"നമ്മള്‍ ചാവക്കാട്ടുകാര്‍ - ഖത്തര്‍ ' വാര്‍ഷികാഘോഷം 25 ന്
Tuesday, October 23, 2018 9:06 PM IST
ദോഹ: ഖത്തറിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മ "നമ്മള്‍ ചാവക്കാട്ടുകാര്‍ - ഖത്തര്‍ ' വാര്‍ഷികാഘോഷമായി അവതരിപ്പിക്കുന്ന "മാനുഷരെല്ലാരും ഒന്നുപോലെ ' എന്ന പരിപാടി ഒക്ടോബര്‍ 25 ന് (വ്യാഴം) ഖത്തറിലെ ഐസിസി അശോക ഹാളില്‍ നടക്കും.

ജാതി മത ചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന ഖത്തറിലെ ചാവക്കാട്ടുകാരുടെയും ചാവക്കാടിനോട് ആത്മ ബന്ധം പുലര്‍ത്തുന്നവരുടെയും കൂട്ടായ്മയാണ് 'നമ്മള്‍ ചാവക്കാട്ടുകാര്‍ - ഖത്തര്‍'.

ബഹുസ്വരതയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്. പിറന്ന നാടിന്‍റെ സ്വപ്‌നങ്ങള്‍ തങ്ങളുടെ ഹൃദയ താളമാക്കുക എന്ന സമീപനം മുറുകെ പിടിക്കുമ്പോള്‍ തന്നെ ഖത്തറിലുള്ള ചാവക്കാട്ടുകാരുടെ സാദ്ധ്യമാവുന്ന സര്‍വോന്മുഖ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഖത്തറിലെ പ്രാദേശിക നിയമങ്ങള്‍ക്കനുസരിച്ച് അംഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കലാ കായിക സാംസ്‌കാരിക ആരോഗ്യ മേഖലകളിലും സംഘടന ശ്രദ്ധ ചെലുത്തുന്നു.. സമകാലിക പൊതു പ്രശ്‌നങ്ങളില്‍ ക്രിയാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്.

ജാതിയും മതവും വര്‍ഗവും വര്‍ണവും മാറ്റി വച്ച് സാന്ത്വനത്തിന്‍റെ തണലായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഒരേ മനസോടെ നില കൊള്ളുന്ന ചാവക്കാട്ടുകാരുടെ സാംസ്‌കാരിക പരിപാടിയിൽ ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായും ഖത്തറിലെ ബഹുമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

വൈകുന്നേരം ആറിന് നടക്കുന്ന പരിപാടിയിൽ വാദ്യമേളങ്ങളും ദോഹയിലെ പ്രശസ്ത കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും ദോഹയില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഗായകര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയത്തിനായി പ്രസിഡന്‍റ് മുഹമ്മദ് ബഷീര്‍, ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത്, സെക്രട്ടറി ഷാജി ആലില്‍, ട്രഷറര്‍ ഷെജി വലിയകത്ത്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ കെ.സി. മുസ്തഫ, കോഓർഡിനേറ്റര്‍ പി.പി. അബ്ദുല്‍ സലാം എന്നിവരെയും തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: 55470418 .