സ്വീഡനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നികുതി
Tuesday, October 22, 2019 9:28 PM IST
സ്റ്റോക്ക്ഹോം: സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വീഡനിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. പ്ലാസ്റ്റിക് ബാഗുകളുടെ വില ഇരട്ടിയാക്കുന്ന തരത്തിലുള്ള നികുതി നിർദേശമാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.

2-3 ക്രോണർ വില വരുന്ന ബാഗുകൾക്ക് മൂന്നു ക്രോണർ നികുതിയാണ് ചുമത്തുക. ഗ്രോസറി സ്റ്റോറുകൾ സൗജന്യമായി നൽകിവരുന്ന ലൈറ്റ് വെയ്റ്റ് ബാഗുകൾക്ക് 0.30 ക്രോണറും നികുതി ചുമത്തും.

ഈ ബാഗുകൾ ഇറക്കുമതി ചെയ്യുന്നവർ, അല്ലെങ്കിൽ നിർമിക്കുന്നവരാണ് നികുതി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. എന്നാൽ, ഈ അധിക തുക ബാഗിന്‍റെ വിലയിൽ ചുമത്തപ്പെടും എന്നതിനാൽ ആത്യന്തികമായി ഉപയോക്താക്കൾ തന്നെയാണ് കൂടുതൽ ഭാരം വഹിക്കാൻ നിർബന്ധിതരാകുക.

ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നിലവിൽ പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം തീർത്തും ഒഴിവാക്കി വരികയാണ്. കടകളിൽ മുൻപ് സൗജന്യമായി ലഭിച്ചിരുന്ന പ്ളാസ്റ്റിക് കാരി ബാഗുകൾക്ക് ഇപ്പോൾ ചാർജ് ഈടാക്കുന്നതുകൊണ്ട് ഉപഭോക്തക്കൾ സ്വന്തമായി ബാഗുകൾ കൊണ്ടുനടക്കുക പതിവാണ്. പരിസ്ഥിതി മലിനീകരണം തീരെ ഇല്ലാതാക്കാനുള്ള പുറപ്പാടിലാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ