ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും ബ്രസൽസിൽ
Wednesday, February 20, 2019 11:12 PM IST
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വീണ്ടും ബ്രസൽസിലെത്തി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഴാങ് ക്ലോദ് ജങ്കറുമായി ചർച്ച നടത്തുകയാണ് പ്രധാന ലക്ഷ്യം.

ബ്രെക്സിറ്റ് പിൻമാറ്റ കരാറിൽ വരുത്തിയ ഭേദഗതികൾക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗീകാരം നേടിയെടുക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ദൗത്യം. ചർച്ചകളിലെ പുരോഗതി സംബന്ധിച്ച് ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ നേരത്തെ ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് വിശദീകരണം നൽകിയിരുന്നു.

ഐറിഷ് അതിർത്തി സംബന്ധിച്ച വ്യവസ്ഥയിലാണ് പ്രധാന ഭേദഗതി. ഇതെക്കുറിച്ചുള്ള ചർച്ച ഫലപ്രദമെന്നാണ് ബാർക്ലേ അവകാശപ്പെടുന്നത്. എന്നാൽ, കാര്യങ്ങൾ ആശങ്കാജനകമാണെന്നാണ് യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്ന് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയർ പ്രതികരിച്ചത്.

വ്യാഴാഴ്ച ബ്രസൽസിൽ പോയി ബാർനിയറെ കാണുമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് നിർദേശങ്ങൾ സംബന്ധിച്ച ലേബർ പാർട്ടിയുടെ നിലപാട് അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ