മാഞ്ചസ്റ്റർ ക്നാനായ മിഷനിൽ തിരുനാൾ
Friday, October 11, 2019 9:32 PM IST
മാഞ്ചസ്റ്റർ: യൂറോപ്പിലെ ആദ്യ ക്നാനായ മിഷനായ സെന്‍റ് മേരീസ് ക്നാനായ മിഷനിൽ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്‍റെ തിരുനാൾ ഒക്ടോബർ 12 ന് (ശനി) ആഘോഷിക്കുന്നു. നോർത്തെൻഡനിലെ സെന്‍റ് ഹിൽഡാസ് ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

രാവിലെ 10 നു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി മുഖ്യകാർമികനാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾമാരായ ഫാ.സജി മലയിൽ പുത്തൻപുരയിൽ, ഫാ.ആന്‍റണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്നാനായ വൈദികർ മാഞ്ചസ്റ്ററിലുള്ള മറ്റു സീറോ മലബാർ വൈദികർ തുടങ്ങിയവർ സഹകാർമികരാകും.

ഉച്ചകഴിഞ്ഞ് 2 ന് വിഥിൻഷോ ഫോറം സെന്‍ററിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടക്കും. മാർ ജോസഫ് പണ്ടാരശേരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്നു സൺഡേ സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെസിവൈഎൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവിൽ മനോരമ, കൈരളി ചാനൽ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോൾ, അറഫത്ത് കടവിൽ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു. തിരുനാളിന്‍റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശേരി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്