എബോള പ്രതിരോധ മരുന്ന് വിജയം കാണുന്നു
Wednesday, August 14, 2019 9:23 PM IST
ബർലിൻ: എബോള വൈറസിനു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം വിജയം കാണുന്നു. രണ്ടു മരുന്നുകൾ 90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗവേഷകർ അവകാശപ്പെട്ടു.

എബോള പടർന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകൾ പരീക്ഷിച്ചത്. രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താൽ രോഗബാധയുണ്ടായ 90 ശതമാനംപേരെ രക്ഷിക്കാനാകുമെന്നും ഗവേഷണം നടത്തിയ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പറഞ്ഞു. ആർഇജി എൻ-ഇബി3, എംഎബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് തെളിഞ്ഞത്.

ഈ മരുന്നുപയോഗിച്ച രോഗികളിൽ മരണനിരക്ക് താഴേക്കുകൊണ്ടുവരാനായിട്ടുണ്ടെന്നും എൻഐഎച്ചിന്‍റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ ആന്‍റണി ഫൗസി പറഞ്ഞു. എബോളയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആദ്യമരുന്നുകളാണിത്. പരീക്ഷണഫലം സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2018 ഓഗസ്റ്റു മുതൽ കോംഗോയിൽ എബോള ബാധിച്ച് ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ