യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേള റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും
Thursday, October 10, 2019 7:42 PM IST
ലണ്ടൻ: യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ന് (ശനി) തുടക്കം കുറിക്കും. സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേള റെഡിംഗ് മലയാളി അസോസിയേഷന്‍റെ ആതിഥേയത്വത്തില്‍ റെഡിംഗിലെ ആബി സ്കൂളിലും നോര്‍ത്ത് വെസ്റ്റ് റീജണൽ കലാമേള ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി പാരിഷ് ഹാളിലുമാവും അരങ്ങേറുക. സൗത്ത് ഈസ്റ്റ് റീജണൽ കലാമേള റോജി. എം.ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കേരളത്തിന് പുറത്ത് സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ചുകഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ് ലാൻഡ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്ക്കോട്ട്ലാൻഡ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു.

സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്‍റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ അതിഥികളായി പങ്കെടുക്കും.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള സ്പോൺസർ ചെയ്തിരിക്കുന്നത് അലൈഡ് ഫിനാൻഷ്യൽ സർവീസ്, ലെജെൻഡ് സോളിസിറ്റേഴ്സ്, വോസ്റ്റെക് നഴ്സിംഗ് ഏജൻസി, സീകോം അക്കൗണ്ടന്‍റ് ഏജൻസി, സാം ട്രാവൽസ്, കോക്കനട്ട് ലഗൂൺസ് തുടങ്ങിയ സ്ഥാപനങ്ങളാണ്.