ഒസിഐ കാര്‍ഡ് പുതുക്കല്‍: നിബന്ധനകളില്‍ ഭേദഗതി വേണമെന്ന് തോമസ് ചാഴികാടന്‍ എംപി
Friday, July 19, 2019 10:24 PM IST
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പിച്ചു നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് (ഒസിഐ കാര്‍ഡ്) പുതുക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഇന്നലെ ഈ വിഷയം ഉന്നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് 50 വയസാകുമ്പോള്‍ ഇത് പുതുക്കുകയും ആവശ്യമായ രേഖകള്‍ എല്ലാം തന്നെ വീണ്ടും നല്‍കേണ്ടതായും വരും. ഇത് പ്രായമായവരെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുളവാക്കുന്നതാണ്.

നിലവില്‍ ഒസിഐ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും രേഖകളും നിലവില്‍ സര്‍ക്കാരിന്‍റെ കൈവശമുള്ളതുതന്നെയാണ്. എന്നാല്‍, കാര്‍ഡ് പുതുക്കുന്ന സമയത്ത് ഇത് വീണ്ടും സമര്‍പ്പിക്കണം എന്ന നിബന്ധന അനാവശ്യവും സമയനഷ്ട മുണ്ടാക്കുന്നതാണെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തി നിബന്ധനകളില്‍ വേണ്ട ഭേദഗതി വരുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒസിഐ കാര്‍ഡ് പുതുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തോമസ് ചാഴികാടന്‍ എംപി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരനെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. പ്രശ്‌നം പരിശോധിച്ചു വേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ