"ഹാരോ ലെഷർ പാർക്ക്' ഒരുങ്ങി; സേവ്യർഖാൻ നയിക്കുന്ന ലണ്ടൻ കൺവൻഷൻ നവംബർ 4 ന്
Monday, October 22, 2018 8:24 PM IST
ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ "സുവിശേഷവേല'യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും പരിശുദ്ധാത്മ കൃപാവരങ്ങൾ കൊണ്ടു നിറയ്ക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവൻഷനുകൾ ലണ്ടൻ റീജണൽ കൺവൻഷനോടെ നവംബർ 4 നു സമാപിക്കും.

ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മധ്യസ്ഥ പ്രാർഥനകളും ഉപവാസങ്ങളും അഖണ്ഡ ജപമാലകളും വിശുദ്ധ കുർബാനകളും പ്രാർഥന മഞ്ജരികളും ആയി ഈശ്വര ചൈതന്യത്തിൽ പൂരിതമായ ലണ്ടൻ കൺവൻഷൻ ഹാരോ ലെഷർ പാർക്കിൽ വലിയ അദ്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഇതൊരു സുവർണാവസരം ആവും.

നവംബർ 4 നു (ഞായർ) രാവിലെ ഒന്പതിനു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷൻ തിരുവചന ശുശ്രുഷകളും വിശുദ്ധ കുർബാനയും ആരാധനയും അദ്ഭുത സാക്ഷ്യങ്ങളും ഗാന ശുശ്രൂഷകളോടെ വൈകുന്നേരം അഞ്ചിനു സമാപിക്കും.

കുട്ടികളുടെ ശുശ്രുഷകൾക്കു സെഹിയോൻ യു കെ മിനിസ്ട്രിയുടെ ഡയറക്ടർ ഫാ. സോജി ഓലിക്കലും ടീമും നേതൃത്വം നൽകും.

ഇതര ആഘോഷങ്ങൾക്ക് മാത്രം ആരവങ്ങൾ കേട്ട് തഴമ്പിച്ച "ഹാരോ ലെഷർ പാർക്ക്' ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വർഗീയനാദം കൊണ്ട് നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും.

നിയന്ത്രിത പാർക്കിങ് സൗകര്യങ്ങൾ ആണ് ധ്യാന വേദിക്കുള്ളത്. തൊട്ടടുത്തു തന്നെയായി മറ്റൊരു പേ പാർക്കിങ് സംവിധാനവും ഉണ്ട്.

ഏവരെയും സ്നേഹ പൂർവം കൺവൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി മോൺ. ഫാ.തോമസ് പാറയടിയിൽ, കോഓർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര എന്നിവർ അറിയിച്ചു.

ഷാജി (വാട്‌ഫോർഡ്‌) 07737702264, തോമസ് ആന്‍റണി 07903867625, ജോമോൻ (ഹെയർഫീൽഡ്) 07804691069

Harrow Leisure Centre, Christchurch Avenue, Harrow, HA3 5BD.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ