തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന സമയത്ത് താൻ കടുത്ത ചതിക്ക് ഇരയാവുകയായിരുന്നു എന്ന് വെളിപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ. നിലവിൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്മകുമാർ, അക്കാലത്ത് നടന്ന അണിയറ നീക്കങ്ങളെല്ലാം അതതു ദിവസം തന്നെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും അതെല്ലാം തന്റെ ആത്മകഥയിലൂടെ പുറത്തുവിടുമെന്നും അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി.
ഇടതുസർക്കാർ ശബരിമലയിൽ യുവതീപ്രവേശനത്തിനായി രഹസ്യനീക്കം നടത്തിയ ദിവസം തന്നെയും അന്നത്തെ എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവ്വം അവിടെനിന്ന് മാറ്റിയതാണെന്ന് പത്മകുമാർ വെളിപ്പെടുത്തുന്നു. അന്ന് സന്ധ്യയോടെ ശ്രീജിത്തിനെ ഡിജിപിയും, തന്നെ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും അടിയന്തരമായി തിരുവനന്തപുരത്തെത്താൻ നിർദേശിച്ച് വിളിപ്പിക്കുകയായിരുന്നു.
ഇതനുസരിച്ച് പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫീസിലെ മുറിയിലെത്തി ടിവി ഓൺ ചെയ്തപ്പോഴാണ് ശബരിമലയിൽ യുവതികൾ മലകയറിയ വിവരം താൻ അറിയുന്നത്. തങ്ങളെ മനഃപൂർവ്വം മാറ്റിനിർത്തി നടത്തിയ ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ഉന്നത കരങ്ങളെക്കുറിച്ച് ആത്മകഥയിൽ കൃത്യമായി പറയുമെന്നും അദ്ദേഹം സുഹൃത്തുക്കളോട് വെളിപ്പെടുത്തി. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പത്മകുമാർ മറുപടി നൽകുന്നുണ്ട്.
ദേവസ്വം രജിസ്റ്ററിൽ ചെമ്പ് പാളി എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും, അതിൽ ഒപ്പിടാൻ താൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഈ കൈപ്പട ആരുടേതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വർണക്കൊള്ളക്കേസിൽ പാർട്ടിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടി നേരിടുന്നത് ഒഴിവാക്കാനായി പത്മകുമാർ നടത്തുന്ന സമ്മർദ്ദ തന്ത്രമാണ് ഈ ആത്മകഥാ വിവാദമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പല നിർണായക വിവരങ്ങളും പുറത്തുവന്നാൽ പാർട്ടിയിലെയും സർക്കാരിലെയും ഉന്നതർ കുടുങ്ങുമെന്ന ഭയം നേതൃത്വത്തിനുണ്ട്. നിലവിൽ പത്മകുമാർ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ജില്ലാ കമ്മിറ്റി എന്ത് നടപടിയെടുത്താലും അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.
Tags : A. Padmakumar Sabarimala Revelation Sabarimala Gold women’s entry