തൃഷയും വിജയ്യും
സിനിമയിലെ താരത്തിളക്കത്തിനപ്പുറം രാഷ്ട്രീയത്തിലും ഒരു ഇടം തേടുമോ തൃഷ കൃഷ്ണൻ? രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ പേര് ഇപ്പോൾ തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകളിലും ഇടംപിടിക്കുകയാണ്.
വിജയ്യുമായുള്ള സൗഹൃദവും അതിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങളും ഇതിനകം തൃഷയെ വിവാദങ്ങളുടെ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുമാറ്റത്തിന് തൃഷ തയ്യാറെടുക്കുകയാണോ? അതോ രാഷ്ട്രീയക്കളത്തിൽ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്ന ഒരു താരത്തിന്റെ പേരായി മാത്രം അവർ തുടരുകയാണോ?
തൃഷയുടെ പേരിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകിയതാണ് ഇപ്പോൾ വീണ്ടും ചർച്ചകൾ ചൂടുപിടിപ്പിച്ചത്. ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. ഇതെല്ലാം ചേർത്തുവായിച്ചാൽ അവരുടെ രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കും.
മോഡലിംഗിൽ നിന്ന് തെന്നിന്ത്യയുടെ താരറാണിയിലേക്ക്
1983 മേയ് നാലിന് ചെന്നൈയിൽ ജനിച്ച തൃഷ കൃഷ്ണന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മോഡലിംഗിലൂടെയായിരുന്നു. 1999-ൽ മിസ് ചെന്നൈ പട്ടം നേടിയതോടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്. പരസ്യചിത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും സിനിമാ ലോകത്തേക്ക് കടന്നുവന്ന തൃഷ, 1999-ൽ പുറത്തിറങ്ങിയ ജോഡി എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
എന്നാൽ നായികയായുള്ള യഥാർഥ തുടക്കം 2002-ൽ പുറത്തിറങ്ങിയ മൗനം പേശിയതേ എന്ന ചിത്രത്തിലൂടെയായിരുന്നു. സൂര്യ നായകനായെത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തൃഷയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. പിന്നീട് സാമി, ഗില്ലി, തിരുപ്പാച്ചി, ആറു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികമാരിലൊരാളായി അവർ മാറി.
തമിഴിൽ മാത്രമല്ല, തെലുങ്കിലും തൃഷ വലിയ സ്വീകാര്യത നേടി. വർഷം, നുവ്വൊസ്താന നേനൊദ്ദാന്തന, അതഡു തുടങ്ങിയ ചിത്രങ്ങൾ അവരുടെ താരമൂല്യം വർധിപ്പിച്ചു. തെലുങ്കിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
ഹിന്ദിയിൽ അക്ഷയ് കുമാറിനൊപ്പം ഖട്ടാ മീഠാ, കന്നഡയിൽ പവർ, മലയാളത്തിൽ നിവിൻ പോളിക്കൊപ്പം ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മറ്റു ഭാഷകളിലും സാന്നിധ്യമറിയിച്ചു.
അഭിയും നാനും, വിണ്ണൈത്താണ്ടി വരുവായ, കൊടി, 96 തുടങ്ങിയ ചിത്രങ്ങൾ അഭിനയശേഷിയുടെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ചിത്രങ്ങളിലെ കുന്തവൈ എന്ന കഥാപാത്രവും തൃഷയുടെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി.
കരിയറിനൊപ്പം വിവാദങ്ങളും
തൃഷയുടെ താരജീവിതം വിവാദങ്ങളിൽ നിന്ന് പൂർണമായി അകന്നുനിന്നിട്ടില്ല. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും സിനിമാ മേഖലയിലെ ചില സംഭവങ്ങളുമാണ് പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചത്.
2015-ൽ വ്യവസായിയും നിർമാതാവുമായ വരുണ് മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ പിന്നീട് വിവാഹം മുന്നോട്ടുപോയില്ല. വിവാഹനിശ്ചയം അവസാനിച്ചതായി തൃഷ തന്നെ സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. താൻ സന്തോഷവതിയും അവിവാഹിതയുമാണെന്നായിരുന്നു അന്നത്തെ പ്രതികരണം. വിവാഹം മുടങ്ങിയതിന്റെ കാരണങ്ങളെക്കുറിച്ച് പലവിധ വാർത്തകൾ പ്രചരിച്ചെങ്കിലും അവയെല്ലാം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
എന്നാൽ തൃഷയുടെ പേര് വലിയൊരു ദേശീയതല ചർച്ചയിലേക്ക് എത്തിയത് 2023-ലാണ്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രചാരണത്തിനിടെ നടൻ മൻസൂർ അലി ഖാൻ നടത്തിയ പരാമർശങ്ങളായിരുന്നു അതിന് കാരണം.
ചിത്രത്തിൽ തൃഷയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കാത്തതിനെക്കുറിച്ച് സംസാരിക്കവെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കി. തൃഷ ശക്തമായി പ്രതികരിച്ചു. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇനിയൊരിക്കലും അദ്ദേഹത്തോടൊപ്പം അഭിനയിക്കില്ലെന്നും വ്യക്തമാക്കി.
ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലിസ് കേസെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മാപ്പുപറഞ്ഞപ്പോൾ തൃഷ അത് സ്വീകരിച്ചതായി സാമൂഹികമാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തു.
വിജയ്യുമായുള്ള സൗഹൃദം; അഭ്യൂഹങ്ങൾക്കപ്പുറം എന്താണ് വസ്തുത?
തൃഷയുടെ പേര് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടനും തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്യുമായുള്ള ബന്ധത്തെച്ചൊല്ലിയാണ്.
തമിഴ് സിനിമയിലെ ശ്രദ്ധേയമായ ഓൺസ്ക്രീൻ ജോഡികളിലൊന്നാണ് വിജയ്–തൃഷ കൂട്ടുകെട്ട്. 2004-ൽ പുറത്തിറങ്ങിയ ഗില്ലി വൻ വിജയമായതോടെ ഇരുവരുടെയും താരജോഡി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. തിരുപ്പാച്ചി, ആതി, കുരുവി തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചെത്തി. പതിനഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ലിയോയിലൂടെ വീണ്ടും ഒന്നിച്ചതും വലിയ വാർത്തയായി.
സിനിമയിലെ ഈ കൂട്ടുകെട്ടിനപ്പുറം ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന തരത്തിലുള്ള വാർത്തകളും അഭ്യൂഹങ്ങളും കാലങ്ങളായി പ്രചരിക്കുന്നുണ്ട്. 2026 ഫെബ്രുവരിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിജയ്യെ വിമർശിക്കുന്നതിനിടെ തൃഷയുടെ പേരും പരാമർശിച്ചതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. വിജയ് തൃഷയുടെ വീട്ടിൽനിന്ന് പുറത്തുവരണമെന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്.
ഇതിനെതിരെ തൃഷ അഭിഭാഷകൻ മുഖേന ശക്തമായ പ്രസ്താവന പുറത്തിറക്കി. രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും വ്യക്തമാക്കി. തന്റെ വ്യക്തിജീവിതത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു.
വിവാദം ശക്തമായതോടെ നൈനാർ നാഗേന്ദ്രൻ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. ഈ സംഭവത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. രാഷ്ട്രീയമായി ഒരു പാർട്ടിയോടും ചേരുന്നില്ലെന്ന് തൃഷ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിജയ്യുമായുള്ള സൗഹൃദത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നത് ശരിയായിരിക്കില്ല.
മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം
തൃഷ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് പുതിയൊരു മാനം നൽകുന്നത് 2004-ലെ ഒരു അഭിമുഖമാണ്. സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് തൃഷ തമാശരൂപേണ പറഞ്ഞിരുന്നു. അടുത്ത പത്തുവർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അന്ന് ചിരിച്ചുകൊണ്ടുള്ള പ്രതികരണം. മുഖ്യമന്ത്രിയായാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ആദ്യം നിങ്ങൾ തന്നെ വോട്ട് ചെയ്ത് ജയിപ്പിക്കൂ, എന്നിട്ട് പറയാമെന്നായിരുന്നു മറുപടി.
അന്ന് ഒരു തമാശയായി പറഞ്ഞ വാക്കുകളാണെങ്കിലും രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം തൃഷയുടെ പേര് തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുമ്പോൾ ഈ പഴയ അഭിമുഖവും വീണ്ടും പ്രാധാന്യം നേടുകയാണ്.
മാത്രമല്ല തൃഷയുടെ പേരിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പുതിയ സംഘടനയും രൂപികരിച്ചു. ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയസാധ്യത വീണ്ടും പൊങ്ങിവന്നത്.
തിരുനെൽവേലി സ്വദേശിയായ രാജഗോപാലിനെ സംഘടനയുടെ കോർഡിനേറ്ററായി നിയമിക്കുകയും ചെയ്തു.
സംഘടനയുടെ ഉദ്ഘാടനച്ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയ വിപ്ലവ നായിക’ എന്ന പദവിയും നൽകി. തൃഷയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള പട്ടുതുണിയും പ്രത്യേക അഭിവാദനരീതിയും ചടങ്ങിൽ അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് മികച്ച രീതിയിലാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തൃഷയ്ക്ക് പ്രധാന വ്യക്തിത്വമായി ഉയരാൻ കഴിയുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
തൃഷയ്ക്കും സാധ്യതകളുണ്ടോ?
തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമാതാരങ്ങളുടെ സ്വാധീനം പുതിയ കാര്യമല്ല. എം.ജി.ആർ, ജയലളിത തുടങ്ങിയവർ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയവരാണ്. കമൽഹാസൻ, വിജയ് തുടങ്ങിയവരും സിനിമയ്ക്കപ്പുറമുള്ള രാഷ്ട്രീയ ഇടപെടലുകളിലൂടെ വാർത്തകളിൽ ഇടംപിടിച്ചു.
ഈ പശ്ചാത്തലത്തിൽ തൃഷയുടെ രാഷ്ട്രീയ സാധ്യതകളും ചർച്ച ചെയ്യപ്പെടുന്നതിൽ അതിശയിക്കാനില്ല. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് തൃഷ. തമിഴ്നാട്ടിൽ മാത്രമല്ല, തെലുങ്ക് സിനിമാ പ്രേക്ഷകർക്കിടയിലും അവർക്ക് സ്വീകാര്യതയുണ്ട്. പൊതുവേദികളിലെ സാന്നിധ്യവും സിനിമാ മേഖലയിലെ ബന്ധങ്ങളും അവർക്ക് പൊതുജനശ്രദ്ധ ഉറപ്പാക്കുന്ന ഘടകങ്ങളാണ്.
എന്നാൽ സിനിമയിലെ ജനപ്രീതി മാത്രം രാഷ്ട്രീയ വിജയത്തിന് മതിയായ അടിത്തറയാകില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരാൾക്ക് വ്യക്തമായ ആശയങ്ങളും ജനകീയ വിഷയങ്ങളിലുള്ള നിലപാടുകളും സംഘടനാ സംവിധാനവും പ്രവർത്തനപരിചയവും ആവശ്യമാണ്.
തൃഷ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ഒരു രാഷ്ട്രീയ സംഘടനയിലോ പാർട്ടി പ്രവർത്തനങ്ങളിലോ സജീവമായി പങ്കെടുത്തതായുള്ള പൊതുരേഖകളും നിലവിൽ മുന്നോട്ടുവെക്കാനില്ല. അതിനാൽ അവരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സാധ്യതകളുടെയും അഭ്യൂഹങ്ങളുടെയും തലത്തിലാണ്.
തൃഷയുടെ അടുത്ത നീക്കം എന്താകും?
നിലവിൽ സിനിമാ മേഖലയിൽ സജീവമായ തൃഷയ്ക്ക് നിരവധി സിനിമാ പ്രോജക്ടുകളുണ്ട്. രാഷ്ട്രീയത്തിൽ നിഷ്പക്ഷ നിലപാടാണ് തന്റേതെന്നും തന്റെ ജോലിയിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ കൃത്യമായ ഉത്തരമില്ല. തമിഴ്നാട് രാഷ്ട്രീയത്തിലെ താരസാന്നിധ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ അത്തരമൊരു സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാം. പക്ഷേ ചർച്ചയും പ്രഖ്യാപനവും രണ്ടാണ്.
സിനിമയിലെ താരറാണി രാഷ്ട്രീയത്തിലും പുതിയൊരു അധ്യായം തുറക്കുമോ? അതോ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമോ? തൃഷയുടെ അടുത്ത പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും തമിഴ്നാട് രാഷ്ട്രീയ നിരീക്ഷകരും.
Tags : Trisha krishna Cinema Politics Trisha vijay tvk