National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബി 2023 മുതൽ 12 തവണ ചെങ്കോട്ട സന്ദർശിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം.
സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ഉമർ യാത്ര ചെയ്യുമ്പോൾ അബദ്ധവശാൽ അപകടമുണ്ടായതായിരിക്കാമെന്ന പ്രാഥമിക റിപ്പോർട്ടുകളെ തള്ളുന്നതാണ് എൻഐഎ കുറ്റപത്രം.
Kerala
കൊച്ചി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ 25നകം കുറ്റപത്രം സമർപ്പിക്കണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിർദേശം.
ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം കവർന്ന കേസിലും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. എസ്ഐടി സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി അന്വേഷണം ഏറെ മുന്നേറിയിട്ടുള്ളതായി വിലയിരുത്തി.
കട്ടിളപ്പാളി കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായതായി കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി. എസ്.ശശിധരൻ അറിയിച്ചു. പാളികളിൽനിന്നു സ്വർണം ചോർത്തിയെടുക്കാൻ പ്രതികൾ ഉപയോഗിച്ച സ്ട്രിപ്പിംഗ് സാൾട്ടും ക്ലീനിംഗ് സാൾട്ടും രാസപരിശോധനയ്ക്കായി ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ കട്ടിളപ്പാളി കേസിൽ അന്തിമ റിപ്പോർട്ട് തയാറാക്കാനാകും.
ദ്വാരപാലക കേസിൽ 2019ലെ കേസിനൊപ്പം 2025ലെ സ്വർണം പൂശലും അന്വേഷിക്കുന്നതിനാൽ കുറെ നടപടികൾകൂടി ശേഷിക്കുന്നുണ്ട്. എങ്കിലും വൈകാതെതന്നെ ഇതിലെ അന്വേഷണവും പൂർത്തിയാക്കാനാകുമെന്ന് എസ്പി അറിയിച്ചു. ഹർജി ഒക്ടോബർ ഏഴിന് പരിഗണിക്കും.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രം ഡൽഹി റൗസ് അവന്യുവിലെ പ്രത്യേക എൻഐഎ കോടതി സ്വീകരിച്ചു.
കഴിഞ്ഞ വർഷം നവംബർ പത്തിനുണ്ടായ സ്ഫോടനത്തിൽ 13 പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. കുറ്റപത്രം അംഗീകരിച്ച കോടതി തുടർനടപടികൾക്കായി കേസ് സെപ്റ്റംബർ ഒന്പതിലേക്കു മാറ്റി.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), ഭാരതീയ ന്യായ സംഹിത, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, പൊതുസ്ഥലത്തിനു നാശനഷ്ടങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള നിയമം എന്നിലെ വ്യവസ്ഥകൾ ഉപയോഗിച്ചാണ് എൻഐഎയുടെ കുറ്റപത്രം.
National
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡൽഹിയിലെ പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു.
സ്പെഷൽ ജഡ്ജി അജയ് ഗുപ്തയാണ് 13 പ്രതികൾക്കെതിരേയുള്ള അന്തിമ റിപ്പോർട്ട് പരിശോധിച്ചത്. കേസിൽ പ്രതികൾക്കെതിരേ കുറ്റം ചുമത്തുന്നതിനായുള്ള വാദം കേൾക്കൽ ഇന്ന് ആരംഭിക്കും.
നീറ്റ് യുജി പരീക്ഷ ചോദ്യച്ചോർച്ചയ്ക്കു പിന്നിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുപന്തലിച്ച വൻ ഗൂഢാലോചനയാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) മൂന്ന് ഉദ്യോഗസ്ഥർ രഹസ്യസ്വഭാവമുള്ള ചോദ്യം ചോർത്തി ഇടനിലക്കാർക്ക് നൽകിയെന്നും ഇവർ സാമ്പത്തിക ലാഭത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് മുമ്പ് ഇത് എത്തിച്ചു നൽകിയെന്നുമാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേസിൽ ഉൾപെട്ട പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ പേരുകൾ മാധ്യമവാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന കാര്യം സിബിഐ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
സാക്ഷികളുടെ പേരുകൾ വെളിപ്പെടുത്തുന്നതിലും കോടതി നടപടികളിൽ ഇതുവരെ അവതരിപ്പിക്കാത്ത കുറ്റപത്രത്തിലെ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
എൻടിഎയിലെ തന്നെ വിദഗ്ധർ, ഇടനിലക്കാർ, പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവർ എന്നിവരടക്കം അറസ്റ്റിലായ 13 പേരുടെ വിവരങ്ങൾ കുറ്റപത്രത്തിലുണ്ട്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംസ്ഥാനാന്തര സംഘടിത ക്രിമിനൽ ഗൂഢാലോചനയെന്ന് സിബിഐ. പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയ വിദഗ്ധർ തന്നെയാണ് ആദ്യം ചോദ്യപേപ്പർ ചോർത്തിയതെന്നാണ് ഡൽഹി റൗസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
കുറ്റപത്രമനുസരിച്ച് 13 പ്രതികളാണുള്ളത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തു പരീക്ഷാ പേപ്പറുകൾ ലഭ്യമാക്കിയതു മുതൽ കോച്ചിംഗ് ഓപ്പറേറ്റർമാരും ബ്രോക്കർമാരുമടങ്ങുന്ന ഇടനിലക്കാരിലേക്ക് ഇത് കൈമാറി വിദ്യാർഥികൾക്ക് വൻ തുകയ്ക്ക് വിറ്റതു വരെ നീളുന്നതാണ് റാക്കറ്റ്.
കുറ്റപത്രമനുസരിച്ച് എൻടിഎയുടെ ബോട്ടണി വിദഗ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധയായ പ്രഹ്ളാദ് വിത്തൽ റാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധയായ മനീഷ സഞ്ജയ് ഹവൽദാർ എന്നിവർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്താണ് നീറ്റ് ചോദ്യപേപ്പറുകൾ കൈക്കലാക്കിയത്. ചോദ്യപേപ്പർ തയാറാക്കുകയും വിവർത്തനം നടത്തുകയും ചെയ്ത ഡൽഹി ഓഖ്ലയിലെ എൻടിഎ ഓഫീസിൽ നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്.
മൂന്നു വിദഗ്ധരും ഇതു മുതലെടുക്കുകയായിരുന്നു. ചോദ്യപേപ്പർ തയാറാക്കിയ വിഷയ വിദഗ്ധർ ചോദ്യങ്ങൾ ഓർമിച്ചുവച്ചും കുറിച്ചുവച്ചുമാണ് ചോദ്യങ്ങൾ കടത്തിയത്. ഇവ പിന്നീട് പത്ത് പ്രതികളടങ്ങുന്ന ഒരു ക്രിമിനൽ ശൃംഖലയിലൂടെ പ്രചരിക്കപ്പെട്ടു. ഇടനിലക്കാരിലൂടെ ചോദ്യപേപ്പറുകൾ രാജസ്ഥാനിലെയും ഹരിയാനയിലെയും വിദ്യാർഥികളിലേക്കെത്തിച്ച മനീഷ സഞ്ജയ് വാഗ്മാറെ എന്ന ബ്യൂട്ടീഷനിലൂടെയായിരുന്നു എൻടിഎയ്ക്കുള്ളിലെ വിഷയ വിദഗ്ധരിലേക്ക് അന്വേഷണസംഘമെത്തിയത്.
തേജസ് ഷാ, ശിവരാജ് മൊട്ടേഗാവ്കർ, ഡോ. മനോജ് ഷിരൂർ, ധനഞ്ജയ് ലോഖണ്ഡെ, ശുഭം ഖൈർനാർ, യാഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേഷ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ചോർച്ചയ്ക്ക് സഹായം നൽകുന്നതിലോ ഉദ്യോഗാർഥികളെ ഏകോപിപ്പിക്കുന്നതിലോ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലോ ഇവർ ഓരോരുത്തരും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്.
പ്രതികളിൽനിന്ന് പിടിച്ചെടുക്കപ്പെട്ട മൊബൈലുകൾ, പെൻ ഡ്രൈവുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്നെല്ലാം നീറ്റ് ചോദ്യങ്ങളടങ്ങുന്ന പിഡിഎഫുകളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പരീക്ഷയ്ക്കു മുമ്പ് ടെലിഗ്രാം, വാട്സാപ്പ്, മറ്റു സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ എന്നിവ വഴി ചോർന്ന ചോദ്യങ്ങൾ രാജ്യമെമ്പാടും പ്രചരിക്കുകയും ചെയ്തു.
ചോദ്യ പേപ്പർ ചോർച്ചയിൽ കേരളത്തിനുള്ള ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തിൽ ചില സൂചനകളുണ്ട്.
Kerala
കൊച്ചി: സ്വപ്ന സുരേഷ് അടക്കം ആറു പ്രതികളെ ഉള്പ്പെടുത്തി തൃശൂര് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ കോടതിയില് സമര്പ്പിച്ചു. കേസില് ലൈഫ് മിഷന് മൂന്നാം പ്രതിയാണ്.
ഫ്ലാറ്റ് നിര്മാണത്തിനായി വിദേശ സന്നദ്ധസംഘടന കരാര് നല്കിയ യൂണിടാക് ബില്ഡേഴ്സ് ഉടമ കൊച്ചി സ്വദേശി സന്തോഷ് ഈപ്പന് ഒന്നാം പ്രതിയും ഇയാളുടെതന്നെ സെയ്ന് വെഞ്ച്വേഴ്സ് കമ്പനി രണ്ടും സ്വര്ണക്കടത്തുകേസില് ഉള്പ്പെട്ട സന്ദീപ് നായര് നാലും യുഎഇ കോണ്സുലേറ്റ് പിആര്ഒ ആയിരുന്ന സരിത്ത് അഞ്ചും പ്രതികളാണ്. സ്വപ്ന സുരേഷ് ആറാം പ്രതിയാണ്. മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും അന്നത്തെ ലൈഫ് മിഷന് സിഇഒ യു.വി. ജോസും ആദ്യ കുറ്റപത്രത്തില് ഉള്പ്പെട്ടിട്ടില്ല.
സ്വര്ണക്കടത്തുകേസ് വിവാദമായി നില്ക്കെയാണ് ഇതിലെ പ്രതികളായ സ്വപ്ന സുരേഷും ശിവശങ്കറുമടക്കം ആരോപണവിധേയരായ ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയ ക്രമക്കേടും പുറത്തുവരുന്നത്. വിദേശസഹായ നിയന്ത്രണ നിയമലംഘനമടക്കം ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി മുന് എംഎല്എ അനില് അക്കര നല്കിയ പരാതിയില് സിബിഐ കേസെടുക്കുകയായിരുന്നു.
കേരളത്തിലെ പ്രളയബാധിതര്ക്കു ഫ്ലാറ്റും ആശുപത്രിയും പണിയാന് യുഎഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് നല്കിയ 21 കോടി രൂപയില് പകുതിയിലേറെയും പ്രതികള് കമ്മീഷനായും മറ്റും തിരിമറി നടത്തി കൈക്കലാക്കിയെന്ന് കുറ്റപത്രത്തില് പറയുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും ഒപ്പുവച്ച കരാര് പ്രകാരമാണ് ഈ പണം നല്കിയത്. പണം വകമാറ്റി ചെലവഴിക്കപ്പെട്ടിട്ടുണ്ട്. പ്രതികള്ക്ക് ഇതില് പങ്കുള്ളതായി കുറ്റപത്രത്തില് പറയുന്നു.
ആശുപത്രി നിര്മാണത്തിനായി ഹാബിറ്റാറ്റ് എന്ന കമ്പനിക്കാണു കരാര് ലഭിക്കേണ്ടിയിരുന്നത്. എന്നാല് ടെന്ഡര്പോലും വിളിക്കാതെ ലൈഫ് മിഷന് സന്തോഷ് ഈപ്പന്റെ കമ്പനിക്കു കരാര് നല്കുകയായിരുന്നു. റെഡ് ക്രസന്റ് നല്കിയ തുകയില് നാലര കോടി രൂപ സന്ദീപും സരിത്തും സ്വപ്നയും സന്തോഷ് ഈപ്പനും ഉള്പ്പെട്ട പ്രതികള് കമ്മീഷനായി തട്ടിയെടുത്തതു കൂടാതെ ലാഭവിഹിതമെന്ന പേരില് സന്തോഷ് ഈപ്പന് പിന്നെയും അഞ്ചു കോടികൂടി വകമാറ്റി.
11 കോടി രൂപ കമ്മീഷനും മറ്റുമായി വകമാറ്റിയശേഷം ബാക്കി വന്ന തുകയ്ക്കുള്ള 10 കോടി രൂപയുടെ നിര്മാണപ്രവര്ത്തനങ്ങള് മാത്രമാണു നടന്നതെന്നും സിബിഐ കണ്ടെത്തി.
International
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ മുഖ്യപ്രതിയാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക കോടതിയിൽ തിങ്കളാഴ്ചയാണ് നിർണായകമായ ഈ കുറ്റപത്രം നൽകിയത്.
26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ഹാഫിസ് സയീദ് പാക്കിസ്ഥാനിലിരുന്ന് നേരിട്ട് ആസൂത്രണം ചെയ്തതാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2025 ഏപ്രിൽ 22ന് ഭീകരർ നടത്തിയ വെടിവെപ്പിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ വിവരങ്ങളും ശാസ്ത്രീയ, ഫോറൻസിക് തെളിവുകളും എൻഐഎ കോടതിയിൽ സമർപ്പിച്ചു.
1,597 പേജുള്ള വിപുലമായ കുറ്റപത്രമാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ 2025 ഡിസംബറിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പാക്കിസ്ഥാനിലെ മറ്റൊരു സൂത്രധാരനായ സാജിദ് ജാട്ടിനെ പ്രതി ചേർത്തിരുന്നു. കൂടാതെ കഴിഞ്ഞ ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച മൂന്ന് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും പുതിയ കുറ്റപത്രത്തിലുണ്ട്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് നടപടി നീട്ടിവെക്കുന്നത്.
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസിന്റെ തീരുമാനം. ഇതിനൊപ്പം, പോലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.
അതേസമയം, തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
National
ന്യൂഡല്ഹി: ചെങ്കോട്ട സ്ഫോടനക്കേസില് ഒളിവില് പോയ ശിശുരോഗ വിദഗ്ധന് ഉള്പ്പെടെ മൂന്ന് പേര്ക്കെതിരേകൂടി എന്ഐഎ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ വര്ഷം ഡല്ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന വാഹന ബോംബ് സ്ഫോടനത്തില് പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്ന്നാണ് ഒളിവില് പോയ മൂന്നുപേര്ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) കുറ്റപത്രം സമര്പ്പിച്ചത്.
ജമ്മുകാഷ്മീരില്നിന്നുള്ള സമീര് അഹമ്മദ് അഹാംഗര്, തുഫൈല് അഹമ്മദ് ഭട്ട്, ഒളിവില് പോയ മുസാഫര് അഹമ്മദ് എന്നിവരാണ് എന്ഐഎ പ്രതിപട്ടികയിലുള്ളര്. പട്യാല ഹൗസ് കോടതിയില് സമര്പ്പിച്ച അനുബന്ധ കുറ്റപത്രത്തില് നിലവില് കേസില് 13 പേര്ക്ക് എതിരെ കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ട്.
സ്ഫോടകവസ്തുക്കള് നിറച്ച കാറിന്റെ ഡ്രൈവര് ഡോ. ഉമര് ഉന് നബിയും ഇതില് ഉള്പ്പെടുന്നു.
Kerala
കൊച്ചി: മുന് ആരോഗ്യ മന്ത്രി വീണാ ജോര്ജിനെ കണ്ണൂര് റെയില്വേ സ്റ്റേഷനില് ആക്രമിച്ച കേസിലെ കുറ്റപത്രം ഹാജരാക്കാന് ഹൈക്കോടതി നിര്ദേശം. സംഭവം ഡിവൈഎസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ കെഎസ്യു നേതാവ് എം.സി. അതുല് നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്.
കേസില് കുറ്റപത്രം നല്കിയതായി സര്ക്കാര് അറിയിച്ചതിനെ തുടര്ന്നാണ് നിര്ദേശം. തുടര്ന്ന് ഹര്ജി വീണ്ടും 29ന് പരിഗണിക്കാന് മാറ്റി. കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും മാത്രമാണ് ചെയ്തതെന്നും വധശ്രമക്കേസ് അനാവശ്യമായി ചേര്ത്തതാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.
ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കണ്ണൂര് റെയില്വേ പോലീസ് കേസെടുത്തിട്ടുള്ളത്. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്ജിയില് പറയുന്നു. തുടര്ന്നാണ് കേസില് കുറ്റപത്രം നല്കിയതായി സര്ക്കാര് അറിയിച്ചത്.
Kerala
കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചു. 1000 പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് സമര്പ്പിച്ചത്. നടന് സൗബിന് ഷാഹിര്, പിതാവ് ബാബു ഷാഹിര്, ഷോണ് ആന്റണി എന്നിവരാണ് പ്രതികള്.
സിനിമയുടെ ലാഭവിഹിതത്തില് 40% നല്കാമെന്ന് പറഞ്ഞ് ഏഴു കോടി രൂപ തട്ടിയെടുത്തു എന്ന അരൂര് സ്വദേശി സിറാജ് വലിയവീട്ടില് ഹമീദ് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചത്. സിറാജിന്റെ പരാതിയില് മരട് പോലീസ് ആയിരുന്നു കേസ് എടുത്തത്.
2024ല് ആണ് സിനിമ പുറത്തിറങ്ങിയത്. 200 കോടിക്ക് മുകളില് കളക്ഷന് നേടിയ സിനിമ വലിയ ലാഭം നേടിയിരുന്നു. എന്നാല് മുടക്കുമുതലോ ലാഭവിഹിതമോ സിറാജിന് നല്കിയിരുന്നില്ല. ഇതിനെ തുടര്ന്നാണ് സിറാജ് പരാതി നല്കിയത്.
വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന നിര്മ്മാതാക്കളുടെ അപ്പീല് സുപ്രീംകോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകകേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം 2704 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ ഒന്പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആറാംപ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചിരുന്നു.
ഇതോടെ നിലവിലുള്ള എട്ടു പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 ഡിസംബർ 17നാണ് വാളയാർ അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേലിനെ (31) ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയത്.കള്ളനാണെന്നാരോപിച്ചാണ് പ്രതികൾ രാം നാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്നുചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതരപരിക്കുകൾ ഉണ്ടായിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾപോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായി.
കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്കു മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ പാലക്കാട് കളക്ടറേറ്റിനുമുന്നിൽ രാം നാരായണിന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം.
റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറും. 10 പ്രതികളോളം ഇനിയും പിടിയിലാകാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കേസിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞിരുന്നു. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ആക്രമണം ഉദ്യോഗസ്ഥർക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂർവമായ സംഭവമാണിതെന്നും കോടതി വിലയിരുത്തിയിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 11 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിൽ പത്തുപേരെ പ്രതി ചേർത്താണ് എൻഐഎ ന്യൂഡൽഹി പട്യാല ഹൗസിലെ എൻഐഎ സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട പ്രധാന കുറ്റവാളി ഡോ. ഉമർ നബിയും മറ്റുള്ള പ്രതികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള അൽ ഖ്വയ്ദയുടെ (എക്യുഐഎസ്) ഒരു ശാഖയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എജിയുഎച്ച്) എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
2018ൽ ആഭ്യന്തരമന്ത്രാലയം തീവ്രവാദ സംഘടനയായി വിജ്ഞാപനം ചെയ്തിട്ടുള്ള എക്യുഐഎസിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് മെഡിക്കൽ പ്രഫഷണലുകളുൾപ്പെടുന്ന പ്രതികളെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
എൻഐഎയുടെ അന്വേഷണത്തിൽനിന്ന് എജിയുഎച്ച് സംഘടനയിലുണ്ടായിരുന്നവർ 2022ൽ ശ്രീനഗറിൽവച്ചു ഒരു രഹസ്യയോഗം ചേർന്നിരുന്നുവെന്നും എജിയുഎച്ചിനെ ‘എജിയുഎച്ച് ഇന്ററിം’ എന്ന് പുനർരൂപീകരിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു. 588 സാക്ഷിമൊഴികളും 395ലധികം രേഖകളും പിടികൂടിയ 200ലധികം വസ്തുക്കളും ആധാരമാക്കിയാണ് എൻഐഎയുടെ കുറ്റപത്രം.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിലെ കുറ്റപത്രം ഉടനില്ല. ലോഹപ്പാളികളുടെ സാമ്പിള് പരിശോധനാഫലം ഏപ്രില് അവസാനമേ ലഭ്യമാകൂവെന്ന് ജംഷഡ്പുരിലെ നാഷണല് മെറ്റലര്ജിക്കല് ലബോറട്ടറി എസ്ഐടിയെ അറിയിച്ച സാഹചര്യത്തിലാണിത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന് റിപ്പോര്ട്ട് നല്കിയതിനെത്തുടര്ന്ന് അന്വേഷണം പൂര്ത്തിയാക്കാന് ഹൈക്കോടതി മേയ് 18 വരെ സമയം അനുവദിച്ചു.
സങ്കീര്ണമായ പരിശോധനകള് ആവശ്യമുള്ളതിനാല് ഒരു മാസം കൂടി സമയം വേണ്ടിവരുമെന്നാണ് ജംഷഡ്പുരിലെ ലാബ് അധികൃതര് അറിയിച്ചത്.
നിലവില് 358 സാക്ഷികളെ കേസില് ചോദ്യം ചെയ്തിട്ടുണ്ട്.
കര്ണാടകയിലെ മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, മുണ്ടോട്ടി പാളയം ക്ഷേത്രം, ശ്രീരാമപുരം ക്ഷേത്രം, ഗൗരിബിദന്നൂര്, ബെല്ലാരി, ഹോങ്കസാന്ദ്ര, വ്യാലിക്കാവല് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ മദനപ്പള്ളി, അനന്തപുര് എന്നിവിടങ്ങളിലും അന്വേഷണം നടത്തി.
2025ലെ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്ണം പൂശലുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. 20 സാക്ഷികളെ ചോദ്യംചെയ്തതായി എസ്ഐടി കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോടു ഹോട്ടൽ മുറിയിൽ അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 2025 നവംബർ ആറിനു തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ചലച്ചിത്രമേളയുടെ സ്ക്രീനിംഗിനിടെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.
തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് ആണു കുറ്റപത്രം സമർപ്പിച്ചത്.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്വച്ച് വധിക്കാന് ശ്രമിച്ചകേസിൽ കുറ്റപത്രം വൈകുന്നതിനെ വിമർശിച്ച് കോടതി. സംഭവം നടന്ന് മൂന്ന് വര്ഷം കഴിഞ്ഞിട്ടും കേസില് എന്തുകൊണ്ട് കുറ്റപത്രം സമര്പ്പിച്ചില്ലെന്ന് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതി ചോദിച്ചു.
കേസിൽ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകണം. ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
വിശദമായ റിപ്പോര്ട്ട് ബുധനാഴ്ച സമര്പ്പിക്കാന് അന്വേഷണ സംഘത്തിന് കോടതി കര്ശന നിര്ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി ഫര്സിന് മജീദ് പാസ്പോര്ട്ട് പുതുക്കാന് അനുമതി തേടി നല്കിയ ഹര്ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്ശനം. 2022 ജൂണ് 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചത്.
ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, മുൻ എംഎൽഎ ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.
National
ന്യൂഡൽഹി: തിരുപ്പതി ലഡു കുംഭകോണത്തില് കുറ്റപത്രം സമര്പ്പിച്ച് സിബിഐ പ്രത്യേക സംഘം. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്നാണ് കുറ്റപത്രത്തില് പറയുന്നത്. മൂന്നുവര്ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
നെല്ലൂര് മുന്സിപ്പല് കോര്പ്പറേഷന് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്.
ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല് മാനേജര് പി കെ മുരളീകൃഷ്ണയെ എസ്ഐടി പ്രതി ചേര്ത്തു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Kerala
കൊച്ചി: ഡാര്ക്ക്നെറ്റും ക്രിപ്റ്റോകറന്സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാട് നടത്തിയ സംഭവത്തിൽ നാലു പ്രതികള്ക്കെതിരേ നര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്സിബി) കുറ്റപത്രം സമര്പ്പിച്ചു.
കഴിഞ്ഞ ജൂണ് 28ന് യുകെയില്നിന്നു തപാലിലെത്തിയ പാഴ്സലുകളില്നിന്നും 280 എല്എസ്ഡി സ്റ്റാമ്പുകള് പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്ന്ന് പാഴ്സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്നയാളുടെ വീട്ടില് നടത്തിയ റെയ്ഡില് 847 എല്എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചത്.
മൂവാറ്റുപുഴസ്വദേശികളായ എഡിസണ് ബാബു, സഹായി അരുണ് തോമസ്, യുകെയില് താമസിക്കുന്ന സന്ദീപ്, ഓസ്ട്രേലിയയില് കഴിയുന്ന വടക്കന് പറവൂര് സ്വദേശി ദീപക് എന്നിവരാണു പ്രതികള്. 150 ലേറെ പേജുകളുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റല് തെളിവുകളുടെ വിവരങ്ങള് ഉള്പ്പെടെ ആയിരം പേജുകളില് അനുബന്ധ വിവരങ്ങളും സമര്പ്പിച്ചിട്ടുണ്ട്.
National
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.
ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
ജൂണിൽ മൂന്ന് പാക്കിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്.
ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശേരി എംഎൽഎയുമായ കെ.എം. സച്ചിൻദേവ്, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണു നിലവിൽ കേസിലെ പ്രതി.
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ചാണു കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത്. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 നു രാത്രി പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് മേയറും ഭർത്താവും അടക്കമുള്ളവർ ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി.
പ്ലാമൂട് ജംഗ്ഷനിൽ വച്ച് മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിനു സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അത്. മേയറെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മേയറുടെ പരാതിയിൽ യദുവിനെതിരേയും കേസുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില് 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില് വച്ചാണ് സംഭവം. മേയറും ഭര്ത്താവും അടക്കമുള്ളവര് സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്ക്കം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്കെതിരേ കുറ്റപത്രം തയാറാക്കുന്നതിലെ അമിതമായ കാലതാമസത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തുടനീളം മാർഗരേഖ രൂപീകരിക്കുമെന്നും ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പല കേസുകളിലും മൂന്നു മുതൽ നാലു വർഷം വരെ കാലതാമസം എടുക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ വാദംകേൾക്കലിനുശേഷം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
എന്നാൽ നിലവിൽ പല കേസുകളിലും അതു നടക്കുന്നില്ല. ക്രിമിനൽ നടപടിക്രമത്തിലെ കാലതാമസത്തിനു പ്രധാന കാരണം കുറ്റപത്രം തയാറാക്കാനെടുക്കുന്ന കാലതാമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രാജ്യവ്യാപക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും സഹായം കോടതി തേടി. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ രണ്ടു വർഷമായി കസ്റ്റഡിയിൽ കഴിയുന്ന പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി ഇടപെടൽ.
Kerala
തൃശൂർ: സിമന്റ് നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളായ ചുണ്ണാമ്പുകല്ല്, ഫ്ലൈ ആഷ് തുടങ്ങിയവ ഉയർന്ന വിലയ്ക്കു വാങ്ങി മലബാർ സിമന്റ്സ് കമ്പനിക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ പ്രതികളായ വി.എം. രാധാകൃഷ്ണൻ, മുരളീധരൻനായർ, ജിയോളജിസ്റ്റ് ഉദയകാന്തി, ഫിറോസ്, മുഹമ്മദ് ഗുലാം അഹമ്മദ് പാഷ എന്നിവർക്കെതിരേയുള്ള കുറ്റപത്രം തയാറാക്കി തൃശൂർ വിജിലൻസ് കോടതി.
വിശ്വാസലംഘനം, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചെങ്കിലും പ്രതികൾ എതിർത്തു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാകും തുടർന്നുള്ള വിചാരണ നടക്കുക.
ഇതേസമയം, കേസിലെ മറ്റൊരു പ്രതിയായ മോനി സമർപ്പിച്ച ഡിസ്ചാർജ് പെറ്റീഷനിൽ കോടതി 29നു തീരുമാനമെടുക്കും. മറ്റു പ്രതികളായ മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ആനന്ദകുമാർ, കൃഷ്ണകുമാർ എന്നിവർ ഇന്നലെ ഹാജരായില്ല. ഇവരും 29നു കോടതിയിൽ ഹാജരാകണം.
വ്യവസായിയായ വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന വിലയ്ക്കു സാധനങ്ങൾ വാങ്ങി മലബാർ സിമന്റ്സിനു നഷ്ടമുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിപ്പട്ടികയിൽനിന്ന് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, മുൻ എംഡിമാരായ എൻ. കൃഷ്ണകുമാർ, ടി. പദ്മനാഭൻനായർ എന്നിവരെ ഒഴിവാക്കിയുള്ള 2011ലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി 2021ൽ റദ്ദാക്കിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു കോടതിനിർദേശം.
രണ്ടു ദശാബ്ദം മുന്പ് ഉയർന്നുവന്ന അഴിമതിക്കേസിൽ വിജിലൻസിനു മൊഴി നൽകിയ മലബാർ സിമന്റ്സ് കമ്പനി മുൻ സെക്രട്ടറി വി. ശശീന്ദ്രനെയും രണ്ടു മക്കളെയും 2011 ജനുവരിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടത്തൽ. ഈ കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2023ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും 2025ലും വാദം തുടരുകയാണ്.
National
ന്യൂഡൽഹി: കോൽക്കത്ത ലോ കോളജ് പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജൂൺ 25ന് സൗത്ത് കോൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി മനോജിത് മിശ്ര, വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.