മാസിഡോണിയയുടെ പേരു മാറ്റാൻ പാർലമെന്‍റ് തീരുമാനം
Monday, October 22, 2018 11:25 PM IST
ഏതൻസ്: മാസിഡോണിയയുടെ പേര് നോർത്ത് മാസിഡോണിയ എന്നു മാറ്റാനുള്ള പ്രമേയം രാജ്യത്തെ പാർലമെന്‍റ് അംഗീകരിച്ചു.

പേരു മാറ്റിയാൽ അയൽരാജ്യമായ ഗ്രീസുമായുള്ള തർക്കങ്ങൾ അവസാനിക്കും. വോട്ടെടുപ്പിനെ ചരിത്രപരം എന്നാണ് ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിശേഷിപ്പിച്ചത്.

1991ൽ യുഗോസ്ളാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാസിഡോണിയയെന്ന പേര് സ്വീകരിച്ചതോടെയാണ് ഗ്രീസുമായുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഗ്രീസിന്‍റെ വടക്കൻ പ്രവിശ്യയുടെ പേരും മാസിഡോണിയയെന്നതാണ് തർക്കത്തിനാധാരം. മാസിഡോണിയ പേരു മാറ്റണമെന്ന ആവശ്യം യഥാർഥത്തിൽ തെക്കേ അതിർത്തി പങ്കിടുന്ന ഗ്രീസിന്‍റേതാണ്. ആ രാജ്യം ഈ പേരിൽ തുടരുന്നത് തങ്ങളുടെ അധീനതയിലുള്ള മാസിഡോണിയ പ്രദേശത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഗ്രീസിന്‍റെ വാദം കഴന്പുള്ളതായിരുന്നു.

സെപ്റ്റംബറിൽ രാജ്യത്ത് നടന്ന ഹിതപരിശോധനയിൽ 90 ശതമാനത്തിലധികം പേരും പേരു മാറ്റത്തെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.

പേരു മാറ്റിയാൽ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വത്തിനു വഴി തുറന്നു കിട്ടുമെന്നാണ് മാസിഡോണിയൻ സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒരു കാരണവശാലും പേരു മാറ്റം അംഗീകരിക്കരുതെന്നാണ് രാജ്യത്തെ തീവ്ര ദേശീയവാദികളുടെ ആഹ്വാനം ഏതായാലും ഭൂരിപക്ഷം ജനതയും തള്ളിക്കളഞ്ഞു. അതേസമയം, ഹിതപരിശോധനയിൽ കാര്യമായ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഫലം അനുകൂലമായി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാസിഡോണിയൻ പ്രസിഡന്‍റ് പോലും ആഹ്വാനം ചെയ്തിരുന്നതും ഇതോടെ അസ്ഥാനത്തായി.

സ്കോപ്യെയാണ് രാജ്യത്തിന്‍റെ തലസ്ഥാനം. ഒൗദ്യോഗിക ഭാഷ മാസിഡോണിയൻ ആണെങ്കിലും അൽബാനിയൻ, തുർക്കിഷ്, റൊമാനി, സെർബിഷ് എന്നീ നാലു ഭാഷകൾ പ്രാദേശികമായി ഉപയോഗത്തിലുണ്ട്. 2,2 മില്യണ്‍ ജനതയാണ് രാജ്യത്തുള്ളത്. മാസിഡോണിയൻ ദെനാർ(എംകെഡി) ആണ് രാജ്യത്തെ കറൻസി.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ