ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
അനിൽ സി. ഇടിക്കുള
Wednesday, April 30, 2025 3:48 PM IST
അബുദാബി: സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അബുദാബി ഹിന്ദു മന്ദിറിൽ വച്ച് സംഘടിപ്പിച്ച 13-ാമത് ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ പൈതൃക ഉത്സവമാണ് നാടിന്റെ തനിമയും മഹാത്മ്യവും വിളിച്ചോതി അബുദാബിയുടെ പ്രവാസലോകത്ത് വർഷങ്ങളായി സമർപ്പണം അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു വരുന്നത്.
കല്ലമ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രക്ഷാധികാരി അഭിലാഷ് ജി പിള്ള, പ്രസിഡന്റ് സൈജു പിള്ള, ജനറൽ സെക്രട്ടറി ലിജു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
ശ്രീ ലളിത സഹസ്രനാമ ജപയജ്ഞത്തോട് കൂടിയ സർവൈശ്വര്യപൂജയ്ക്ക് ശേഷം ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാട് ആയ കുത്തിയോട്ടപ്പാട്ടും ചുവടും അരങ്ങേറി. ക്യാപ്സ് ദുബായി, സമർപ്പണം അബുദാബി, ക്യാപ്സ് ഫുജൈറ കലാകാരൻമാർ ചെട്ടികുളങ്ങര പേള ശ്രീ ഭദ്ര കുത്തിയോട്ട സമിതി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. .
മുഖ്യാതിഥികളായി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോജി ജോർജ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ, ക്യാപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിനേഷ് ബാലകൃഷ്ണ പിള്ള, ക്യാപ്സ് ദുബായി പ്രസിഡന്റ് മോഹൻലാൽ വാസുദേവൻ, ക്യാപ്സ് ചാരിറ്റബിൾ പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, ക്യാപ്സ് ഫുജൈറ പ്രസിഡന്റ് അനിൽ, മലയാളീ സമാജം പ്രസിഡന്റ് സലിം ചിറക്കൽ എന്നിവർ പങ്കെടുത്തു.
സമർപ്പണം അബുദാബിയുടെ അഞ്ചാമത് സേവാ പുരസ്കാരം അൽ സാബി ചെയർമാൻ വിജയകുമാറിന് സമ്മാനിച്ചു. ജോജി ജോർജ് പൊന്നാട അണിയിച്ചും ബഹുശ്രുതദാസ് സ്വാമി മൊമെന്റോ കൊടുത്തും അദ്ദേഹത്തെ ആദരിച്ചു.
അമ്മയുടെ ഇഷ്ട വഴിപാടായ കുതിരമൂട്ടിൽ കഞ്ഞിയും കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകളും വയലിൻ വായനയിലൂടെ ശ്രദ്ധേയായ കുമാരി ഗംഗ ശശിധരന്റെ പ്രകടനവും ഉത്സവത്തിന്റെ മാറ്റുകൂട്ടി.