സ്വകാര്യ ഹജ്ജ് സീറ്റ് റദ്ദാക്കൽ: മോദിക്കു സ്റ്റാലിന്റെ കത്ത്
Thursday, April 17, 2025 3:26 PM IST
ചെന്നൈ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ വെട്ടിക്കുറച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഗൾഫ് രാജ്യത്തെ അധികാരികളുമായി ഈ വിഷയം ചർച്ച ചെയ്ത് വേഗത്തിൽ പരിഹാരം കാണണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ടൂർ ഓപ്പറേറ്റർമാർക്കായി നീക്കിവച്ചിരുന്ന 52,000 ഹജ്ജ് സീറ്റുകളാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
പെട്ടെന്നുള്ള ഈ തീരുമാനം, ഇതിനകം പണമടയ്ക്കൽ പൂർത്തിയാക്കിയ നിരവധി തീർഥാടകരെ പ്രതിസന്ധിയിലാക്കിയതായി സ്റ്റാലിൻ കത്തിൽ പറയുന്നു. ഇന്ത്യയിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കായി 1,22,517 സീറ്റുകളും സ്വകാര്യ ഹജ്ജ് കമ്പനികൾക്കായി 52,507 സീറ്റുകളുമാണു നീക്കിവച്ചിരുന്നത്.
ഇതിൽ സ്വകാര്യ ഹജ്ജ് കമ്പനികൾക്കായി നീക്കിവച്ച സീറ്റുകളാണു സൗദി റദ്ദാക്കിയത്. സമയപരിധി പാലിക്കാൻ സ്വകാര്യ ഓപ്പറേറ്റർമാർക്കു കഴിയുന്നില്ലെന്നും സൗദി സർക്കാർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.