അയർലൻഡിൽ മേയ്ദിനാഘോഷം: മുഖ്യാതിഥിയായി മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
ജെയ്സൺ കിഴക്കയിൽ
Wednesday, April 30, 2025 1:01 PM IST
ഡബ്ലിൻ: തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമദിനമായി ലോകമെങ്ങും മേയ്ദിനം ആഘോഷിക്കുമ്പോൾ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ മേയ്ദിന പരിപാടികൾ അയർലൻഡിൽ സംഘടിപ്പിക്കുന്നു.
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം. ബി. രാജേഷ് ക്രാന്തി അയർലൻഡിന്റെ മേയ്ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
മേയ് രണ്ടിന് വൈകുന്നേരം ആറിനാണ് കിൽകെന്നിയിൽ പരിപാടികൾ ആരംഭിക്കുന്നത്. കില്ക്കെനിയിലെ ഒ ലൗഗ്ലിൻഗയിൽ ജിഎഎ ക്ലബാണ് ഇത്തവണത്തെ മേയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്.
അന്താരാഷ്ട്ര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് മലയാളിയുടെ ജനകീയ പാട്ടു പാരമ്പര്യത്തിന്റെ മുഖമായ പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറും.
ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
മേയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.