക്ഷി എംഎല്‍എമാരടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നടപടികള്‍ കര്‍ശനമാക്കിയത്.
Tags : Maniyur POCSO case Crime Branch chargesheet POCSO case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash