അമിതവണ്ണം തടയാൻ ഷുഗർ ടാക്സ്
Tuesday, October 8, 2019 9:18 PM IST
ബർലിൻ: കുട്ടികളിലെ പൊണ്ണത്തടി തടയുന്നതിന് രാജ്യത്ത് ഷുഗർ ടാക്സ് ഏർപ്പെടുത്തണമെന്ന് ജർമനിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘടന ആവശ്യപ്പെട്ടു.

ഇതൊരു ഫലപ്രദമായ മാർഗമാണെന്ന് പല രാജ്യങ്ങളിലും തെളിഞ്ഞിട്ടുണ്ടെന്നും പ്രഫഷണൾ അസോസിയേഷൻ ഓഫ് പീഡിയാട്രീഷ്യൻസ് ആൻഡ് യൂത്ത് ഫിസിഷ്യൻസ് പ്രസിഡന്‍റ് തോമസ് ഫിഷ്ബാച്ച് അവകാശപ്പെടുന്നു.

ഷുഗർ ടാക്സ് വഴിയുണ്ടാകുന്ന വിലവർധന മധുരമുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയാൻ കാരണമാകുമെന്നാണ് വാദം. അതിമധുരമുള്ള പാനീയങ്ങളുടെ വിൽപ്പന ഇത്തരത്തിൽ പല രാജ്യങ്ങളിലും കുറഞ്ഞിട്ടുള്ളതായും സംഘടന ചൂണ്ടിക്കാട്ടുന്നു.

ആൽക്കഹോളിക് പാനീയങ്ങളിൽ മധുരം ചേർക്കുന്നതിന് ജർമനിയിൽ നിലവിൽ നികുതി നിലവിലുള്ളതുമാണ്. 2004ൽ ഇത് ഏർപ്പെടുത്തിയതു മുതൽ ഇത്തരം പാനീയങ്ങളുടെ വിൽപ്പനയിൽ 80 ശതമാനം കുറവുണ്ടായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ